നയന്‍താര നായികയാവുന്ന ചിത്രം 'മൂക്കുത്തി അമ്മൻ 2' റിലീസിനൊരുങ്ങുകയാണ്. റിലീസിന് മുന്നോടിയായി ചെന്നൈയിൽ വലിയൊരു പ്രീ-റിലീസ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ചിത്രത്തിലെ പ്രധാന താരങ്ങളായ ഉര്‍വശി, റെജീന കസാൻഡ്ര, ഖുശ്ബു, യോഗി ബാബു, സംവിധായകൻ സുന്ദർ സി എന്നിവരെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ നായികയായ നയൻതാര ചടങ്ങില്‍ എത്തിയിരുന്നില്ല. പ്രധാന താരം തന്നെ വിട്ടുനിന്നത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. 

ലേഡി സൂപ്പർസ്റ്റാർ പദവിയിലുള്ള ഒരു താരം പ്രൊമോഷന് വരാതിരിക്കുന്നത് നിർമ്മാതാക്കൾക്ക് വലിയ നഷ്ടമുണ്ടാക്കുമെന്നും, പണം മുടക്കുന്ന നിർമ്മാതാവിനോട് കാണിക്കുന്ന അനീതിയാണെന്നും താരത്തിനെതിരെ വിമര്‍ശനമുയരുകയാണ്. യഷിന്റെ ബിഗ് ബജറ്റ് ചിത്രമായ ടോക്സിക് പോലുള്ള മറ്റ് ചില സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്തത് ചൂണ്ടിക്കാട്ടിയും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയര്‍ന്നു. 

അതേസമയം മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ ചിത്രത്തോട് നയൻതാര വലിയ തോതിൽ സഹകരിച്ചിട്ടുണ്ട്. സിനിമയുടെ പൂജ ചടങ്ങുകളിൽ നയൻതാര പങ്കെടുത്തിരുന്നു. റിലീസിന് മുന്നോടിയായി സംവിധായകനും നിർമ്മാതാവിനും നന്ദി പറഞ്ഞുകൊണ്ട് അവർ ഒരു പ്രത്യേക കുറിപ്പും അവര്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. 

അതേസമയം നയന്‍താരയുടേയും വിഘ്നേഷ് ശിവന്‍റേയും ഉടമസ്ഥതയിലുള്ള റൗഡി പിക്ചേഴ്സ് നിര്‍മാണ പങ്കാളിയായതിനാലാണ് നയൻതാര ഈ ചിത്രത്തിന് വേണ്ടി ഇത്തരം വിട്ടുവീഴ്ചകൾക്ക് തയ്യാറായതെന്നാണ് ഒരു വിഭാഗത്തിന്‍റെ വാദം. സിനിമയുടെ അണിയറപ്രവർത്തകർ തമ്മിൽ തർക്കങ്ങളോ പ്രശ്നങ്ങളോ ഇല്ലെങ്കിലും, നയൻതാരയുടെ 'നോ-പ്രൊമോഷൻ പോളിസി' വീണ്ടും ചര്‍ച്ചയാവുകയാണ്. 

ENGLISH SUMMARY:

Nayanthara Mookuthi Amman 2 promotion absence sparks massive debate across social media platforms regarding celebrity promotional duties. Critics argue that the lead actress skipping the pre-release event is unfair to the producers, while her supporters highlight her previous contributions to the project.