മലയാള സിനിമയുടെ പ്രിയപ്പെട്ട മേക്കപ്്മാന് പാണ്ഡ്യന് അന്തരിച്ചു. 74 വയസ്സായിരുന്നു. ചെന്നൈ വിരുഗമ്പാക്കത്തെ വസതിയിലായിരുന്നു അന്ത്യം. നടന് സത്യന് മുതല്‍ പുതിയ തലമുറകളിലെ താരങ്ങളുടെയടക്കം മേക്കപ്മാനായിരുന്നു. സത്യന് അന്തിക്കാടിന്റെ ഹൃദയപൂര്‍വമാണ് അവസാന ചിത്രം.
പ്രശസ്ത ഛായാഗ്രാഹകൻ ജെ.വില്യംസിന്റെ സഹായിയായും തമിഴ് സിനിമകളിൽ അസിസ്റ്റന്റ് എഡിറ്ററായും പാണ്ഡ്യൻ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1972-ൽ പുറത്തിറങ്ങിയ 'പുള്ളിമാൻ' എന്ന ചിത്രത്തിൽ എം.ഒ.ദേവസ്യയുടെ മേക്കപ്പ് അസിസ്റ്റന്റായാണ് കരിയർ ആരംഭിക്കുന്നത്. തുടർന്ന് കെ.വി.ഭാസ്ക്കരൻ, ബാലകൃഷ്ണൻ തുടങ്ങിയ പ്രമുഖ മേക്കപ്മാരുടെ സഹായിയായി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ വിവിധ ഭാഷകളിലെ നിരവധി ചിത്രങ്ങളിൽ മേക്കപ്പ് അസിസ്റ്റന്റായി പ്രവര്‍ത്തിക്കുകയും ചെയ്തു.
മലയാള സിനിമയുടെ പാണ്ഡ്യൻ; ചമയം പാണ്ഡ്യൻ
മലയാള സിനിമ മദിരാശിയിൽ നിന്ന് കേരളത്തിലേക്ക് ചേക്കേറിയപ്പോൾ കൂടെ പോന്ന തമിഴ് നാട്ടുകാരൻ. പതിനാറാം വയസ്സിൽ നടൻ സത്യന്റെ മേക്കപ്പ് ആർട്ടിസ്റ്റായിരുന്ന കൃഷ്ണരാജന്റെ സഹായിയായി 1968 ലാണ് പാണ്ഡ്യൻ മലയാള സിനിമയിൽ തന്റെ യാത്ര ആരംഭിച്ചത്. 1972-ൽ 'പുള്ളിമാൻ' എന്ന സിനിമയിലൂടെ മേക്കപ്പ് അസിസ്റ്റന്റായി ഔദ്യോഗികമായി ചുവട് വയ്പ്പ്. 1978-ൽ ജെ. വില്യംസ് സംവിധാനം ചെയ്ത 'മദാലസ' എന്ന ചിത്രത്തിലൂടെ പാണ്ഡ്യൻ സ്വതന്ത്ര മേക്കപ്പ് ആർട്ടിസ്റ്റായി. പിന്നീട് തിരിഞ്ഞ് നോക്കാൻ നേരം കൊടുക്കാതെ മലയാള സിനിമ കൂടെ ചേർത്തു 'ചമയം പാണ്ഡ്യൻ' എന്ന ടൈറ്റില്‍.
അഞ്ഞൂറോളം ചിത്രങ്ങളിൽ, പ്രശസ്തരായ നിരവധി ദക്ഷിണേന്ത്യൻ അഭിനേതാക്കളോടൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എൻ.ടി രാമറാവു, എസ്.വി.രംഗറാവു, കൃഷ്ണ, രജനികാന്ത്, കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി ഒട്ടേറെ താര നായകന്മാർക്ക് മേക്കപ്പിട്ടിട്ടുണ്ട്. പ്രേം നസീർ മുതൽ ഫഹദ് ഫാസിൽ വരെ മലയാള സിനിമയുടെ പല തലമുറകളുടെ മുഖം മിനുക്കിയ പ്രതിഭ കൂടിയാണ് പാണ്ഡ്യൻ. കമൽ, സത്യൻ അന്തിക്കാട്, ജോഷി തുടങ്ങിയ സംവിധായകർ പാണ്ഡ്യന്റെ കലാവൈഭവത്തെ നിരന്തരം പുകഴ്ത്തുകയും അദ്ദേഹത്തെ തങ്ങളുടെ വിശ്വസ്തനായ മേക്കപ്പ് ആർട്ടിസ്റ്റാക്കി മാറ്റുകയും ചെയ്തു.
സത്യൻ അന്തിക്കാട്- മോഹൻലാൽ ടീമിന്റെ ഹൃദയപൂർവ്വമാണ് അവസാന ചിത്രം. സത്യൻ അന്തിക്കാടിന്റെ ആദ്യ ചിത്രമായ കുറുക്കന്റെ കല്യാണം മുതൽ പാണ്ഡ്യനായിരുന്നു മേക്കപ്പ്മാൻ. പാണ്ഡ്യൻ ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് വിശ്രമത്തിലായിരുന്ന സമയത്ത് സുഖം പ്രാപിക്കുന്നത് വരെ ‘മനസ്സിനക്കരെ’യുടെ ഷൂട്ടിങ് നീട്ടി വച്ചയാളാണ് സത്യൻ അന്തിക്കാട്.
ദേവാസുരം, ഉണ്ണികളെ ഒരു കഥ പറയാം , ആറാം തമ്പുരാൻ , മധുരനൊമ്പരക്കാറ്റ്, ബ്ലാക്ക്, യോദ്ധ, ഒരു ഇന്ത്യൻ പ്രണയകഥ, ഞാൻ പ്രകാശൻ മുതൽ ഹൃദയ പൂർവം വരെ നിരവധി മലയാള ചിത്രങ്ങൾ. അങ്ങിനെ മലയാളത്തിന്റെ സ്വന്തം മേക്കപ്പ്മാനായി മലയാള സിനിമയിൽ അൻപത് വർഷം. 2001-ൽ 'മധുരനൊമ്പരക്കാറ്റ്' എന്ന ചിത്രത്തിലെ ചമയത്തിന് മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. ലക്ഷ്മിയാണ് ഭാര്യ. മക്കള്‍: അനിത, തന്നു.