dulqer-salman

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ദുല്‍ഖര്‍ സല്‍മാന്‍ വോട്ട് ചെയ്തത് ചര്‍ച്ചയാക്കി സോഷ്യല്‍ മീ‍ഡിയ. മലയാളിയായ ദുല്‍ഖര്‍ എങ്ങനെ തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തു എന്നാണ് സോഷ്യല്‍ ലോകത്തെ ചോദ്യം. ഇൻസ്റ്റഗ്രാമിലൂടെ ദുല്‍ഖര്‍ തന്നെയാണ് വോട്ട് ചെയ്ത വിവരം പങ്കുവച്ചത്. വർഷങ്ങളായി ചെന്നൈയിൽ സ്ഥിരതാമസമാണ് ദുൽഖർ.

ദുല്‍ഖര്‍ കേരളത്തെ ഉപേക്ഷിച്ചോ എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയിലെ വാദപ്രതിവാദങ്ങള്‍. 'മലയാളം പടവും ചെയ്യില്ല, മലയാളികള്‍ക്ക് വോട്ടും ഇല്ല' എന്നാണ് ദുല്‍ഖറിനെ വിമര്‍ശിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റ്. ശരിക്കും പുള്ളി ഒരു മല്ലു തമിഴൻ ആണെന്നും ചെന്നൈയില്‍ സ്ഥിരതാമസമായതിനാലാണ് അവിടെ വോട്ടു ചെയ്യുന്നത് എന്നുമാണ് ഇതിനുള്ള മറുപടി. 

2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തില്‍ ദുൽഖർ വോട്ട് ചെയ്തിരുന്നു. വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടി തമിഴ്നാട്ടിലെ വോട്ടർപട്ടികയിൽ പോയി പേര് ചേർത്തു, എന്നും ആരാധകര്‍ വിശദീകരിച്ചു. ദുല്‍ഖര്‍ പഠിച്ചതും വളർന്നതും കുടുംബവും എല്ലാം ചെന്നൈയിലാണ്. വർഷങ്ങളായി സ്ഥിര വിലാസവും ചെന്നൈയിലാണ്. പിന്നെ അവിടെയല്ലേ വോട്ട് ചെയ്യേണ്ടത് എന്നും ആരാധകര്‍ ചോദിക്കുന്നു. എവിടെയാണെങ്കിലും അദ്ദേഹം വോട്ട് ചെയ്യാതിരുന്നില്ലല്ലോ എന്നും ഫെയ്സ്ബുക്കില്‍ കമന്‍റുണ്ട്. 

രാവിലെ മുതല്‍ തന്നെ തമിഴ്നാട്ടില്‍ സിനിമാ താരങ്ങള്‍ വോട്ട് ചെയ്യുന്നുണ്ട്. സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് മകള്‍ സൗന്ദര്യ രജനികാന്തിനൊപ്പം ചെന്നൈയിലെ സ്റ്റെല്ലാ മേരിസ് സ്കൂളിലെത്തിയാണ് വോട്ട് ചെയ്തത്. കമല്‍ ഹാസനും മകള്‍ ശ്രുതി ഹാസനും ചെന്നൈയിലെ ആല്‍വാര്‍പേട്ടിലും നടന്‍ അജിത് തിരുവാണ്മിയൂരിലും വോട്ട് ചെയ്തു. ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ടിവികെ അധ്യക്ഷന്‍ നടന്‍ വിജയ് നീലങ്കരിയിലെ പോളിങ് സ്റ്റേഷനിലാണ് വോട്ടു ചെയ്തത്.

ENGLISH SUMMARY:

Dulquer Salmaan's vote in the Tamil Nadu Assembly elections has sparked a discussion on social media, with many questioning how a Malayali actor voted in a Tamil Nadu election. He himself shared the news of his vote via Instagram, as he has been a permanent resident of Chennai for many years.