വിജയ് ചിത്രമായ ജനനായകന്‍റെ വ്യാജപതിപ്പ് പുറത്തുവിട്ട പ്രധാന പ്രതി പിടിയില്‍. ഫ്രീലാന്‍സ് അസിസ്റ്റന്റ് എഡിറ്ററാണ് പിടിയിലായത്. മറ്റൊരു ചിത്രത്തിന്റെ എഡിറ്റിങ്ങുമായി ബന്ധപ്പെട്ടെത്തിയ ഇയാള്‍ സ്റ്റുഡിയോയില്‍ നിന്നും ജനനായകന്റെ ദൃശ്യങ്ങള്‍ കോപി ചെയ്ത് മാറ്റുകയായിരുന്നുവെന്നാണ് ചെന്നൈ പൊലീസ് സൈബര്‍ ക്രൈം വിങ് കണ്ടെത്തിയിരിക്കുന്നത്.

ഈ കേസുമായി ബന്ധപ്പെട്ട് നേരത്തേ ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ ഈ എഡിറ്റര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൂടിയാണ് പിടിയിലായിരിക്കുന്നത്. പ്രധാന പ്രതിയായ എഡിറ്റര്‍ ജനനായകന്‍ സിനിമയുടെ ഭാഗമായി ജോലി ചെയ്തിട്ടില്ലെന്നാണ് വിവരം. സ്റ്റുഡിയോയില്‍ നിന്നും സിനിമയുടെ റോ ഫൂട്ടേജ് ഇയാള്‍ കൈക്കലാക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഫയലുകൾ പകർത്തി ഡാറ്റ പ്രോസസ്സ് ചെയ്ത് മാറ്റിയ ഇയാള്‍ ഈ ദൃശ്യങ്ങള്‍ മറ്റ് പ്രതികളുമായി പങ്കുവച്ചു.

ഇത് എച്ച്ഡി നിലവാരത്തിൽ പൈറസി നെറ്റ്‌വർക്കുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വേഗത്തിൽ പ്രചരിക്കുകയായിരുന്നു. ഇതോടെ ജനനായകന്‍റെ വ്യാജപതിപ്പ് കേസുമായി ബന്ധപ്പെട്ട് ആകെ 9 പേര്‍ അറസ്റ്റിലായിക്കഴിഞ്ഞു. ഈ ചിത്രത്തിന്‍റെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും പ്രക്ഷേപണം ചെയ്യുന്നതില്‍ നിന്നും ഇന്റര്‍നെറ്റ് സേവനദാതാക്കളേയും കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരേയും ഒടിടി പ്ലാറ്റ്ഫോമുകളേയും വിലക്കിക്കൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ജൂണ്‍ 2വരെയാണ് നിലവില്‍ വിലക്കുള്ളത്. ഇനിയും വ്യാജപതിപ്പുകള്‍ പ്രചരിച്ചാല്‍ നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സിന്‍റെ തീരുമാനം.

 

 

Vijay's 'Jananayakan' Piracy Mastermind Arrested:

Vijay's film 'Jananayakan's' pirated copy creator has been apprehended, a significant step in combating movie piracy. The main accused, a freelance assistant editor, was arrested for illegally copying and distributing the film's visuals from a studio.