"വാലിന്മേൽ പൂവും വാലിട്ടെഴുതിയ വേൽമുനക്കണ്ണുമായ് വന്ന വേശുക്കിളി മകളേ..." പവിത്രം സിനിമയിലെ ഈ ഗാനരംഗം പ്രേക്ഷകരുടെ ഹൃദയം കവർന്നത് ഒരു മനോഹരമായ കഥാസന്ദർഭത്തിലൂടെയാണ്. ശ്രീവിദ്യയുടെ കഥാപാത്രം രണ്ട് മുതിർന്ന മക്കളുടെ അമ്മയാണ്. ആ അമ്മ വീണ്ടും ഗർഭിണിയാകുമ്പോൾ ഇളയ മകന്റെ വേഷത്തിലെത്തിയ മോഹൻലാലിന്റെ സന്തോഷമാണ് ഗാനരംഗത്തിന്റെ കാതൽ. താൻ ഗർഭിണിയാണെന്നറിഞ്ഞ് തന്നെ കാണാനെത്തുന്ന മക്കളെ അഭിമുഖീകരിക്കാനാവാതെ അൽപം നാണത്തോടെ മാറിനിൽക്കുന്ന അമ്മ. മാമ്പഴം കഴിക്കാനാഗ്രഹിക്കുന്ന, വിളക്കിന്റെ കരിയിൽനിന്ന് കണ്ണെഴുതുന്ന, മുറ്റമടിക്കാനും അരിയിടിക്കാനും നന്നേ പാടുപെടുന്ന ഒരമ്മ... ശ്രീവിദ്യ എന്ന പേരിലെ എല്ലാ ശ്രീയും സൗന്ദര്യത്തിലും കലയിലും ചേർത്തുനിർത്തിയ കലാകാരി. അവർ പകർന്നാടിയ എത്രയെത്ര കഥാപാത്രങ്ങൾ! ഇന്ന് വീണ്ടും ഒരു ഒക്ടോബർ 19 കടന്നുവരുമ്പോൾ, അനശ്വര കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിൽ ഒരു തലമുറയ്ക്ക് അമ്മത്തണൽ വിരിച്ച പ്രിയപ്പെട്ട ശ്രീവിദ്യ വിടപറഞ്ഞിട്ട് രണ്ട് പതിറ്റാണ്ട് പിന്നിടുകയാണ്. Also Read: സ്വര്‍ണ വില കുറയും; വമ്പന്‍ പ്രവചനം നടത്തി ജോയ് ആലുക്കാസ്; ഇന്നത്തെ വില ഇങ്ങനെ
"അമ്മത്തിരുവയറിനുള്ളിൽ കുറുകണ് കുഞ്ഞരിപ്രാവ്, കുഞ്ഞമ്മണിപ്രാവ്" എന്ന് ഒ.എൻ.വി. വരികൾ കുറിച്ചപ്പോഴും ശരത്തിന്റെ സംഗീതത്തിൽ എം.ജി. ശ്രീകുമാർ പാടിയപ്പോഴും അതിൽ മാതൃവാത്സല്യം നിറഞ്ഞ ശ്രീവിദ്യയിലെ അമ്മയെ പ്രേക്ഷകർ കണ്ടു. എന്നാൽ, ജീവിതത്തിൽ അമ്മയാകാനുള്ള മോഹം നഷ്ടസ്വപ്നമായി, വിങ്ങുന്ന വേദനയായി അവർ അവസാനകാലം വരെ മനസ്സിൽ സൂക്ഷിച്ചു. പേരിലെ ശ്രീ കലാജീവിതത്തിൽ നിറഞ്ഞുനിന്നെങ്കിലും സ്വകാര്യജീവിതത്തിൽ അതിന്റെ ഐശ്വര്യം അനുഭവിക്കാനായില്ല. പോരടിച്ചും പിരിഞ്ഞും ജീവിച്ച മാതാപിതാക്കളെക്കുറിച്ചുള്ള ഓർമകളായിരുന്നു ബാല്യകാലത്തെ നിറച്ചത്. പിന്നീട് അമ്മ മാത്രമായിരുന്നു ആ ജീവിതത്തിലെ കൂട്ട്.
സിനിമയുടെ വെള്ളിവെളിച്ചത്തിൽ മാത്രമാണ് സ്വപ്നങ്ങൾ നേടിയെടുക്കുന്ന വിജയനായികയാകാൻ ശ്രീവിദ്യയ്ക്ക് കഴിഞ്ഞത്. വ്യക്തിജീവിതത്തിൽ ജീവനോളം ചേർത്തുനിർത്തിയ പ്രണയം പോലും തിരസ്കരിക്കപ്പെട്ടവളായിരുന്നു അവർ. കമൽഹാസനുമായുള്ള പ്രണയവും പ്രണയഭംഗവുമെല്ലാം ശ്രീവിദ്യ തന്നെ പലകുറി തുറന്നുപറഞ്ഞിട്ടുണ്ട്. തന്നുമായുള്ള വിവാഹത്തിനു മുൻപ് സംവിധായകൻ ഭരതന് ശ്രീവിദ്യയോട് പ്രണയമുണ്ടായിരുന്നെന്ന് പറഞ്ഞത് കെ.പി.എ.സി. ലളിതയാണ്. അങ്ങനെ നഷ്ടപ്പെട്ട സ്വപ്നങ്ങളും കൊഴിഞ്ഞുവീണ പ്രണയദിനങ്ങളും അവർക്ക് സമ്മാനിച്ചത് ദുരന്തപര്യവസായിയായ കുടുംബജീവിതം. സ്നേഹിച്ചവരെല്ലാം നിരാശപ്പെടുത്തിയെന്നും വിശ്വസിച്ചവരെല്ലാം ചതിച്ചെന്നും പറയേണ്ടിവന്ന ജീവിതം. സ്വത്ത് മാത്രം ലക്ഷ്യമിട്ട് ജീവിതത്തിലേക്ക് കടന്നുവന്നവരെപ്പോലും ആ മനസ്സിന് തിരിച്ചറിയാനാവാതെ പോയി.
ഒരു അമ്മയാകാനുള്ള അവസരം നിഷേധിക്കപ്പെട്ടെങ്കിലും എക്കാലവും മനസ്സിൽ ചേർത്തുവയ്ക്കാൻ ഒരുപിടി അമ്മക്കഥാപാത്രങ്ങളെ അവർ മലയാളികൾക്ക് സമ്മാനിച്ചു. ജന്മംകൊണ്ട് തമിഴ്നാട്ടുകാരിയാണെങ്കിലും കാഴ്ചയിലും അഭിനയത്തിലും ശ്രീവിദ്യ മലയാളിയായിരുന്നു. മലയാളം പഠിച്ചെടുത്ത് തമിഴ് ചുവയില്ലാതെ അസലായി അവർ സ്വന്തം കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി. തമിഴിനേക്കാൾ മികച്ച കഥാപാത്രങ്ങളെ മലയാളത്തിൽ അവതരിപ്പിച്ചു. നാല് പതിറ്റാണ്ടോളം നീണ്ട സിനിമാജീവിതത്തിൽ പലതരം വൈകാരികഭാവങ്ങൾ പകർന്നാടിയ നിരവധി വേഷങ്ങൾക്ക് അവർ ജീവനേകി.
കാറ്റത്തെ കിളിക്കൂടിൽ സന്തുഷ്ടയായ ഭാര്യയും നാല് കുട്ടികളുടെ അമ്മയുമായ കുടുംബിനിയാണ് ശ്രീവിദ്യ. വെറുപ്പോ സഹതാപമോ തോന്നേണ്ടതെന്ന് പ്രേക്ഷകരെക്കൊണ്ട് ചിന്തിപ്പിച്ച കഥാപാത്രമായിരുന്നു ആദാമിന്റെ വാരിയെല്ലിലെ, മക്കളോട് വൈകാരികമായി അകന്നുനിൽക്കുന്ന അമ്മ ആലീസ്. സ്വന്തം മാതൃത്വം മറച്ചുവച്ച് ജീവിക്കേണ്ടിവരുന്ന എന്റെ സൂര്യപുത്രിയിലെ പ്രശസ്ത ഗായിക വസുന്ധരയും നിംഫോമാനിയാക് ആയ ഇരകളിലെ ആനിയും, നഷ്ടപ്പെട്ട മകനെ തിരികെ ലഭിക്കുമ്പോൾ അവൻ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം വിട്ടുകൊടുക്കുന്ന കാബൂളിവാലയിലെ അമ്മയും, മരിച്ചുപോയ സഹോദരൻ അനന്തുവായി ജീവിക്കേണ്ടിവരുന്ന കിച്ചുവിനോട് "ആരു പോയാലും അമ്മയ്ക്ക് ഒരുപോലെയല്ലേ, അമ്മയ്ക്ക് എല്ലാമറിയാം..." എന്നു പറയുന്ന രണ്ടാം ഭാവത്തിലെ അമ്മയുമെല്ലാം മാതൃമനസ്സിന്റെ പല തലങ്ങളിലൂടെയാണ് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയത്.
"ചിന്ന തായവൾ തന്ത രാസാവേ" എന്ന് എസ്. ജാനകിയുടെ ശബ്ദത്തിൽ ദളപതിയിലെ പാട്ട് തുടങ്ങുമ്പോൾ ഘനമേറിയ മനസ്സുമായി ഈശ്വരസന്നിധിയിലേക്ക് എത്തുന്ന ഒരമ്മയെ കാണാം. രജനികാന്ത് അവതരിപ്പിക്കുന്ന കഥാപാത്രം അമ്മയെ തിരിച്ചറിയുമ്പോഴും മകനെ തിരിച്ചറിയാനാകാതെ പോകുന്ന ശ്രീവിദ്യയുടെ അമ്മക്കഥാപാത്രം ഹൃദയസ്പർശിയാണ്. ഒടുവിൽ രജനി അവതരിപ്പിച്ച സൂര്യ തന്റെ മകനാണെന്ന് തിരിച്ചറിയുന്ന രംഗം പകരംവയ്ക്കാനാവാത്ത അഭിനയമികവുകൊണ്ട് അവർ അവിസ്മരണീയമാക്കി. ഭർത്താവ് മരിച്ചെങ്കിലും മൂന്നു പെൺകുട്ടികളെ ധൈര്യത്തോടെ വളർത്തുന്ന കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന സിനിമയിലെ അമ്മയും കമൽഹാസന്റെ അമ്മയായി അഭിനയിച്ച അപൂർവ സഹോദരങ്ങൾ എന്ന ചിത്രത്തിലെ കഥാപാത്രവുമെല്ലാം ശ്രീവിദ്യ സമ്മാനിച്ച അവിസ്മരണീയ വേഷങ്ങളാണ്. മിനിസ്ക്രീനിൽ ഓമനത്തിങ്കൾ പക്ഷി എന്ന പരമ്പരയിലെ അമ്മ പോലും ഒരുകാലത്ത് മലയാളികളുടെ മനസ്സ് കീഴടക്കി. തിരക്കഥയിലെ നാടകീയരംഗങ്ങളും സംഭാഷണങ്ങളും തന്റെ കഥാപാത്രങ്ങളിലൂടെ സ്വാഭാവികമായി അവതരിപ്പിക്കാൻ ശ്രീവിദ്യയ്ക്കു കഴിഞ്ഞു. സംഭാഷണത്തിലെ ഏറ്റക്കുറച്ചിലുകളും ശരീരഭാഷയും കൊണ്ട് ഓരോ കഥാപാത്രത്തെയും യാഥാർഥ്യത്തിന്റെ ഭാവത്തിലേക്ക് അവർ പ്രതിഷ്ഠിച്ചു.
നഷ്ടങ്ങളും വേദനകളും കണ്ണീരും നോവുമായിരുന്നു ജീവിതത്തിലുടനീളം ശ്രീവിദ്യയ്ക്കായി കാത്തിരുന്നത്. എന്നാൽ സിനിമ അവർക്ക് മരുന്നായിരുന്നു. നടിയായും നർത്തകിയായും ഗായികയായും പേരിലെ ശ്രീയെ ജീവിതത്തിലേക്ക് അവർ കൈയെത്തിപ്പിടിച്ചു. ജീവിതത്തിന്റെ സായാഹ്നവേളയിൽ, ഏറെ സ്നേഹിച്ചവനൊപ്പം മരണക്കിടക്കയിൽ ഏതാനും നിമിഷങ്ങൾ മാത്രം ചേർന്നിരിക്കാനായിരുന്നു അവരുടെ വിധി. ആഗ്രഹിച്ചതെല്ലാം കൈയെത്തും ദൂരത്ത് നഷ്ടപ്പെട്ടവൾ; എന്നാൽ ആഗ്രഹിക്കാത്തതെല്ലാം ആയിത്തീർന്നവൾ. ആ വട്ടപ്പൊട്ടും പേരുപോലെ ഐശ്വര്യം നിറഞ്ഞ മുഖവും ആ ശബ്ദവുമെല്ലാം ഇന്നും മലയാളികളുടെ ഹൃദയത്തിലുണ്ട്.
"എന്‍റെ മോളല്ലേ, ഇങ്ങ് തന്നേര്... ഞാൻ നോക്കിക്കോളാം അവളെ പൊന്നുപോലെ..."
അനിയത്തിപ്രാവിൽ മകന്റെ ഇഷ്ടം തിരിച്ചറിഞ്ഞ്, അവൻ സ്നേഹിച്ച പെൺകുട്ടിയെ അവനുവേണ്ടി ചോദിച്ചുവാങ്ങിയ അമ്മയെപ്പോലെ ശ്രീവിദ്യയെയും മലയാളികൾ ചോദിച്ചുവാങ്ങി ഹൃദയത്തിൽ സൂക്ഷിക്കുകയായിരുന്നു. ആ ശൂന്യതയ്ക്ക് രണ്ട് പതിറ്റാണ്ടിന്റെ ആഴമേറുമ്പോഴും അവരെ പൊന്നുപോലെ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു. മറന്നുപോകില്ല ആ ശ്രീരാഗത്തെ...