പൃഥ്വിരാജ് നായകനായി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്ത 'വിലായത്ത് ബുദ്ധ' വലിയ പരാജയമായിരുന്നുവെന്ന് നിര്‍മാതാവ് എ.വി.അനൂപ്. സമൂഹമാധ്യമങ്ങളില്‍ തന്നെ ആദ്യ ദിവസം നെഗറ്റീവ് റിവ്യൂ ധാരാളം വന്നുവെന്നും പക്ഷേ അതൊരു മോശം സിനിമയാണെന്ന് തനിക്ക് അഭിപ്രായമില്ലെന്നും അദ്ദേഹം കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സച്ചി സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നു വിലായത്ത് ബുദ്ധ. വലിയ പരിശ്രമവും ബജറ്റുമെല്ലാമായി ചെയ്ത സിനിമയായിട്ടും കാര്യമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. 30 കോടി രൂപ ചിലവഴിച്ച് എടുത്ത സിനിമയ്ക്ക് ആകെ ആറുകോടി മാത്രമാണ് കലക്ഷന്‍ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
' സത്യത്തില്‍ വിലായത്ത് ബുദ്ധ വാഷൗട്ടായിരുന്നു . വലിയ പ്രതീക്ഷയുണ്ടായിരുന്ന പടമായിരുന്നു. ഫസ്റ്റ് ഡേ തന്നെ ഒരുപാട് നെഗറ്റീവ് റെസ്‌പോണ്‍സാണ് സോഷ്യല്‍ മീഡിയയില്‍ സിനിമക്ക് ലഭിച്ചത്. കുറച്ച് ലാഗ് ഉണ്ടായിരുന്നുവെന്നത് സത്യമാണെങ്കിലും തീരെ മോശമായിരുന്നുവെന്ന് പറയാന്‍ പറ്റില്ല. വളരെ പ്രസിദ്ധമായ നോവലിനെ അടിസ്ഥാനപ്പെടുത്തി എടുത്ത സിനിമയാണ്, ചിലപ്പോൾ വിലായത്ത് ബുദ്ധ എന്ന പേര് നെഗറ്റീവ് അടിച്ചതാവാം ആളുകൾക്ക്. എന്താണെന്ന് മനസിലായിട്ടുണ്ടാവില്ല. വലിയ എഫര്‍ട്ടും ബജറ്റുമൊക്കെ നല്‍കിയൊരുക്കിയ പടമായിരുന്നു. പക്ഷേ, വിചാരിച്ച പോലെ ഹിറ്റായില്ല' - അനൂപ് വിശദീകരിച്ചു.
വിലായത്ത് ബുദ്ധ പ്രതീക്ഷിച്ചത് പോലെ വരാതിരുന്നതിനാല്‍ ഒടിടിയിലും വിറ്റുപോയില്ലെന്നും നിര്‍മാതാവ് തുറന്ന് പറയുന്നു. റിലീസിന് മുന്‍പ് ഒരു ഒടിടി പ്ലാറ്റ്ഫോമുമായി എഗ്രിമെന്‍റിലെത്തിയിരുന്നുവെന്നും പക്ഷേ ചിത്രം ഫ്ലോപ്പായതോടെ അവര്‍ പിന്‍മാറിയെന്നും അനൂപ് വെളിപ്പെടുത്തി. ചന്ദനമോഷ്ടാവായ ഡബിള്‍ മോഹനന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. ഷമ്മി തിലകന്‍ തൂവെള്ള ഭാസ്കരന്‍ എന്ന അധ്യാപകന്‍റെ വേഷത്തിലുമെത്തി.