ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന ജെന്‍ സി പ്രക്ഷോഭത്തിന് പിന്തുണയുമായി മലയാള സിനിമ താരങ്ങള്‍. സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ പിന്തുണച്ചും പൊലീസ് അതിക്രമങ്ങളെ വിമര്‍ശിച്ചും മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ, ടൊവിനോ തോമസ്, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, പ്രാചി തെഹ്‌ലാൻ, സംവിധായകൻ ആഷിഖ് അബു തുടങ്ങിയവര്‍ രംഗത്തെത്തി.
പൗരന്മാർ ശബ്ദമുയർത്തുമ്പോൾ അതിനുള്ള മറുപടി ചർച്ചകൾക്ക് പകരം അതിശക്തമായ അടിച്ചമർത്തലാണെങ്കിൽ, നമ്മൾ ഏതുതരം ജനാധിപത്യത്തിലേക്കാണ് പോകുന്നതെന്ന് ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് വിസ്മയ മോഹന്‍ലാല്‍ കുറിച്ചു. ‘ടിയർ ഗ്യാസ്, ലാത്തിച്ചാർജ്, വിദ്യാർത്ഥികൾക്ക് പരിക്ക്, റോഡുകൾ ഉപരോധിച്ചു, മെട്രോ സ്റ്റേഷനുകൾ അടച്ചു, നഗരത്തിലുടനീളം കനത്ത ബാരിക്കേഡുകൾ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. നിങ്ങൾ പ്രക്ഷോഭകരോട് യോജിക്കേണ്ടതില്ല. അവരുടെ ആവശ്യങ്ങളെ പിന്തുണയ്‌ക്കേണ്ടതുമില്ല. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന സംഘടനകളെ ഇഷ്ടപ്പെടണമെന്നുപോലും ഇല്ല.
പക്ഷേ, പൗരന്മാർ ശബ്ദമുയർത്തുമ്പോൾ അതിനുള്ള മറുപടി ചർച്ചകൾക്ക് പകരം അതിശക്തമായ അടിച്ചമർത്തലാണെങ്കിൽ, നമ്മൾ ഏതുതരം ജനാധിപത്യത്തിലേക്കാണ് പോകുന്നതെന്ന് ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം നാളെ, കേൾക്കപ്പെടേണ്ടത് നിങ്ങളുടെ ശബ്ദമായിരിക്കാം. നിങ്ങളുടെ നഗരത്തിലോ, അയൽപക്കത്തോ, സ്വന്തം കുടുംബത്തിലോ ആകാം ഇത് സംഭവിക്കുന്നത്. എന്റെ ചോദ്യം വളരെ ലളിതമാണ്. സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാണെന്ന് നിങ്ങൾ യഥാർത്ഥത്തിൽ വിശ്വസിക്കുന്നുണ്ടോ?’ വിസ്മയ മോഹൻലാൽ ചോദിച്ചു.
ശരിയും തെറ്റും ആപേക്ഷികമായിരിക്കാം, പക്ഷേ ഒരു സമാധാനപരമായ പ്രതിഷേധത്തെ കൈകാര്യം ചെയ്യേണ്ട വഴി തീർച്ചയായും ഇതല്ലെന്നാണ് ടൊവിനോ തോമസ് കുറിച്ചത്. 'ഒരു രാജ്യത്തിന്റെ ഭാവി തലമുറ സംസാരിക്കുമ്പോൾ, അവരുടെ ശബ്ദത്തെ അടിച്ചമർത്തൽ ശക്തികൾ കൊണ്ട് നേരിടുകയാണെങ്കിൽ, ചവിട്ടിമെതിക്കപ്പെടുന്നത് ആ ഭാവി തന്നെയാണ്. ഇല്ലാതാകുന്നത് ജനാധിപത്യത്തിലുള്ള വിശ്വാസമാണ്. ഈ വിദ്യാർത്ഥികൾ എന്ത് തെറ്റാണ് ചെയ്തത്? അവർ പൊതുമുതൽ നശിപ്പിച്ചോ? അക്രമത്തിന്റെ വഴി തെരഞ്ഞെടുത്തോ? ഇത്തരം ഒരു പെരുമാറ്റം അർഹിക്കാൻ മാത്രം അവർ എന്താണ് ചെയ്തത്?
നമ്മുടെ രാജ്യത്തിന്റെ ഏത് ഭാഗത്തായാലും, ന്യായമായ ഒരു ആവശ്യത്തിന് വേണ്ടി സമാധാനപരമായി പ്രതിഷേധിക്കുന്ന ഓരോ വ്യക്തിക്കും ഞാൻ എന്റെ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന് ഒരു ഭീഷണിയല്ല; അത് അതിന്റെ അടിത്തറകളിൽ ഒന്നാണ്. ഇനി, എന്റെ ദേശീയതയെ ചോദ്യം ചെയ്യാൻ വരുന്നവരോട്, എന്നെക്കുറിച്ച് നിങ്ങൾക്ക് അറിയാവുന്നതിനേക്കാൾ വ്യക്തമായി എനിക്കറിയാം. എന്റെ രാഷ്ട്രീയം മനുഷ്യത്വമാണ്. എന്റെ വിശ്വാസം സമാധാനവും.ജയ് ഹിന്ദ്! ’ ടോവിനോ തോമസ് കുറിച്ചു.
ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ലെന്ന് കരുതുന്നവരുണ്ടെങ്കിൽ അടുത്ത ഊഴം നിങ്ങളുടേതാണെന്ന് പാര്‍വതി തിരുവോത്ത് കുറിച്ചു. ‘ജന്തർ മന്തറിൽ നിന്ന് അതിദാരുണമായ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. സമാധാനപരമായി പ്രതിഷേധിക്കുന്നവർക്ക് നേരെ പൊലീസിന്റെ ക്രൂരമായ ആക്രമണവും ഷെല്ലാക്രമണവും ഉണ്ടാകുന്നു. ന്യായമായും തങ്ങൾക്ക് അർഹതപ്പെട്ടതിന്, നമുക്ക് അർഹതപ്പെട്ടതിന് വേണ്ടി ശബ്ദമുയർത്തുന്ന നിഷ്കളങ്കരായ മനുഷ്യരാണവർ. നമ്മുടെ ജനാധിപത്യം നമ്മളിൽ നിന്ന് കവർന്നെടുക്കപ്പെടുകയാണ്. ഇന്ത്യയെന്ന ജനാധിപത്യ രാജ്യം കടുത്ത ഭീഷണിയിലാണെന്ന കാര്യം നാം എപ്പോഴും ഓർക്കണം. ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധികൾ പരാജയപ്പെടുമ്പോൾ, അവർ ചെയ്യേണ്ട ഏറ്റവും കുറഞ്ഞ കാര്യം ആ പരാജയം അംഗീകരിക്കുകയും ശരിയായ കാര്യങ്ങൾ ചെയ്യുകയുമാണ്. ചർച്ചകൾ വേണമെന്ന് ആവശ്യപ്പെട്ടാണ് അവർ തുടങ്ങിയത്, മുൻപ് അത് നിഷേധിച്ചതുകൊണ്ടാണ് ഇന്ന് പ്രതിഷേധങ്ങളിലേക്ക് എത്തേണ്ടി വന്നത്.
ജനജീവിതം തടസ്സപ്പെടുന്നുണ്ടെന്നത് നേരാണ്, എന്നാൽ ഇവിടെ മനുഷ്യർ മരിച്ചുവീഴുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം കുട്ടികളുടെ ഭാവി തകരാറിലാക്കുന്നു, മരങ്ങൾ വെട്ടിത്തള്ളുന്നു, നമ്മുടെ പ്രകൃതിയെ നശിപ്പിക്കുന്നു. രാജ്യമൊട്ടാകെ പ്രതിഷേധങ്ങൾ ഇരമ്പുമ്പോൾ അധികാരികൾ അത് കണ്ടില്ലെന്ന് നടിക്കുകയാണ്. അപ്പോൾ നമ്മൾ ശബ്ദമുയർത്തുകയും 'ഇത് നമ്മുടെ രാജ്യത്ത് നടക്കാൻ പാടില്ല' എന്ന് ഉറക്കെ പറയുകയും ചെയ്തില്ലെങ്കിൽ, ഈ ഭരണാധികാരികളെ തെരഞ്ഞെടുത്തത് നമ്മൾ തന്നെയാണ്. അവർ പരാജയപ്പെടുമ്പോൾ ചോദ്യം ചെയ്യാൻ നാം മുന്നോട്ടുവരണം.
അവരെ 'പൊതുസേവകർ' എന്ന് വിളിക്കുന്നതിന് ഒരു കാരണമുണ്ട്. ജനങ്ങളെ സേവിക്കാനാണ് അവർ ഇവിടെയിരിക്കുന്നത്. അതുകൊണ്ട് അവർ ഗുണ്ടകളെപ്പോലെ പെരുമാറുമ്പോഴും നമ്മോട് തുടരെത്തുടരെ കള്ളം പറയുമ്പോഴും ചോദ്യം ചെയ്യാനുള്ള പൂർണ്ണ അവകാശം നമുക്കുണ്ട്. നിലവിലുള്ള ഒരു എം.പിക്കോ എം.എൽ.എ.ക്കോ നമ്മെ തടയാൻ കഴിയില്ല, അതിന് ആർക്കും അവകാശവുമില്ല. അവരുടെ വാക്കുകൾക്ക് ചെവികൊടുക്കരുത്. സംവാദങ്ങളിൽ ഏർപ്പെടുക, ആശയവിനിമയം നടത്തുക, കാര്യങ്ങൾ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിക്കുക. എന്നാൽ ഇതിന്റെയെല്ലാം അടിസ്ഥാന തത്വം ഒന്നായിരിക്കണം, ഈ രാജ്യം എല്ലാവർക്കുമുള്ളതാണ്. ഇവിടെ ജീവിക്കാനും വളരാനും അതിജീവിക്കാനും നമുക്കെല്ലാവർക്കും തുല്യ അവകാശമുണ്ട്.
നാം നൽകുന്ന നികുതിപ്പണം നമുക്ക് ഉപകാരപ്പെടുന്ന, നമ്മുടെ നേതാക്കൾ നമ്മോട് മറുപടി പറയാൻ ബാധ്യസ്ഥരായ ഒരു രാജ്യം. അതിനാൽ നമ്മുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് നാം ബോധവാന്മാരായിരിക്കണം. ഇന്ന് നിരത്തിലിറങ്ങി സമാധാനപരമായി പ്രതിഷേധിച്ച ഓരോ പൗരനും വിനിയോഗിച്ചത് തങ്ങളുടെ ഭരണഘടനാപരമായ അവകാശവും കടമയുമാണ്; അവർക്ക് നേരെയാണ് ഇന്ന് ആക്രമണമുണ്ടായത്. ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ലെന്ന് കരുതുന്നവരുണ്ടെങ്കിൽ ഓർക്കുക, അടുത്ത ഊഴം നിങ്ങളുടേതാണ്. നമ്മുടെ രാജ്യത്തെ ഏകാധിപത്യത്തിലേക്ക് തള്ളിയിടാൻ ശ്രമിക്കുന്നവരുടെ വാക്കുകൾ കേട്ട് മിണ്ടാതിരിക്കരുത്,’പാർവതി തിരുവോത്ത് പറഞ്ഞു.