'ധുരന്ധർ' സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനർ സൈനി എസ്.ജോഹ്‌റേക്കെതിരെ പീഡന പരാതി. സിനിമയുടെ ടീമിലുണ്ടായിരുന്ന ഡല്‍ഹി സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് ചണ്ഡീഗഡ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. രേഖാമൂലമുള്ള പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് സെക്ടർ-17 പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. ധുരന്ധറില്‍ ജോഹ്​േറ നിര്‍മിച്ച ലയാരി ടൗണിന്‍റെ മാതൃക ശ്രദ്ധ നേടിയിരുന്നു. 

2025ലാണ് യുവതി ധുരന്ധര്‍ ടീമിനൊപ്പം ചേര്‍ന്നത്. പിന്നാലെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സിനിമയുടെ ചര്‍ച്ചകള്‍ക്കെന്ന വ്യാജേന ചണ്ഡീഗഡിലെ താജ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ മറ്റ് അണിയറപ്രവർത്തകർ ആരും ഉണ്ടായിരുന്നില്ല. 

ജോഹ്‌റേ തന്നെ നിര്‍ബന്ധിപ്പിച്ച് മദ്യം കഴിപ്പിച്ചു. മദ്യത്തിൽ ലഹരിപദാർത്ഥം കലർത്തിയിരുന്നു. ഇതിനുശേഷം അര മണിക്കൂറോളം ശര്‍ദിച്ചു. ശുചിമുറിയില്‍ ശര്‍ദിച്ചുകൊണ്ടിരിക്കുമ്പോള്‍ ജോഹ്റേ അനുചിതമായി സ്പര്‍ശിച്ചു. നിര്‍ബന്ധിച്ച് കട്ടിലില്‍ കിടത്തി. എതിർത്തപ്പോൾ ശാരീരികമായി ഉപദ്രവിച്ചതായും യുവതി ആരോപിച്ചു. 

മുറിയില്‍ നിന്നും പുറത്തുപോകാന്‍ അനുവദിച്ചില്ല. പിറ്റേന്ന് രാവിലെ രക്ഷപ്പെടുന്നത് വരെ തന്നെ മുറിയിൽ തടവിലാക്കിയതായും പരാതിയിൽ പറയുന്നു. പീഡനവിവരം പുറത്ത് പറയരുതെന്നും മറിച്ച് ചെയ്താല്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. കേസ് രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് ജോഹ്‌റേ ജില്ലാ കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടി. 

ENGLISH SUMMARY:

Dhurandhar movie's production designer, Saini S. Johre, faces a sexual assault case filed by a woman from Delhi who was part of the film's team. The Chandigarh police have registered an FIR based on her written complaint after a preliminary investigation.