സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയരുന്ന വാർത്തകളിലും സൈബർ ഇടങ്ങളിലെ ചർച്ചകളിലും പ്രതികരണവുമായി അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മകന്‍ കിച്ചു സുധി. കഴിഞ്ഞ ദിവസം പഴയ അനുഭവങ്ങള്‍ പങ്കുവെച്ച വിഡിയോയ്ക്ക് പിന്നാലെ നിരവധി ഫോൺ കോളുകളും സന്ദേശങ്ങളും ലഭിക്കുന്ന പശ്ചാത്തലത്തിലാണ് കിച്ചു ലൈവിലെത്തി കാര്യങ്ങൾ വ്യക്തമാക്കിയത്.
തന്റെ പഴയ അവസ്ഥയെക്കുറിച്ച് ചില കാര്യങ്ങൾ തുറന്നുപറഞ്ഞത് എല്ലാവർക്കും മനസ്സിലായി എന്ന് കരുതുന്നതായും, നിലവിൽ പ്രചരിക്കുന്ന വാർത്തകൾ തന്നെ ബാധിക്കുന്നില്ലെന്നും കിച്ചു പറഞ്ഞു. താൻ ഇപ്പോൾ പൂർണ്ണ ആരോഗ്യവാനും സന്തോഷവാനുമാണെന്ന് വ്യക്തമാക്കിയ കിച്ചു, തന്നെ സപ്പോർട്ട് ചെയ്യുന്നവർക്ക് നന്ദി അറിയിക്കുകയും ചെയ്തു.
ഇനി വരാനിരിക്കുന്ന ആരോപണങ്ങളെയോ വാർത്തകളെയോ ഭയക്കുന്നില്ലെന്നും തന്റെ ജീവിതവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും കിച്ചു കൂട്ടിച്ചേർത്തു. സന്ദേശങ്ങൾ അയച്ച എല്ലാവർക്കും മറുപടി നൽകാൻ സാധിക്കാത്തതിനാലാണ് ലൈവിൽ വന്ന് കാര്യങ്ങൾ വ്യക്തമാക്കിയതെന്നും കിച്ചു പറഞ്ഞു.
കൊല്ലം സുധി മരിച്ച സമയത്തെ കാര്യങ്ങള്‍ കിച്ചു തുറന്നു പറഞ്ഞതോടെയാണ് രേണു സുധിക്കും കുടുംബത്തിനും നേരേ കടുത്ത സൈബര്‍ ആക്രമണം ഉണ്ടാകുന്നത്. പിന്നീട് ഇതൊന്നും സത്യമല്ലെന്ന് പ്രതികരിച്ച് രേണു സുധിയും എത്തിയിരുന്നു. എന്നാല്‍ ഇപ്പോൾ രേണുവുമായി യാതൊരു ബന്ധവുമില്ലെന്നും വല്ലപ്പോഴും പൈസ ചോദിക്കുന്നതു മാത്രമാണ് ആകെയുള്ള ബന്ധമെന്നും കിച്ചു പറയുന്നു.
മോനേ നീ ധൈര്യമായി മുന്നോട്ടു പോവുക, നല്ല രീതിയില്‍ നടക്കുക തുടങ്ങി നിരവധി കമന്റുകളാണ് കിച്ചു സുധി പങ്കുവച്ച വിഡിയോയുടെ കമന്റുകളായെത്തുന്നത്.