Image: Manorama

Image: Manorama

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വിധി വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ നടന്‍ വിജയ്​യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം റിസോര്‍ട്ട് രാഷ്ട്രീയത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. തമിഴ്നാട്ടിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യമുണ്ടാകാൻ സാധ്യതയുണ്ടെന്ന എക്‌സിറ്റ് പോൾ ഫലങ്ങളുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു നീക്കമെന്നാണ് സൂചന. തങ്ങളുടെ എംഎൽഎമാരെ സംരക്ഷിക്കുന്നതിനും മറ്റു പാര്‍ട്ടികള്‍ സ്വാധീനിക്കാതിരിക്കാനും ടിവികെ റിസോര്‍ട്ട് ബുക്ക് ചെയ്തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മഹാബലിപുരത്തിനടുത്തുള്ള പൂഞ്ചേരിയിലെ ഒരു റിസോർട്ടിലേക്കാണ് വിജയിക്കുന്ന സ്ഥാനാര്‍ഥികളെ മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായുള്ള എല്ലാ സൗകര്യങ്ങളും റിസോര്‍ട്ടില്‍ ഒരുക്കിക്കഴിഞ്ഞതായാണ് വിവരം. കുറഞ്ഞത് 100 സ്ഥാനാർഥികളെയെങ്കിലും താമസിപ്പിക്കാൻ സൗകര്യമുള്ള റിസോർട്ട് സജ്ജമാക്കാനാണ് വിജയ് ഭാരവാഹികൾക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. തിരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ വിജയിക്കുന്ന സ്ഥാനാർഥികൾ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് എത്തണമെന്നും പാര്‍ട്ടി അധ്യക്ഷന്‍ വിജയ് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തൂക്കുമന്ത്രിസഭ വാരാനുളള സാഹചര്യം കണക്കിലെടുത്ത് തങ്ങളുടെ സ്ഥാനാര്‍ഥികളെ സുരക്ഷിതമായി ഒപ്പം നിര്‍ത്താനാണ് ടിവികെയുടെ തീരുമാനം. 'ജയിച്ചുകഴിഞ്ഞാൽ എങ്ങോട്ടും പോകരുത്' എന്ന് വിജയ് സ്ഥാനാര്‍ഥികളോട് തമാശരൂപേണ പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വോട്ടെണ്ണൽ ദിവസം ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സുരക്ഷ വർധിപ്പിക്കാനുളള മുന്നൊരുക്കങ്ങളും ടിവികെയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ENGLISH SUMMARY:

Tamil Nadu election results are expected to lead to resort politics by Actor Vijay's party, Thalapathy Vijay's TVK, due to potential hung assembly scenarios predicted by exit polls. This move is aimed at safeguarding their elected MLAs and preventing external influence.