ഇറാന്‍ യുഎസ് സംഘര്‍ഷം കനക്കുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ കൊല്ലുമെന്ന സൂചന നല്‍കി ടെഹ്റാനില്‍ കൂറ്റന്‍ ബില്‍ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. ട്രംപ് ശവപ്പെട്ടിയില്‍ കിടക്കുന്ന ചിത്രം ഉള്‍പ്പെടുത്തിക്കൊണ്ടാണ് ബില്‍ബോര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്. ടെഹ്‌റാനിലെ ഇംഗ്​ലാബ് സ്‌ക്വയറിലാണ് ബില്‍ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം 'ഞങ്ങള്‍ ട്രംപിനെ കൊല്ലും' എന്ന  സന്ദേശവും ബില്‍ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇംഗ്ലീഷ്, പേര്‍ഷ്യന്‍ ഭാഷകളിലാണ് ട്രംപിനെ കൊല്ലുമെന്ന സന്ദേശം രേഖപ്പെടുത്തിയിരിക്കുന്നത്. ട്രംപിന്‍റെ ശവസംസ്കാരത്തെ സൂചിപ്പിക്കും വിധം കറുത്ത ശവപ്പെട്ടിയില്‍ ചുവന്ന ടൈ ധരിച്ച് മരിച്ച് കിടക്കുന്ന രീതിയിലാണ് ചിത്രം തയാറാക്കിയിരിക്കുന്നത്. ഇതിനൊപ്പം തന്നെ മിനാബിലെ കുട്ടികളുടെ ഓർമയ്ക്കായി എന്നും ബില്‍ബോര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 28ന് തെക്കൻ ഇറാനിലെ എലമെന്ററി സ്കൂളിൽ നടന്ന ആക്രമണത്തെ ഓർമിപ്പിക്കുന്നതാണിത്. 

അമേരിക്കയ്ക്ക് നേരെ ഇറാന്‍  നടത്തിനുദ്ദേശിക്കുന്ന വലിയ ആക്രമണത്തിന്‍റെ  സൂചനയാണ് ഈ ബില്‍ബോര്‍ഡ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം തുടർച്ചയായ അഞ്ചാം ദിവസവും ഇറാനിൽ യുഎസ് വ്യോമാക്രമണം തുടരുകയാണ്. ഇറാന്‍റെ വടക്കുഭാഗത്തും ടെഹ്‌റാന്‍റെ കിഴക്കു ഭാഗത്തുള്ള വിമാനത്താവളത്തിലും യുഎസ് വ്യോമാക്രമണം നടത്തിയതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ഇറാനിലെ കമാൻഡ് സെന്ററുകൾ, വ്യോമ പ്രതിരോധ കേന്ദ്രങ്ങൾ, മിസൈൽ, ഡ്രോൺ സൂക്ഷിക്കുന്ന സ്ഥലങ്ങൾ, തീരദേശ നിരീക്ഷണ സൗകര്യങ്ങൾ എന്നിവ ആക്രമിച്ചതായി യുഎസ് സെൻട്രൽ കമാൻഡും അറിയിച്ചു. ഇറാന്റെ തുറമുഖങ്ങളിൽ യുഎസ് ഉപരോധം ശക്തമാക്കിയിരിക്കുകയാണ്. 

 

ENGLISH SUMMARY:

Donald Trump assassination threat has emerged from Iran with a large billboard in Tehran depicting him in a coffin. This development escalates the already tense Iran-US conflict, signaling potential further actions.