ബോളിവുഡിലെ ഏറ്റവും പണം വാരിക്കൂട്ടിയ സിനിമകളില്‍ രണ്ടാമത്തെ സ്ഥാനം ധുരന്ധര്‍ 2വിനാണ്. ധുരന്ധര്‍ ആദ്യഭാഗത്തിന്‍റെ വിജയത്തിന് പിന്നാലെ ഇത് പ്രതീക്ഷിച്ചതുമായിരുന്നു. ചിത്രത്തിന്‍റെ ഇന്ത്യയിലെ ഒടിടി റിലീസ് ജൂണ്‍ നാലിനാണെന്നിരിക്കെ രാജ്യന്തര ഒടിടി റിലീസ് മേയ് 14നായിരുന്നു. ഇതിനിടെ സിനിമയെക്കുറിച്ച് പാക്കിസ്ഥാനില്‍ നിന്ന് വരുന്ന വാര്‍ത്തയാണ് കൗതുകമുണര്‍ത്തുന്നത്.

മവ്വിയ ഉമര്‍ ഫാറൂഖി എന്ന കണ്ടന്‍റ് ക്രിയേറ്ററാണ് സിനിമയുടെ പാക്കിസ്ഥാന്‍ ഒടിടി റിലീസിനെക്കുറിച്ച് രസകരമായ വാര്‍ത്ത പുറത്തുവിട്ടത്. 

സിനിമയുടെ റിലീസിന് തലേദിവസമായ മേയ് 13ന് നെറ്റ്ഫ്ലിക്സില്‍ നോക്കിയിരിക്കുകയായിരുന്നു ഫാറുഖി. എന്നാല്‍ 12 മണിക്ക് സിനിമ നെറ്റ്ഫ്ലിക്സില്‍ റിലീസായതോടെ ഇന്‍റര്‍നെറ്റ് ട്രാഫിക്ക് വര്‍ധിച്ച് ബന്ധം തകരാറിലായെന്നാണ് ഫാറൂഖി പറയുന്നത്. തന്‍റെ വിഡിയോയില്‍ സിനിമ നെറ്റ്ഫ്ലിക്സില്‍ പ്ലേ ചെയ്യുമ്പോള്‍ ബഫറിങ് വരുന്നതും കണക്ഷന്‍ ഫെയില്‍ഡ് എന്നെഴുതി കാണിക്കുന്നതുമെല്ലാം ഫാറൂഖി കാണിക്കുന്നുണ്ട്. 

പാക്കിസ്ഥാനിലെ യുവതയ്ക്ക് സിനിമയുടെ രാഷ്ട്രീയ സ്വഭാവമറിയാമെന്നും സിനിമയുടെ മേക്കിങ് കാണാനാണ് അവര്‍ കാത്തിരിക്കുന്നത് എന്നും ഫാറൂഖി പറഞ്ഞു. എന്നാല്‍ പാക്കിസ്ഥാന്‍ നെറ്റ്ഫ്ലിക്സില്‍ നിലവിലെ ഒന്നാം സ്ഥാനം സിനിമ വഹിക്കുന്നത് യുവത മാത്രമല്ല സിനിമ കാണുന്നതെന്ന് വ്യക്തമാക്കുന്നതാണ്. 

ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ 2: ദ് റിവഞ്ച്' ഈ വര്‍ഷം ഏറ്റവും വലിയ വിജയം നേടിയ ഇന്ത്യന്‍ ചിത്രമായിക്കഴിഞ്ഞു. ലോകമെമ്പാടുമായി 1,600 കോടി രൂപയിലധികമാണ് ധുരന്ധര്‍ 2 കളക്ട് ചെയ്തത്. സഞ്ജയ് ദത്ത്, ആര്‍.മാധവന്‍, അര്‍ജുന്‍ രാംപാല്‍, സാറ അര്‍ജുന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ENGLISH SUMMARY:

Dhurandhar 2 has achieved the second highest grossing film status in Bollywood, a success anticipated after the first part's triumph. Its international OTT release occurred on May 14th, with the Indian OTT release scheduled for June 4th.