ഡൽഹിയിലേക്ക് സിജെപി പ്രവർത്തകര്‍ ഒഴുകിയെത്തിയതോടെ 16 മെട്രോ സ്റ്റേഷനുകൾ അടച്ചും കൂടുതൽ കേന്ദ്ര സേനയെ വിന്യസിച്ചും പ്രതിഷേധക്കാരെ നേരിട്ട് പൊലീസ്. ധർമേന്ദ്ര പ്രധാന്‍റെ രാജിവരെ പിന്നോട്ടില്ലെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ നിലപാട് വ്യക്തമാക്കി. സമരം തീര്‍ക്കാന്‍ കേന്ദ്രത്തിന്‍റെ ഭാഗത്തു നിന്നും വീണ്ടും ശ്രമം തുടങ്ങി. സിജെപിയുമായി കേന്ദ്രമന്ത്രിമാരായ ജെ.പി.നഡ്ഡയും ജിതേന്ദ്ര സിങ്ങും വീണ്ടും ചർച്ച നടത്തും.
ഇന്നലെ ശ്രദ്ധ മുഴുവൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് പ്രതിഷേധത്തിലായപ്പോൾ, കൊണാട്ട് പ്ലേസിൽ കണ്ടത് വൻ സംഘർഷമാണ്. പൊലീസും - ദ്രുത കർമസേനയും പ്രതിഷേധക്കാരുമായി രാത്രി വൈകിയും പലതവണ ഏറ്റുമുട്ടി. ഇതോടെ എല്ലാവരും ജന്തർ മന്തറിലേക്ക് എത്തണമെന്നും സമാധാനപരമായ പ്രതിഷേധമാണെന്നും സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ അറിയിച്ചു. ജന്തർ മന്തറിന് പുറത്ത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ഗുണ്ടകളാണെന്നും അഭിജിത് പറഞ്ഞു. ജന്തർ മന്തർ പിന്നിട്ട് പാർലമെന്‍റ് സ്ട്രീറ്റും ജൻപഥ് വരെയും പ്രതിഷേധക്കാരെത്തി.
മെട്രോ വഴി കൂടുതല്‍ പ്രതിഷേധക്കാര്‍ എത്താതിരിക്കാനാണ് രാജീവ് ചൗക്ക് അടക്കം, പ്രധാനപ്പെട്ട 16 മെട്രോ സ്റ്റേഷനുകള്‍ അടച്ചത്. ബംഗാളില്‍നിന്ന് 20 കമ്പിനി സിആര്‍പിഎഫിനെ ഡല്‍ഹിയില്‍ ഉടന്‍ വിന്യസിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി. ഇതിനിടെ, സിജെപിയുടെ പാർലമെന്‍റ് മാർച്ചിലെ പൊലീസ് അതിക്രമത്തിനെതിരായ ഹർജി അടിയന്തരമായി ലിസ്റ്റ് ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ ഉണ്ടെന്ന് ഹർജിക്കാരൻ അറിയിച്ചപ്പോള്‍, ദൃശ്യങ്ങള്‍ കാണാൻ താല്‍പ്പര്യവും സമയവും ഇല്ലെന്ന് ചീഫ് ജസ്റ്റിസ് നിലപാടെടുത്തു. തൊഴിലില്ലാത്ത ചിലര്‍ പാറ്റകളെപ്പോലെയാണെന്ന ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്‍റെ പരാമര്‍ശമാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ രൂപീകരണത്തിന് തന്നെ കാരണമായത്.
ഇതിനിടെ, വക്താവ് സ്ഥാനത്തുനിന്ന് വിജേദ ദഹിയയെ സിജെപി നീക്കി. പ്രതിഷേധം നടക്കുമ്പോൾ ദഹിയ ബർഗർ കഴിക്കുന്ന ദൃശ്യം പുറത്ത് വന്നതിനു പിന്നാലെയാണ് നടപടി. ധർമേന്ദ്ര പ്രധാന്‍റെ രാജി വരെ ഒരടി പിന്നോട്ടില്ലെന്ന് സിജെപി വ്യക്തമാക്കുമ്പോള്‍ ഇനി പന്ത് കേന്ദ്രത്തിന്‍റെ കോര്‍ട്ടിലാണ്. പാർലമെന്‍റ് മാർച്ച് ടീസർ മാത്രമെന്നാണ് അഭിജിത് ദീപ്കെ പറഞ്ഞത്.