സാമൂഹിക വിഷയങ്ങളില്‍ ശക്തമായി പ്രതികരിക്കാന്‍ കെല്‍പ്പുള്ള ഗായകനാണ് അരിജിത് സിങ്. തന്‍റെ ഇത്തരം ഉറച്ച നിലപാടുകളുടെ പേരില്‍ അരിജിത് സിങ്ങ് കടുത്ത വിമര്‍ശനത്തിനും പാത്രമാക്കിയിട്ടുണ്ട്. ജന്തര്‍ മന്തറിലെ വിദ്യാര്‍ഥി പ്രതിഷേധത്തിനും പിന്തുണ പ്രഖ്യാപിച്ച് ഗായകന്‍ തന്‍റെ ഉറച്ച നിലപാട് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ അരിജിതിനെതിരെ സര്‍ക്കാരിനെ പിന്തുണക്കാരില്‍ നിന്ന് പ്രതിഷേധമുയര്‍ന്നിരുന്നു. പിന്നാലെ അരിജിതിനെ വിമര്‍ശിച്ച ഒരു ആരാധകന് ഗായകന്‍ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായിക്കൊണ്ടിരിക്കുന്നത്.
ഡല്‍ഹി പൊലീസ് ഗുണ്ടകളാണെന്നും രാജ്യത്തിന്‍റെ ഭാവി തല്ലിച്ചതയ്ക്കുകയാണെന്നും പ്രതിഷേധക്കാരെ നേരിടേണ്ടത് ഇങ്ങനെയല്ലെന്നും അരിജിത് തന്‍റെ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ തനിക്ക് അരിജിതിനോടുള്ള മുഴുവന്‍ ബഹുമാനവും നഷ്ടപ്പെട്ടെന്നും തന്‍റെ ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്നും അരിജിതിനെ വെറുക്കുന്നുവെന്നും ഒരു യുവാവ് കുറിച്ചു.
എന്നാല്‍ സാധാരണ വിമര്‍ശനങ്ങളോട് അധികം പ്രതികരിക്കാതിരിക്കാറുള്ള അരിജിതിന്‍റെ കണ്ണുകളില്‍ ഈ കമന്‍റ് പെട്ടു. ഉടന്‍ തന്നെ മറുപടിയും വന്നു. ‘എന്‍റെ പ്ലേലിസ്റ്റ് ഡിലീറ്റ് ചെയ്തേക്ക്. ഞാന്‍ ജീവിച്ചിരിക്കുന്നതായി കരുതേണ്ട, പക്ഷെ എന്‍റെ നിലപാട് മാറില്ല’ എന്നതായിരുന്നു ഗായകന്‍റെ മറുപടി.
മാസ്സ് മറുപടി നല്‍കിയതിന് പിന്നാലെ അരിജിതിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തുവന്നത്. മിക്കവാറും സെലിബ്രിറ്റികള്‍ സമരത്തെ കണ്ടില്ലെന്ന് നടിക്കുമ്പോള്‍ അരിജിത് സ്വീകരിച്ച നിലപാട് വന്‍ പ്രശംസയാണ് നേടുന്നത്.