chuck-norris

TOPICS COVERED

മുൻ ആയോധനകലാ ചാംപ്യനും എൺപതുകളിലെ ആക്‌ഷൻ താരവുമായ ചക്ക് നോറിസ് അന്തരിച്ചു. 'കോഡ് ഓഫ് സൈലൻസ്’, 'മിസിങ് ഇൻ ആക്‌ഷൻ', 'ദ ഡെൽറ്റ ഫോഴ്‌സ്' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ താരമാണ് 86ാം വയസില്‍ വിടപറഞ്ഞത്. വ്യാഴാഴ്ചയായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ, കുടുംബം അറിയിച്ചു. മരണകാരണം സ്വകാര്യമായി സൂക്ഷിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും അന്ത്യസമയത്ത് അദ്ദേഹത്തിനൊപ്പം കുടുംബാംഗങ്ങളുണ്ടായിരുന്നുവെന്നും ആരാധകര്‍ക്കായി പങ്കുവച്ച കുറുപ്പില്‍ പറയുന്നു.

1940 ൽ ഒക്‌ലഹോമയിൽ ജനിച്ച ചക്ക് നോറിസ്, ആയോധനകലാ താരമായി പ്രശസ്തനാകുന്നതിന് മുൻപ് യുഎസ് വ്യോമസേനയിൽ സേവനമനുഷ്ഠിച്ചിരുന്നു. കരാട്ടെ, തായ്‌ക്വോൻഡോ, ജൂഡോ, ജിറ്റ്സു എന്നീ ഇനങ്ങളിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്.  ഇതിഹാസം ബ്രൂസ് ലീക്കൊപ്പം 1972ൽ പുറത്തിറങ്ങിയ 'വേ ഓഫ് ദ് ഡ്രാഗൺ' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് നടനെന്ന നിലയിൽ അദ്ദേഹം ശ്രദ്ധേയനാകുന്നത്. ഏറെക്കാലം സംപ്രേഷണം ചെയ്ത 'വാക്കർ, ടെക്സസ് റേഞ്ചർ' എന്ന ടെലിവിഷൻ പരമ്പരയിലെ കോർഡ് വാക്കർ എന്ന കഥാപാത്രമാണ് അദ്ദേഹത്തെ ലോകമെമ്പാടും പ്രശസ്തനാക്കിയത്.

ആറു തവണ ലോക പ്രഫഷനൽ മിഡിൽവെയ്റ്റ് കരാട്ടെ ചാംപ്യന്‍ പട്ടം നേടിയ  താരമാണ് നോറിസ്. കുറ്റവാളികളെ പിടികൂടുകയും, ബന്ദികളെ രക്ഷപ്പെടുത്തുകയും, ഭീകരരുമായി ഏറ്റുമുട്ടുകയും ചെയ്യുന്ന കരുത്തരായ നായകന്‍മാരെയാണ് നോറിസ് സിനിമകളിൽ അവതരിപ്പിച്ചത്. ഏകാകികളായ പോരാളി, സൈനികന്‍, വിമുക്തഭടന്‍ തുടങ്ങിയ വേഷങ്ങളിൽ ഇരുപത്തിനാലിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Legendary martial artist and Hollywood action icon Chuck Norris passed away on Thursday at the age of 86. Known for cult classics like 'Way of the Dragon', 'Missing in Action', and the hit series 'Walker, Texas Ranger', Norris was a six-time World Karate Champion. His family confirmed his peaceful passing surrounded by loved ones. Explore the life and legacy of the man who defined the action genre in the 80s.