വോട്ട് രേഖപ്പെടുത്തിയ ശേഷം തൃഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിന് പിന്നാലെ ആരാധകര്‍. ചിത്രത്തിനൊപ്പം ചേര്‍ത്ത പാട്ടിനെ ബന്ധപ്പെടുത്തി തൃഷയുടെ പിന്തുണ വിജയ്ക്ക് തന്നെ എന്ന മട്ടിലാണ് കമന്‍റുകള്‍. ചെന്നൈയിലെ അഭിരാമപുരത്തെ സെന്റ് ഫ്രാന്‍സിസ് സേവിയര്‍ മിഡില്‍ സ്‌കൂളിലായിരുന്നു തൃഷയ്ക്ക് വോട്ട്.
വോട്ട് ചെയ്ത ശേഷം കാറില്‍ മടങ്ങുന്നതിനിടെയുള്ള ചിത്രമാണ് തൃഷ പങ്കുവച്ചത്. വോട്ട് ചെയ്ത മഷിയടയാളം ഉയര്‍ത്തികാട്ടുന്ന ചിത്രത്തിനൊപ്പം വിരലിന്‍റെയും ഇവിള്‍ ഐയുടെയും ഇമോജിയും പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റിന് പങ്കുവച്ച പാട്ടാണ് ആരാധകരുടെ ശ്രദ്ധ. 2013ല്‍ വിജയും തൃഷയും ഒന്നിച്ച ഗില്ലിയിലെ അര്‍ജുനാര്‍ വില്ല് എന്ന ഗാനമാണ് പാട്ടിനൊപ്പം ചേര്‍ത്തത്. പാട്ടിലെ തന്നെ വിസില്‍ ശബ്ദത്തോടെയുള്ള ഭാഗമാണ് തൃഷ ഫോട്ടോയ്ക്ക് ചേര്‍ത്തത്.
വിജയ്‍യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്‍റെ ചിഹ്ന കൂടിയാണ് വിസില്‍. ഇതെല്ലാം ചേര്‍ത്ത് തൃഷയുടെ പിന്തുണ വിജയ്ക്കാണ് എന്ന മട്ടിലാണ് കമന്‍റുകള്‍. ഈ ബിജിഎം നിങ്ങൾ ആർക്കാണ് വോട്ട് ചെയ്തതെന്ന് വ്യക്തമാക്കുന്നു എന്നാണ് ഒരു കമന്‍റ്. തൃഷയെ 'അണ്ണി' (ചേട്ടത്തി) എന്ന് വിളിച്ചുകൊണ്ടുള്ള കമന്‍റുകളും പോസ്റ്റിന് താഴെയുണ്ട്.
വിജയ്‍യുമായി തൃഷ അടുപ്പത്തിലാണെന്ന തരത്തില്‍ നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. വിജയ്‌യുടെ ഭാര്യ സംഗീത വിവാഹ മോചന ഹര്‍ജിയില്‍ ഒരു നടിയെ കുറിച്ച് പരാമര്‍ശിച്ചത് തൃഷയെ ഉദ്ദേശിച്ചാണ് എന്ന പ്രചാരണവുമുണ്ടായി. ഇതിനിടയിലാണ് വിജയ്‍ക്ക് പിന്തുണ നല്‍കുന്ന തരത്തിലുള്ള സൂചനകളോടെ തൃഷയുടെ പോസ്റ്റ് വന്നത്.