സൂര്യ– വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആന്‍ഡ് സണ്‍സിന്‍റെ ടീസര്‍ പുറത്ത്. 20 വയസ് വ്യത്യാസമുള്ള രണ്ട് വ്യക്തികള്‍ തമ്മിലുള്ള പ്രണയത്തെ പറ്റിയാണ് ചിത്രം എന്നാണ് ടീസറില്‍ നിന്നും ലഭിക്കുന്ന സൂചന. മമിത ബൈജുവാണ് ചിത്രത്തില്‍ സൂര്യയുടെ നായികയായി എത്തുന്നത്. ഒരു കുഞ്ഞിനെ എടുത്തുകൊണ്ടുവരുന്ന സൂര്യയെ കാണിച്ചാണ് ടീസര്‍ അവസാനിക്കുന്നത്.
ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് മേല്‍ സൂര്യ ആരാധകര്‍ക്കും പ്രതീക്ഷ ഏറെയാണ്. ഒടുവില്‍ അഭിനയിച്ച ചിത്രങ്ങളൊന്നും ഹിറ്റല്ലാത്ത സൂര്യ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനൊപ്പം ഒന്നിക്കുമ്പോഴെങ്കിലും മാറ്റമുണ്ടാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. അല്ലു അർജുൻ ചിത്രം 'അല വൈകുണ്ഠപുരമുലൂ' പോലെയുള്ള ഒരു സിനിമയാകും ഇത്', എന്നാണ് സിനിമയെക്കുറിച്ച് നേരത്തെ സംഗീത സംവിധായകൻ ജി.വി.പ്രകാശ് കുമാർ പറഞ്ഞത്. രവീണ ടണ്ടന്‍, രാധിക ശരത്കുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.
അതേസമയം, ജിത്തു മാധവൻ ഒരുക്കുന്ന സിനിമയിലാണ് ഇപ്പോൾ സൂര്യ അഭിനയിക്കുന്നത്. ആവേശം എന്ന സിനിമയ്ക്ക് ശേഷം ജിത്തു മാധവൻ ഒരുക്കുന്ന സിനിമയാണിത്. ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് സൂര്യ എത്തുന്നത്. നസ്രിയ ആണ് ഈ ചിത്രത്തില്‍ നായികയാവുന്നത്. ജിത്തു മാധവിനൊപ്പം നസ്‍ലെനും സുഷിന് ശ്യാമും സിനിമയിൽ ഉണ്ട്.