ഭാരത സർക്കാർ ഉത്പന്നം എന്ന ചിത്രത്തിന് പിന്നാലെയുണ്ടായ സാമ്പത്തിക ബാധ്യതകള്‍ തുറന്നു പറഞ്ഞ് നടന്‍ സുബീഷ് സുബി. സിനിമയുടെ ഭാഗമായുള്ള കടങ്ങള്‍ വീട്ടാന്‍ ശ്രമിച്ചെന്നും നടക്കാതെ വല്ലാത്ത അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്നും വീട് ജപ്തിയിലാണെന്നും സുധീഷ് ഫെയ്സബുക്ക് പോസ്റ്റില്‍ കുറിച്ചു. സുബീഷും  സുഹൃത്തുകളും ചേർന്ന് നിര്‍മിച്ച സിനിമയാണ് ഭാരത സർക്കാർ ഉത്പന്നം. 2024 മാർച്ച്‌ എട്ടിനാണ് ചിത്രം റിലീസ് ചെയ്തത്. പ്രേമലുവും മഞ്ഞുമ്മൽ ബോയിസും തിയേറ്റർ നിറഞ്ഞു നിൽക്കുന്ന സമയത്തായിരുന്നു റിലീസ്. 

നോമ്പ് മാസവും പരീക്ഷാ കാലവുമായിട്ടും പ്രതികൂല കാലാവസഥയിലും പടം കണ്ടവർ നല്ല അഭിപ്രായം പറഞ്ഞു. ഭാഗ്യകേട് കൊണ്ട് ആ സിനിമ സാമ്പത്തികമായി വിജയിച്ചില്ലെന്നും സുബീഷ് എഴുതി. സിനിമയ്ക്കായി ഫണ്ട് നല്‍കിയവര്‍ കേസ് കൊടുത്തു. ഇത് വാറണ്ടായെന്നും എപ്പോള്‍ വേണമെങ്കിലും ജയിലില്‍ പോകേണ്ട അവസ്ഥയാണെന്നും സുബീഷ് സുബി എഴുതി. 'ഫോണിലേക്ക് പൈസ കൊടുക്കാനുള്ളവരുടെ ഫോൺ മാത്രമേ വരുന്നുള്ളൂ. നല്ല കാലത്ത് കൂടെ ഉണ്ടായവർ ഫോൺ പോലും എടുക്കാതായി. പിടിച്ചു നില്കാനാവാതെ രണ്ടു തവണ ജീവനൊടുക്കാന്‍ വരെ ശ്രമിച്ചു. എന്നെ ദൈവത്തിനു പോലും വേണ്ട' സുബീഷ് എഴുതി. 

'സിനിമ വിൽക്കാൻ ബോംബയിൽ പോയി അവിടെ കുറെ ഏജന്‍റുമാര്‍ പൈസ വാങ്ങി പറ്റിച്ചു. സിനിമ തിയേറ്ററിൽ എത്തിക്കാൻ ശ്രമിച്ച സതീഷേട്ടനും വർക്കിച്ചനും സാമ്പത്തിക ബാധ്യതയിൽ ആണ്. പ്രൊഡ്യൂസർമാറും സമാന അവസ്ഥയിൽ ആണ്. ഒരു അടിപോലും മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥ ആണ്. എന്തു ചെയ്യണമെന്നറിയില്ല, ആരെങ്കിലും സഹായിക്കുമോ എന്നറിയില്ല, പക്ഷേ പ്രതീക്ഷയുണ്ട്. അതിജീവനത്തിന്റെ വീര ഇതിഹാസം രചിച്ച കേരളമേ കൂടെ ഉണ്ടാകണം. കൈവിടരുത്, കനിവ് ഉണ്ടാകണം', എന്നു പറഞ്ഞാണ് സുബീഷ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം,

വലിയ സ്വപ്നങ്ങൾക്ക് പുറകെ പോയി ജീവിതം മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയിൽ ആണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടുന്നത്. ഒരു ജൂനിയർ ആർടിസ്റ്റ് ആയി വന്ന ഞാൻ 80 ഓളം സിനിമകളിൽ അഭിനയിച്ചു. ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന പടത്തിൽ നായകനായി. ഞാനും എന്റെ സുഹൃത്തുകളും ചേർന്നാണ് നിർമ്മിച്ചത്. 2024 മാർച്ച്‌ 8 പ്രേമലുവും മഞ്ഞുമ്മൽ ബോയിസും തിയേറ്റർ നിറഞ്ഞു നിൽക്കുന്ന സമയം ആയിരുന്നു. പിന്നെ നോമ്പ് മാസവും എക്സാമും ആയിരുന്നു. പ്രതികൂല കാലാവസഥയിലും പടം കണ്ടവർ നല്ല അഭിപ്രായം ആണ് പറഞ്ഞത്. എല്ലാം റിവ്യൂവേഴ്സും നല്ല സിനിമ ആണ് എന്ന് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ 5 ൽ 4 സ്റ്റാർ തന്നു. എന്റെ ഭാഗ്യകേട് കൊണ്ട് ആ സിനിമ സാമ്പത്തികമായി വിജയിച്ചില്ല.

സിനിമ ഇറങ്ങുന്നതിനു മുന്നേ പ്രശ്നങ്ങൾ ആയിരുന്നു. ഒരു ഭാരത സർക്കാർ ഉത്പന്നം സിനിമയുടെ പേരിൽ നിന്ന് ഭാരതം സെൻസർ ബോർഡ്‌ കട്ട്‌ ചെയ്തു. റിലീസിന് രണ്ടു ദിവസം മുന്നേ തിരക്കഥകൃത്തു നിസാംക്ക മരണപെട്ടു. പിന്നേ ഈ സിനിമ വിൽക്കാൻ ബോംബയിൽ പോയി അവിടെ കുറെ ഏജന്‍റുമാർ പൈസ വാങ്ങി പറ്റിച്ചു എന്നല്ലാതെ ഒന്നും നടന്നില്ല.

ഞാൻ നേരായ വഴിയിൽ പൈസ ഉണ്ടാക്കി ഈ സിനിമയുടെ കടം വിട്ടാൻ ഒരുപാടു ശ്രമിച്ചു. അതും നടക്കാതെ പോയി ഞാൻ വല്ലാത്ത അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത്. എന്റെ വീട് ജപ്തിയിൽ ആണ്. സിനിമയ്ക്കു വേണ്ടി ഫണ്ട്‌ തന്നവർ എനിക്കു എതിരെ കേസ് കൊടുത്തു. അത് വാറണ്ട് ആയി. എന്നെ എപ്പോൾ വേണമെങ്കിലും ജയിലിൽ ഇടുന്ന അവസ്ഥയിൽ ആണ്. ഇപ്പോൾ എന്റെ ഫോണിലേക്കു പൈസ കൊടുക്കാനുള്ളവരുടെ ഫോൺ മാത്രമേ വരാറുള്ളൂ. എന്റെ നല്ല കാലത്ത് കൂടെ ഉണ്ടായവർ എന്റെ ഫോൺ പോലും എടുക്കാതായി. ഒരു ദിവസം 40ഓളം കാളുകൾ ആണ് വരുന്നത് കടകാരുടേത്.

പിടിച്ചു നില്കാനാവാതെ രണ്ടു തവണ ആത്മഹത്യയ്ക്കു വരെ ശ്രമിച്ചു. എന്നെ ദൈവത്തിനു പോലും വേണ്ട. സൂയിസൈഡ് ശ്രമത്തിന് മുന്നേ ഞാൻ രണ്ടു മൂന്ന് സുഹൃത്തുക്കൾക്ക് മെസ്സേജ് അയച്ചിരുന്നു. അവരിൽ ആരോ കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണറെ അറിയിക്കുകയും എന്നെ അവിടെ നിന്ന് വിളിപ്പിക്കുകയും ചെയ്തു. അശ്വതി മാഡം എന്റെ അവസ്ഥ നേരിട്ട് മനസിലാക്കുകയും നിങ്ങളെ ആരെങ്കിലും സഹായിക്കാതിരിക്കില്ല ജീവിതത്തിൽ ധൈര്യമായി മുന്നോട്ടുപോകൂ എന്നു പറഞ്ഞ് എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു.

ഈ നല്ല സിനിമ തിയേറ്ററിൽ എത്തിക്കാൻ ശ്രമിച്ച സതീഷേട്ടനും വർക്കിച്ചനും സാമ്പത്തിക ബാധ്യതയിൽ ആണ്. എന്റെ പടത്തിന്റെ പ്രൊഡ്യൂസർമാറും സമാന അവസ്ഥയിൽ ആണ്. ഒരു അടിപോലും മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥ ആണ്. എന്തു ചെയ്യണമെന്നറിയില്ല, ആരെങ്കിലും സഹായിക്കുമോ എന്നറിയില്ല, പക്ഷേ പ്രതീക്ഷയുണ്ട്. അതിജീവനത്തിന്റെ വീര ഇതിഹാസം രചിച്ച കേരളമേ കൂടെ ഉണ്ടാകണം. കൈവിടരുത്, കനിവ് ഉണ്ടാകണം.

ENGLISH SUMMARY:

Actor and producer Sudheesh Subi has shared a heart-wrenching post on Facebook detailing the severe financial crisis following the release of his film, 'Bharatha Sarkar Ulpannam'. Despite positive reviews, the movie failed commercially as it debuted alongside major hits like 'Premalu' and 'Manjummel Boys' during a challenging period of exams and fasting. Facing legal warrants, the threat of imprisonment, and the potential seizure of his home, Sudheesh revealed that he has attempted to end his life twice due to the overwhelming pressure from creditors. He has appealed to the people of Kerala for support and mercy, stating that he and his fellow producers are at a dead end with no means to move forward.