ടൊവിനോ തോമസ് ചിത്രം പള്ളിച്ചട്ടമ്പിയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടും തന്‍റെ രംഗം കട്ട് ചെയ്യപ്പെട്ട ജീനിയര്‍ ആര്‍ട്ടിസ്റ്റിന്‍റെ അനുഭവം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. സജീവ്.ബി വയലില്‍ ആണ് തന്‍റെ രംഗം കട്ട് ചെയ്യപ്പെട്ടതില്‍ നിരാശ പ്രകടിപ്പിച്ചത്. പോസ്റ്റ് വൈറലായതോടെ ‘പള്ളിച്ചട്ടമ്പി’യുടെ സംവിധായക സഹായിയായ ഷാന്‍ ബി. ആൻഡ്രൂസ് രംഗത്തെത്തി.
'പൃഥ്വിരാജിന്റെ മുന്നിൽ വച്ച് ധ്രുവൻ ഒരു സായിപ്പിനെ വെടിവയ്ക്കുന്ന സീനിൽ ഓഫിസർമാരായി ഞങ്ങളും ഉണ്ടായിരുന്നു. പതിനഞ്ചുപേരിൽ ഞങ്ങൾ മൂന്നുപേരുടെയും ക്ലോസപ്പും എടുത്തിരുന്നു. പൃഥ്വിരാജ് ദേഷ്യം പിടിച്ചു നോക്കുമ്പോൾ ഞങ്ങൾ പേടിച്ച് വിറയ്ക്കുന്നതായിരുന്നു സീൻ. എന്റെ കൂടെ നിന്ന പയ്യൻ നന്നായി ആക്ട് ചെയ്‌തിരുന്നു. ഷൂട്ട് കഴിഞ്ഞ് ആ സീൻ കാണിച്ച് അവനെ എല്ലാവരും അഭിനന്ദിച്ചിരുന്നു. ഇന്ന് അവനും എന്ത് വിഷമമായി കാണും എന്ന് എനിക്ക് ചിന്തിക്കാൻ കഴിയുന്നില്ല. അസിസ്റ്റന്റ് ഡയറക്ടർ ഷാൻ ബ്രോ വ്യക്തിപരമായി പറഞ്ഞതുമായിരുന്നു ഞങ്ങളുടെ സീൻ ഉണ്ടെന്ന്.
ആദ്യം നായർ പടയാളിയായി ആയിരുന്നു എനിക്ക് സെലക്‌ഷൻ, പക്ഷേ മേക്കപ്പ്മാൻ മീശ തെറ്റായി വടിച്ചു. അന്ന് എന്റെ ഒപ്പം സെലക്‌ഷൻ കിട്ടിയ ആളാണ് ട്രെയ്‌ലറിൽ തുടക്കത്തിൽ ബ്ലർ ആയി ചട്ടവാറുകൊണ്ട് അടിക്കുന്നത്…അതോടെ കൊട്ടാരത്തിന്റെ മൂലയിൽ കുന്തവും പിടിച്ച് വൈകുന്നേരം 6 മണിവരെ നിന്നു…
ഫ്രെയിം കിട്ടിയില്ല, പക്ഷേ പൃഥ്വിരാജ് ഇരുന്ന റൂമിന് അരികിലായിരുന്നതിനാൽ ജീവിതത്തിൽ ആദ്യമായി അദ്ദേഹവുമായി എനിക്ക് ആരും കാണാതെ സംസാരിക്കാൻ പറ്റി. ഷൂട്ട് കഴിഞ്ഞപ്പോൾ ഫ്രെയിം കിട്ടാത്തതിനാൽ വീണ്ടും ചാൻസ് ചോദിച്ചു. ഓഫിസറായി ഡ്രസ് ഇട്ട് അസിസ്റ്റന്റ് ഡയറക്ടർ ഷാൻ ബ്രോയോട് ചാൻസ് ചോദിച്ച് പുലർച്ചെ 2 മണിവരെ നിന്നു കിട്ടിയ ചാൻസായിരുന്നു. ഇത് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ… എന്റെ ജീവിതത്തിലെ ഒരു സ്പെഷൽ ദിനമായിരുന്നെന്നെ.
എന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ഞാൻ പടം പ്രമോട്ട് ചെയ്‌തിരുന്നു... ഏകദേശം അഞ്ചു ലക്ഷംപേർ ആ പോസ്റ്റ് കണ്ടിരുന്നു. പടം കഴിഞ്ഞ് എന്തോ മനസ്സിന് വല്ലാത്ത വിഷമവും ഭാരവും തോന്നി.എങ്കിലും വിജയങ്ങൾ മാത്രം നമ്മൾ ആഘോഷിക്കാൻ പാടില്ല... ചില തോൽവികളും നമ്മൾ ആഘോഷിക്കണമല്ലോ. പ്രദീപ് വാസുദേവ അണ്ണനും, ഹനീസ് ഇക്കയ്ക്കും പടത്തിൽ വന്ന എല്ലാ സപ്പോർട്ടിങ് ആർട്ടിസ്റ്റിനും അഭിനന്ദങ്ങൾ. നന്ദി,' സജീവ് കുറിച്ചു.
പിന്നാലെ ഷാൻ ബി. ആൻഡ്രൂസ് സജീവിന് മറുപടിയുമായി എത്തി. 'പ്രിയപ്പെട്ട സജീവ്, മനഃപൂർവം അല്ല താങ്കളുടെ ഷോട്ട് വയ്ക്കാതിരുന്നത്. ചിത്രീകരണത്തിന്റെ ഭാഗമായി നമ്മൾ എടുക്കുന്ന എല്ലാ ഷോട്ടും ചിലപ്പോൾ സിനിമയിൽ ഉൾപ്പെടുത്താൽ സാധിക്കാറില്ല. താങ്കൾക്ക് അത് മനസിലാവും എന്ന് ഞാൻ വിശ്വസിക്കുന്നു. എന്നിരുന്നാലും താങ്കൾക്ക് നേരിട്ട മനോവിഷമത്തിന് ഈ സിനിമയുടെ ഭാഗമായും എന്റെ വ്യക്തിപരമായ രീതിയിലും ഞാൻ ക്ഷമ ചോദിക്കുന്നു. താങ്കൾക്ക് തുടർന്ന് നല്ല വേഷങ്ങൾ മലയാള സിനിമയിൽ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു,' ഷാന്‍ കമന്‍റില്‍ കുറിച്ചു.
ഷാനിന്‍റെ കമന്‍റിന് സജീവ് മറുപടിയും കൊടുത്തു. ‘താങ്കൾ കാരണമാണ് എനിക്ക് ആ ചാൻസ് കിട്ടിയത്.... കഴിഞ്ഞ ദിവസങ്ങളിൽ വല്ലാതെ വിഷമമായെങ്കിലും ഈ മറുപടി കണ്ടപ്പോൾ സന്തോഷമായി. എനിക്ക് പൃഥ്വിരാജിനെ ആദ്യമായി നേരിൽ കാണാനും സംസാരിക്കാനും സാധിച്ചത് ‘പള്ളിച്ചട്ടമ്പി’ എന്ന സിനിമ കാരണമാണ്. ഇൻട്രോ സീനിൽ പടയാളിയായി ധ്രുവനരികിൽ എന്നെ അവ്യക്തമായി കാണാം.... സിനിമയിൽ ആ സീൻ വന്നില്ലെങ്കിൽങ്കിലും അന്നെന്നെ പരിഗണിച്ചതിന് ആത്മാർഥമായ നന്ദി ഷാൻ ബ്രോ.... നന്ദി,' സജീവ് പറഞ്ഞു.