• പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളായ ഹസൻ വാരിസ്, നിഖിൽ എന്നിവർക്ക് അന്വേഷണസംഘം നോട്ടിസ് നൽകി. വ്യത്യസ്ത ദിവസങ്ങളിൽ ഹാജരാകാനാണ് ഇരുവർക്കും നിർദേശം.

സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തിന്റെ നോട്ടീസ്. ഹസൻ വാരിസ്, നിഖിൽ എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചാണ് നോട്ടീസ് നൽകിയത്. വ്യത്യസ്ത ദിവസങ്ങളിൽ ഹാജരാകാനാണ് ഇരുവർക്കും നിർദേശം. ആദ്യഘട്ടത്തിൽ ഇരുവരെയും പ്രത്യേകം ചോദ്യം ചെയ്യും. ഇ.ഡി. സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോർട്ടിലെ ഹവാല ഇടപാട് ആരോപണങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. റിയാസ് മന്ത്രിയായിരിക്കെ സമ്പാദിച്ച പണം സുഹൃത്തുക്കൾ വഴി വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം. ഇവരിൽനിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും റിയാസിനും ഭാര്യ ടി.വീണയ്ക്കുമെതിരെ തുടർനടപടി സ്വീകരിക്കണമോയെന്ന് തീരുമാനിക്കുക. Also Read: രാത്രി ക്ലയന്റിന്റെ ഫ്ലാറ്റിലെത്തി, പിന്നാലെ തര്‍ക്കം; 25കാരനായ ജിം ട്രെയിനറെ അടിച്ചുകൊന്നു

ഇ.ഡി. നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് എസ്ഐടി റിയാസിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നത്. നേരത്തെ ഇ.ഡി. ഭീഷണിപ്പെടുത്തിയാണ് മൊഴിയെടുത്തതെന്ന് ഇവർ ആരോപിച്ചിരുന്നു. ഇക്കാര്യവും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുമെന്നാണ് സൂചന. ഹവാല ഇടപാടിലൂടെ മുഹമ്മദ് റിയാസ് കോടികൾ വിദേശത്തേക്ക് കടത്തിയെന്നാണ് ഇ.ഡിയുടെ റിപ്പോർട്ടിലെ ആരോപണം. ടി.വീണയുടെ ഡയറിയിൽ ഹസൻ വാരിസിന് 1.2 കോടി രൂപയും മറ്റൊരാൾക്ക് നിശ്ചിത തുകയും നൽകിയതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇ.ഡിയുടെ അവകാശവാദം. എന്നാൽ ആരോപണങ്ങൾ മുഹമ്മദ് റിയാസും പിണറായി വിജയനും നിഷേധിച്ചിട്ടുണ്ട്.

പിണറായി വിജയൻ, മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസ്, ടി.വീണ എന്നിവർക്കെതിരായ ആരോപണങ്ങളിലാണ് എസ്ഐടി അന്വേഷണം നടത്തുന്നത്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണസംഘം. സിഎംആർഎൽ–എക്സാലോജിക് പണമിടപാടും ഹവാല ആരോപണങ്ങളുമാണ് ആദ്യഘട്ടത്തിൽ പരിശോധിക്കുന്നത്.

ഇ.ഡി. ഉന്നയിച്ച ആരോപണങ്ങൾക്ക് അടിസ്ഥാനമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായാൽ റിയാസിനും വീണയ്ക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതടക്കമുള്ള തുടർനടപടികളിലേക്ക് കടക്കാനാണ് തീരുമാനം. കേസുമായി ബന്ധപ്പെട്ട് ഇ.ഡി. കൈമാറിയ വീണയുടെ ഡയറി, സാക്ഷിമൊഴികൾ തുടങ്ങിയ രേഖകളുടെ പൂർണരൂപവും എസ്ഐടി ശേഖരിക്കും. നേരത്തെ അന്വേഷണം നടത്തിയ ഇ.ഡി. ഉദ്യോഗസ്ഥരുമായി ക്രൈംബ്രാഞ്ച് സംഘം കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്.

അഴിമതി നിരോധന നിയമപ്രകാരമാണ് പിണറായി വിജയനെതിരായ അന്വേഷണം. ആരോപണങ്ങൾക്ക് തെളിവുകൾ ലഭിച്ചാൽ തുടർനടപടികൾക്കായി കേസ് വിജിലൻസിന് കൈമാറും.

ENGLISH SUMMARY:

The Crime Branch SIT has issued notices to Hasan Waris and Nikhil, friends of former Kerala minister P.A. Muhammad Riyas, as part of its preliminary investigation into allegations surrounding the CMRL–Exalogic transactions. The questioning focuses on hawala allegations raised by the ED, including claims of funds being transferred abroad through Riyas's associates. Riyas and Pinarayi Vijayan have denied the allegations.