തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഡാഷ് മോനേ പരാമര്‍ശത്തില്‍ പിന്തുണയുമായി നടി മാലാ പാര്‍വതി. ഔദ്യോഗിക കത്തിൽ ‘പോ മോനെ’ എന്ന് അപമാനിച്ചതിന് ഇത് തന്നെയാണ് മറുപടിയെന്ന് മാലാ പാര്‍വതി സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചു.
'തെലുങ്കാന മുഖ്യമന്ത്രി,കേരള മുഖ്യമന്ത്രിയ്ക്കയച്ച ഔദ്യോഗിക കത്തിൽ ‘പോ മോനെ’ എന്ന് അപമാനിച്ചതിന് ഇത് തന്നെയാണ് മറുപടി ! മുഖ്യമന്ത്രി കേരളത്തിന്റെ മാനം കാത്തു ! പിന്നല്ലാതെ !', എന്നാണ് മാലാ പാർവതികുറിച്ചത്.
തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് മോഹന്‍ലാല്‍ സിനിമയിലെ മാസ് ഡയലോഗ് അനുകരിച്ച് പിണറായി വിജയനെ രേവന്ത് റെഡ്ഡി പരിഹസിച്ചത്. നേമത്തെ സ്ഥാനാര്‍ഥി കെ.എസ്.ശബരീനാഥനൊപ്പം നടത്തിയ റോഡ് ഷോയിലായിരുന്നു വിമർശനം.
മുഖ്യമന്ത്രി എന്ന നിലയിൽ രേവന്ത് റെഡ്ഡി പാലിക്കേണ്ട ചില മര്യാദകളുണ്ടെന്നും. അദ്ദേഹം അത് കാണിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നുമായിരുന്നു വിവാദത്തിൽ പിണറായി വിജയന്റെ മറുപടി. അദ്ദേഹത്തിന്റെ ആരോപണങ്ങൾക്ക് ഇപ്പോൾ സമയമില്ലാത്തതിനാൽ മറുപടി പറയുന്നില്ല. ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട് എന്ന് മാത്രമേ പറയുന്നുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിണറായി വിജയനുമായി തെലങ്കാനയുടെ വികസനത്തില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തിലും നീ പോ മോനെ വിജയന്‍ വിളി അദ്ദേഹം ആവര്‍ത്തിച്ചിരുന്നു.