മോഹന്‍ലാല്‍ യുഎസിലാണ്. വിഷുവിന് വാര്‍ത്താ ചാനലുകള്‍ക്ക് ഫോണില്‍ അഭിമുഖം നല്‍കവെ താരം തന്നെയാണ് താന്‍ യുഎസിലാണെന്ന വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ എന്തൊക്കെയാണ് തങ്ങളുടെ പ്രിയതാരം യുഎസില്‍ ചെയ്യുന്നതെന്നറിയാന്‍ ആരാധകര്‍ക്ക് ആകാംക്ഷയുണ്ട്. എന്നാല്‍ തന്‍റെ യാത്രയെക്കുറിച്ചും മറ്റും മോഹന്‍ലാല്‍ പറഞ്ഞില്ലെങ്കിലും മലയാളികള്‍ അറിയും. അല്ലെങ്കില്‍ മലയാളികളെ സോഷ്യല്‍മീഡിയ അറിയിക്കും. 

പ്രശസ്ത അമേരിക്കൻ ഇലക്ട്രോണിക് ഡിജെ സംഗീതജ്ഞരായ ചെയിന്‍സ്മോക്കേഴ്സിന്‍റെ ലൈവ് ഷോയെക്കുറിച്ചുള്ള പോസ്റ്റിലൂടെയാണ് മോഹന്‍ലാലിന് യുഎസില്‍ എന്തൊക്കെയാണ് പരിപാടികള്‍ എന്ന് ആരാധകരറിയുന്നത്. പരിപാടി കാണാനായി മോഹന്‍ലാലും എത്തിയിരുന്നു. താരത്തെ ചെയിന്‍സ്മോക്കേഴ്സ് പരിചയപ്പെട്ടു. കൂടാതെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുമിട്ടു.

തങ്ങള്‍ക്ക് ഒരു പുതിയ കൂട്ടുകാരനെ കിട്ടി എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്. പരിപാടിക്ക് മുന്‍പാണ് മോഹന്‍ലാലുമായി ചെയിന്‍സ്മോക്കേഴ്സ് സംഗീതജ്ഞരായ അലക്സ് പാലും, ഡ്രൂ ടാഗാർറ്റും കണ്ടുമുട്ടിയത്. . ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് (EDM), പോപ്പ് എന്നീ വിഭാഗങ്ങളില്‍ പേര് കേട്ട ദ് ചെയിന്‍സ്മോക്കേഴ്സ് 2014ല്‍ പുറത്തിറങ്ങിയ #Selfie എന്ന ഗാനത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് ക്ലോസര്‍, ഡോണ്‍ഡ് ലെറ്റ് മീ ഡൗണ്‍, സംതിങ് ലൈക്ക് ദിസ് തുടങ്ങി ഹിറ്റ് പാട്ടുകളും ചെയിന്‍സ്മോക്കേഴ്സിന്‍റെ കരവിരുതുകളാണ്. 

ഇന്ത്യയില്‍ നിരവധി ആരാധകരുള്ള ചെയിന്‍സ്മോക്കേഴ്സ് മുംബൈയിലും ഡല്‍ഹിയിലും ഇതിനുമുന്‍പ് പരിപാടികള്‍ നടത്തിയിട്ടുണ്ട്. ആകാശ് അംബാനിയുടെ വിവാഹാഘോഷത്തിലും മെയിന്‍ ഡിജെമാരായി ചെയിന്‍സ്മോക്കേഴ്സ് എത്തിയിരുന്നു. മോഹന്‍ലാലിനെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന പോസ്റ്റില്‍ പ്രമുഖരടക്കം നിരവധി പേരാണ് ആശംസകളുമായി കമന്‍റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ENGLISH SUMMARY:

Mohanlal in USA is the main focus as the superstar was spotted attending a live show by American electronic music duo The Chainsmokers. Fans are eager to know about his activities during his US visit, and social media has provided glimpses into his engagements.