Image credit:instagram/anupamaparameshwaran/Mohanlal
സൂപ്പര്‍താരം മോഹന്‍ലാലാണ് തന്റെ 'ക്രഷ്' എന്ന് വെളിപ്പെടുത്തി നടി അനുപമ പരമേശ്വരന്. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരം സെലിബ്രിറ്റി ക്രഷ് വെളിപ്പെടുത്തിയത്. മോഹന്‍ലാല്‍ ചിത്രങ്ങള്‍ കണ്ടാണ് താന്‍ വളര്‍ന്നതെന്നും അമ്മയും സഹോദരനുമാണ് താന്‍ കണ്ടതില്‍ വച്ചേറ്റവും വലിയ മോഹന്‍ലാല്‍ ഫാന്‍സെന്നും അതിനാല്‍ തന്നെ ആ ആരാധന വീട്ടില്‍ നിന്നേ കിട്ടിയതാണെന്നും താരം പറയുന്നു.
കടുത്ത ആരാധനയാണ് മോഹന്ലാലിനോടെന്ന് അനുപമ വിശദീകരിക്കുന്നുണ്ട്. 'ലാല്‍സാറിന്റെ ചിത്രങ്ങള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. എത്രയെത്ര സിനിമകള്‍. നല്ല പ്രായവ്യത്യാസം ഞങ്ങള്‍ തമ്മിലുണ്ട്. പക്ഷേ അതു കൊണ്ട് ക്രഷ്, ക്രഷല്ലാതെ ആകുന്നില്ലല്ലോ അല്ലേ?'- അനുപമ പറഞ്ഞു.
'അമ്മയാണ് ഏറ്റവും വലിയ മോഹന്‍ലാല്‍ ആരാധകന്, പിന്നെ എന്റെ ഇളയ അനിയന്. എന്നെക്കാളും ക്രഷ് അവനാണെന്ന് എനിക്കെപ്പോഴും തോന്നും. ഇപ്പോള്‍ തന്നെ ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ നോക്കുമ്പോള്‍ ആകെ അവന്റെ മെസജ് ലാലേട്ടനെ കുറിച്ച് മാത്രമാണ്. അദ്ദേഹത്തെ കുറിച്ചുള്ള റീല്‍സും മറ്റ് വിവരങ്ങളും മാത്രം. അല്ലാതെ ഞാനെന്ത് ചെയ്യുന്നുവെന്നോ, എങ്ങനെയിരിക്കുന്നുവെന്നോ അവന് തിരക്കാറില്ല'- താരം വെളിപ്പെടുത്തി. തെലുങ്ക് കോമഡി ചിത്രമായ 'ക്രേസി കല്യാണം' ആയിരുന്നു അനുപമയുടെ ഏറ്റവും പുതിയ ചിത്രം.
അതേസമയം, യുഗാണ്ടന്‍ ഡാന്‍സ് സംഘത്തിനൊപ്പം പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. ട്രിപ്ലറ്റ് ഘെറ്റോ കിഡ്സിനൊപ്പം ' വര്‍ണപ്പകിട്ട്' എന്ന ചിത്രത്തിലെ 'ഓക്കേല, ഓക്കേലാ' എന്ന പാട്ടിനൊപ്പം ചുവട് വയ്ക്കുന്ന വിഡിയോയാണ് മോഹന്‍ലാല്‍ പങ്കുവച്ചത്. വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന 'ഓപ്പറേഷന് ഗംഗ'യാണ് സംഘത്തിനൊപ്പമുള്ള മോഹന്‍ലാല്‍ ചിത്രം. 2022 ല്‍ യുക്രെയിനില്‍ ഇന്ത്യ നടത്തിയ ഒഴിപ്പിക്കലാണ് ചിത്രത്തിലെ പ്രമേയം.