കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ ഏറ്റവും വലിയ വിജയം നേടിയ ചിത്രമായിരുന്നു രണ്‍വീര്‍ സിങ് നായകനായ 'ധുരന്ധര്‍'. 1400 കോടി രൂപ നേടിയ ചിത്രം വലിയ ജനപ്രീതിയും നേടി. പാകിസ്ഥാനിലെ തീവ്രവാദികള്‍ക്കിടയിലേക്ക് പോകുന്ന ഇന്ത്യന്‍ ചാരന്‍റെ കഥയാണ് 'ധുരന്ധര്‍' പറഞ്ഞത്. ഈ വര്‍ഷം തുടക്കത്തില്‍ റിലീസായ ചിത്രത്തിന്‍റെ രണ്ടാം ഭാഗവും വലിയ വിജയമാണ് നേടിയത്. നോര്‍ത്തിലെ സൗത്തിലേയും പ്രമുഖ താരങ്ങളെല്ലാം 'ധുരന്ധറി'നേയും രണ്‍വീറിന്റെ പ്രകടനത്തേയും വാഴ്​ത്തി രംഗത്തെത്തി. 

ഇതിനിടെ നടിയും രണ്‍വീറിന്‍റെ പങ്കാളിയും കൂടിയായ ദീപികയുടെ മൗനവും ഏറെ ശ്രദ്ധ നേടി. 'ധുരന്ധറി'ന്‍റെ വിജയത്തില്‍ താരം ഒരു പ്രതികരണവും നടത്തിയിരുന്നില്ല. ചിത്രത്തിന്‍റെ സ്ക്രീനിങിലും പങ്കെടുക്കാതിരുന്ന ദീപിക 'ധുരന്ധറി'ന്‍റെ ഒരു പോസ്റ്റര്‍ പോലും പങ്കുവച്ചിരുന്നില്ല. ഇതോടെ ദീപികക്കെതിരെ വിമര്‍ശനവുമായി ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. സിനിമയോട് ദീപികക്ക് വിയോജിപ്പാണെന്നും താരം ദേശസ്നേഹിയല്ലെന്നും പോലും അധിക്ഷേപങ്ങള്‍ ഉയര്‍ന്നു. 

ഇപ്പോഴിതാ വിമര്‍ശകരെ നിബ്ദരാക്കി വിഷയത്തില്‍ ദീപിക ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്. സിനിമയെക്കുറിച്ച് ദീപിക മൗനം പാലിക്കുന്നത് മനപ്പൂർവമാണോ എന്ന് ചോദിച്ചുകൊണ്ടുള്ള ഒരു റിലീലെ കമന്‍റ് ബോക്സിലാണ് ദീപിക നേരിട്ട് മറുപടി കൊടുത്തത്.  'നിങ്ങൾ കാണുന്നതിനും എത്രയോ മുൻപേ ഞാൻ ഈ സിനിമ കണ്ടു കഴിഞ്ഞു. ഇപ്പോൾ ആരോടാണ് പരിഹാസം?' എന്നാണ് താരം കുറിച്ചത്. പിന്നാലെ കമന്‍റിന്‍റെ സ്ക്രീന്‍ഷോട്ട് അതിവേഗമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. 'രണ്‍വീറിന്‍റെ പങ്കാളയാണ് ദീപിക എന്ന് മറന്നുപോയോ' എന്നാണ് ദീപികയുടെ കമന്‍റ് ഉയര്‍ത്തി പലരും ഇപ്പോള്‍ വിമര്‍ശകരോട് ചോദിക്കുന്നത്. 

'ധുരന്ധർ 2' റിലീസ് ആയതിന് ശേഷം ദീപിക സോഷ്യൽ മീഡിയയിൽ പോസ്റ്റുകളൊന്നും ചെയ്തിട്ടില്ലെങ്കിലും രൺവീറിനൊപ്പം പൊതുവേദികളിൽ എത്തിയിരുന്നു. ഇരുവരും ഒന്നിച്ച് ആരാധകർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തിരുന്നു. സിനിമയുടെ രാഷ്ട്രീയ നിലപാടിനോട് ദീപികയ്ക്ക് വിയോജിപ്പുണ്ടെന്ന തരത്തിൽ മുന്‍പ് വ്യാജ സ്ക്രീന്‍ ഷോട്ടുകളും പ്രചരിച്ചിരുന്നു. 

ENGLISH SUMMARY:

Deepika Padukone has finally responded to criticism regarding her silence on Ranveer Singh's recent hit film, "Dhurandhar". She clarified in a social media comment that she had seen the movie much earlier and questioned the intent behind the perceived mockery.