വളരെ കുറച്ച് സെലിബ്രിറ്റികള്‍ മാത്രമാണ് ജന്തര്‍ മന്തറിലെ കൊക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരത്തിന് പിന്തുണയുമായി വന്നത്. കേരളത്തില്‍ എന്നാല്‍ പ്രതിഷേധത്തിന് വ്യക്തമായ പിന്തുണ പ്രഖ്യാപിച്ചത് നടന്‍ ടൊവിനോ തോമസായിരുന്നു. ഇതിന് പിന്നാലെ നടന്‍റെ ഇരിങ്ങാലക്കുടയിലെ വസതിക്ക് മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍. വായ്മൂടിക്കെട്ടിയാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിഷേധം കണക്കിലെടുത്ത് നടന്‍റെ വീടിന് മുന്നില്‍ പൊലീസ് സുരക്ഷാ സന്നാഹങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.
‘ശരിയും തെറ്റും ആപേക്ഷികമായിരിക്കാം, പക്ഷേ ഒരു സമാധാനപരമായ പ്രതിഷേധത്തെ കൈകാര്യം ചെയ്യേണ്ട വഴി തീർച്ചയായും ഇതല്ലെന്നാണ് ടൊവിനോ തോമസ് കുറിച്ചത്. 'ഒരു രാജ്യത്തിന്റെ ഭാവി തലമുറ സംസാരിക്കുമ്പോൾ, അവരുടെ ശബ്ദത്തെ അടിച്ചമർത്തൽ ശക്തികൾ കൊണ്ട് നേരിടുകയാണെങ്കിൽ, ചവിട്ടിമെതിക്കപ്പെടുന്നത് ആ ഭാവി തന്നെയാണ്. ഇല്ലാതാകുന്നത് ജനാധിപത്യത്തിലുള്ള വിശ്വാസമാണ്. ഈ വിദ്യാർത്ഥികൾ എന്ത് തെറ്റാണ് ചെയ്തത്? അവർ പൊതുമുതൽ നശിപ്പിച്ചോ? അക്രമത്തിന്റെ വഴി തെരഞ്ഞെടുത്തോ? ഇത്തരം ഒരു പെരുമാറ്റം അർഹിക്കാൻ മാത്രം അവർ എന്താണ് ചെയ്തത്? എന്നും ടൊവിനോ കുറിച്ചു.
നമ്മുടെ രാജ്യത്തിന്റെ ഏത് ഭാഗത്തായാലും, ന്യായമായ ഒരു ആവശ്യത്തിന് വേണ്ടി സമാധാനപരമായി പ്രതിഷേധിക്കുന്ന ഓരോ വ്യക്തിക്കും ഞാൻ എന്റെ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന് ഒരു ഭീഷണിയല്ല; അത് അതിന്റെ അടിത്തറകളിൽ ഒന്നാണ്. ഇനി, എന്റെ ദേശീയതയെ ചോദ്യം ചെയ്യാൻ വരുന്നവരോട്, എന്നെക്കുറിച്ച് നിങ്ങൾക്ക് അറിയാവുന്നതിനേക്കാൾ വ്യക്തമായി എനിക്കറിയാം. എന്റെ രാഷ്ട്രീയം മനുഷ്യത്വമാണ്. എന്റെ വിശ്വാസം സമാധാനവും.ജയ് ഹിന്ദ്! ’ എന്നും ടൊവീനോ കൂട്ടിച്ചേര്‍ത്തു.
ടൊവീനോയെ കൂടാതെ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, പ്രാചി തെഹ്‌ലാൻ, സംവിധായകൻ ആഷിഖ് അബു തുടങ്ങിയവരും രംഗത്തെത്തിയിരുന്നു.
ഇതിനിടെ നടനെ അനുകൂലിച്ച് ഡിവൈഎഫ്ഐ പ്രകടനം നടത്തി. ഇരിങ്ങാലക്കുടയിൽ നടന്‍റെ വസതിയിലേയ്ക്ക് ഐക്യദാർഡ്യവുമായിട്ടായിരുന്നു ഡിവൈഎഫ്ഐ പ്രകടനം. യുവമോർച്ച പ്രവർത്തകർ വായ് മൂടികെട്ടി പ്രതിഷേധിച്ചതിന് പിന്നാലെയാണ് നടൻ ടോവിനോയെ അനുകൂലിച്ച് ഡിവൈഎഫ്ഐ പ്രകടനം നടത്തിയത്.