വിജയ് ചിത്രം 'ജന നായകന്‍' ഇന്‍റര്‍നെറ്റില്‍ ചോര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി നടി മമിത ബൈജു. സിനിമ ചോര്‍ന്നത് നിരാശജനകമാണെന്ന് മമിത പറഞ്ഞു. സിനിമ റിലീസ് തിയേറ്ററില്‍ റിലീസ് ചെയ്യുമ്പോള്‍ ആസ്വദിക്കാമെന്നും പൈറസിയെ പിന്തുണയ്ക്കരുതെന്നും മമിത പറഞ്ഞു.
'പ്രിയപ്പെട്ട പ്രേക്ഷകരേ, നിരവധി ആളുകളുടെ കഠിനാധ്വാനം, അഭിനിവേശം, അർപ്പണബോധം എന്നിവയിലൂടെയാണ് ഒരു സിനിമ ജീവൻ വെയ്ക്കുന്നത്. ഓരോ ദിവസവും അവർ തങ്ങളാൽ കഴിയുന്നതെല്ലാം നൽകുന്നു. ഇത് നിയമവിരുദ്ധമായി പ്രചരിക്കുന്നത് കാണുന്നത് തീർത്തും നിരാശാജനകമാണ്. ചില നിമിഷങ്ങൾ ഉദ്ദേശിച്ചതുപോലെ തന്നെ വലിയ സ്ക്രീനിൽ ഒരുമിച്ച് അനുഭവിക്കാൻ ഉള്ളതാണ്. ഔദ്യോഗികമായി റിലീസ് ചെയ്യുമ്പോൾ സിനിമ ശരിയായ രീതിയിൽ കാത്തിരുന്ന് ആസ്വദിക്കാം. ദയവായി പൈറസിയെ പിന്തുണയ്ക്കരുത്. സിനിമയെയും അതിന് പിന്നിലുള്ള എല്ലാവരെയും സംരക്ഷിക്കാനുള്ള ഒരേയൊരു മാർഗം അതാണ്,' സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ മമിത പറഞ്ഞു.
ചിത്രത്തില്‍ വിജയ്ക്കൊപ്പം നിര്‍ണായക വേഷത്തില്‍ മമിത ബൈജുവുമുണ്ട്. 'ജന നായകന്‍' ചോര്‍ന്നതില്‍ വിമര്‍ശനവുമായി രജിനികാന്തും കമല്‍ ഹാസനും ഉള്‍പ്പെടെയുള്ള താരങ്ങള്‍ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ ശക്തമായ താക്കീതുമായി ചിത്രത്തിന്റെ നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് രംഗത്തെത്തിയിരുന്നു. ജനുവരി 9-നായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. സെൻസർ ബോർഡിന്റെ ക്ലിയറൻസ് ലഭിക്കാത്തതിനെത്തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി റിലീസ് വൈകുകയാണ്.