തമിഴകത്തെ പ്രമുഖസംവിധായകന്‍, പങ്കാളി തെന്നിന്ത്യയിലെ സൂപ്പര്‍ സ്റ്റാര്‍, സിനിമക്ക് പുറമേയുള്ള ബിസിനസുകള്‍, ഇത്രയും സാമ്പത്തിക ഭദ്രതയുള്ള ദമ്പതികള്‍ക്ക് റിട്ടയര്‍മെന്‍റിന് ശേഷം ജീവിക്കാന്‍ എത്ര രൂപ വേണ്ടിവരും. സംവിധായകന്‍ വിഘ്നേഷ് ശിവന്‍ ഭാവിജീവിതത്തെ പറ്റിയുള്ള പ്ലാനുകളെ പറ്റി സംസാരിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
സിനിമയിൽ നിന്നും മറ്റു തിരക്കുകളിൽ നിന്നും മാറി സമാധാനപരമായി ജീവിക്കാൻ ബാങ്ക് അക്കൗണ്ടിൽ എത്ര രൂപ വേണം? ഒരു അഭിമുഖത്തിലാണ് വിഘ്നേഷ് ഇതിനെ പറ്റി സംസാരിച്ചത്. സ്വസ്ഥമായി വിശ്രമജീവിതം നയിക്കണമെങ്കിൽ ബാങ്കിൽ കുറഞ്ഞത് 350 കോടി രൂപയുടെ സ്ഥിരനിക്ഷേപം വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. 'ഇത്രയും തുക നിക്ഷേപിച്ചാൽ അതിൽ നിന്ന് പലിശയായി മാത്രം വർഷം 21 കോടി രൂപ ലഭിക്കും. അതായത് മാസം ഒന്നരക്കോടി രൂപയും, ദിവസം 30 ലക്ഷം രൂപയും വരുമാനമായി കിട്ടും,' ഫണ്‍ മോഡിലായിരുന്നു വിഘ്നേഷിന്‍റെ മറുപടി.
നയന്‍താരയ്ക്കും വിഘ്നേഷ് ശിവനും കൂടി ഒന്നിച്ച് 270 കോടിക്ക് മേല്‍ ആസ്തിയുണ്ട്. റൗഡ് പിക്ചേഴ്സ് എന്ന പേരില്‍ നിര്‍മാണ കമ്പനിയും ഇരുവര്‍ക്കുമുണ്ട്. വിഘ്നേഷിന്‍റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തുവന്ന 'എല്‍ഐകെ' എന്ന ചിത്രം റൗഡി പിക്ചേഴ്സിന്‍റെ ബാനറിലാണ് നിര്‍മിച്ചത്. സ്കിൻ കെയർ, സാനിറ്ററി പാഡ്, ഭക്ഷ്യോൽപ്പന്നങ്ങൾ തുടങ്ങി നിരവധി ബിസിനസുകൾ ഇരുവരും നടത്തുന്നുണ്ട്. ചെന്നൈയിലെ പോയസ് ഗാർഡനിൽ 100 കോടി രൂപയിലധികം വിലമതിക്കുന്ന ബംഗ്ലാവ് താരത്തിനുണ്ട്. ഇതുകൂടാതെ ഹൈദരാബാദ്, മുംബൈ, ദുബായ് എന്നിവിടങ്ങളിലും നടിക്ക് ആഡംബര ഫ്ലാറ്റുകളുണ്ട്.