Image Credit: PTI
ഡോണ്‍ 3 വിവാദങ്ങള്‍ക്ക് പിന്നാലെ രണ്‍വീര്‍ സിങിന് ബോളിവുഡില്‍ വിലക്ക്. വെസ്റ്റേണ്‍ ഇന്ത്യ സൈന്‍ എംപ്ലോയിസ് (ഫ്വൈസ്) ഫെഡറേഷനാണ് രണ്‍വീറിനോട് സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചത്. വന്‍ ഗൂഢാലോചനയാണ് രണ്‍വീറിനെതിരെ നടക്കുന്നതെന്നും അതിന്‍റെ ഭാഗമാണ് ഈ വിലക്കെന്നുമാണ് ആരാധകര്‍ പറയുന്നത്. ഡോണ്‍ 3യില്‍ നിന്ന് താരം പിന്‍മാറിയതിനെ തുടര്‍ന്ന് നിര്‍മാതാക്കള്‍ക്ക് 45 കോടി രൂപ നഷ്ടമുണ്ടായെന്നായിരുന്നു വാര്‍ത്തകള്‍.
രണ്‍വീര്‍ ചിത്രങ്ങളോട് നിസഹകരണം സംഘടന പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ താരത്തിനായി പ്രതിരോധം ഉയര്‍ന്നു. ഇതാദ്യമായിട്ടല്ല ചിത്രങ്ങളില്‍ നിന്ന് താരങ്ങള്‍ പിന്‍മാറുന്നതെന്നും ധുരന്ധറിന്‍റെ വിജയം പലരുടെയും ഉറക്കം കെടുത്തുന്നുവെന്നും ശരിക്കുള്ള പ്രശ്നം എന്താണെന്നും ആളുകള്‍ ചോദ്യമുയര്‍ത്തി. ചെയ്യാമെന്നേറ്റ ചിത്രത്തില്‍ നിന്ന് പിന്‍മാറുന്ന ആദ്യത്തെ അഭിനേതാവല്ലല്ലോ രണ്‍വീറെന്നും ആളുകള്‍ ചോദിക്കുന്നു.
അതേസമയം, രണ്‍വീറിനെ തകര്‍ക്കാന്‍ ആസൂത്രിത ഗൂഢാലോചന നടക്കുന്നുവെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. 'ബോളിവുഡിലെ ചില വലിയ ആളുകള്‍ക്ക് ധുരന്ധറിന്‍റെ വിജയം രസിച്ച മട്ടില്ല. അസൂയ മാത്രമാണ് ഈ നടപടിക്ക് പിന്നില്‍. നെപോ കിഡ്സിന് സാധിക്കാതിരുന്നത് മറ്റൊരാള്‍ നേടുമ്പോള്‍ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്' എന്നും ഒരാള്‍ കുറിച്ചു.
ഡോണ്‍ 3യില്‍ നിന്ന് രണ്‍വീര്‍ പിന്‍മാറാന്‍ കാരണം ഫര്‍ഹാന്‍ അക്തര്‍ തന്നെയാണെന്നും 120 ബഹാദുറിന് വേണ്ടി ഡോണ്‍ 3 തള്ളിയത് ഫര്‍ഹാന്‍ ആണെന്നും ആളുകള്‍ കുറിച്ചു. മറ്റൊരാളുടെ വിജയം കണ്ട് ഇരുന്ന് കരഞ്ഞിട്ട് കാര്യമില്ലെന്നും ആളുകള്‍ ഫര്‍ഹാനെ മെന്‍ഷന്‍ ചെയ്ത് കുറിച്ചു.
നിലവിലുള്ള രണ്‍വീര്‍ ചിത്രങ്ങങ്ങളെ വിലക്ക് സാരമായി ബാധിച്ചേക്കില്ല. എന്നാല്‍ പുതിയതായി ഷൂട്ടിങ് ആരംഭിക്കാനിരിക്കുന്ന ചിത്രങ്ങള്‍ പ്രതിസന്ധിയിലായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോണ്‍ 3യുടെ നിര്‍മാതാക്കളുമായി രമ്യമായ പരിഹാരത്തിലെത്തിച്ചേരുന്നത് വരെ ഷൂട്ടിങും പ്രൊഡക്ഷനും സാധ്യമായേക്കില്ലെന്നാണ് ദേശീയമാധ്യമങ്ങള്‍ പറയുന്നത്.
വിവാദം ചൂടുപിടിച്ചതിനിടെ രണ്‍വീറിന്‍റെ ടീമും ഔദ്യോഗികമായി പ്രതികരിച്ചിട്ടുണ്ട്. 'ഡോണ്‍ 3 യിലെ താരത്തിന്‍റെ പിന്‍മാറ്റത്തെ ചൊല്ലി പലതരം വാര്‍ത്തകള്‍ നിറഞ്ഞപ്പോഴും മൗനമായിരിക്കാനായിരുന്നു രണ്‍വീറിന്‍റെ തീരുമാനം. പ്രഫഷനല്‍ ചര്‍ച്ചകളും വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകളും പക്വതയോടെയും പരസ്പര ബഹുമാനത്തോടെയും മാന്യതയോടെയും വേണം നടത്താന്‍ എന്ന താരത്തിന്‍റെ നിലപാടിന്‍റെ പുറത്തായിരുന്നു ഈ മൗനം. നിലവില്‍ പ്രചരിക്കുന്ന ഒന്നിനോടും പ്രതികരിക്കാന്‍ രണ്‍വീര്‍ ആഗ്രഹിക്കുന്നില്ല. അഭിനയത്തില്‍ മാത്രം തല്‍ക്കാലം ശ്രദ്ധിക്കാനും ഏറ്റെടുത്ത ചിത്രങ്ങള്‍ പൂര്‍ത്തീകരിക്കാനുമാണ് താരത്തിന്‍റെ ശ്രമം' എന്നായിരുന്നു ഔദ്യോഗിക പ്രസ്താവന.
Google trending topic: Ranveer Singh