ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രം 'ഭീഷ്മർ' മാർച്ച് 20ന് തിയറ്ററുകളിൽ എത്തും. ധ്യാൻ ശ്രീനിവാസനെയും വിഷ്ണു ഉണ്ണികൃഷ്ണനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ഈ പുതിയ ചിത്രം ഡ്രീംബിഗ് ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്.
ഒരു 'മ്യൂസിക്കൽ റൊമാന്റിക് ഫാമിലി ഫൺ ഫിൽഡ് ത്രില്ലർ' ആയാണ് ഭീഷ്മർ ഒരുക്കിയിരിക്കുന്നത്. ആകെ 6 ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഇതിനോടകം റിലീസ് ചെയ്ത, വിനീത് ശ്രീനിവാസനും അനിലാ രാജീവും ചേർന്ന് പാടിയ 'അമ്പലപ്രാവിന്റെ...', ധ്യാനും വിഷ്ണുവിനും ഒപ്പം ഉണ്ണിലാലു, ഷാജു ശ്രീധര്‍, അഖില്‍ കവലയൂര്‍, ജിബിന്‍ ഗോപിനാഥ്, ബിനു തൃക്കാക്കര (ബിനു ശശിറാം) എന്നിവര്‍ ചേര്‍ന്ന് പാടിയ 'കാട്ടുപുലി' എന്നീ ഗാനങ്ങൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്.
മലയാളികളുടെ പ്രിയ താരങ്ങളായ ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഭീഷ്മർ. സൂപ്പർ ഹിറ്റായ ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയനും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദിവ്യ പിള്ള, അമ്മേര എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ വലിയൊരു താരനിര തന്നെയുണ്ട്. ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖിൽ കവലയൂർ, സെന്തിൽ കൃഷ്ണ, ജിബിൻ ഗോപിനാഥ്, വിനീത് തട്ടിൽ, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, മണികണ്ഠൻ ആചാരി, അബു സലിം, ജയൻ ചേർത്തല, സോഹൻ സീനുലാൽ, വിഷ്ണു ഗ്രൂവി, ശ്രീരാജ്, ഷൈനി വിജയൻ, സ്മൃതി പാണ്ഡേ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. അൻസാജ് ഗോപിയുടേതാണ് കഥ. രതീഷ് റാം ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിച്ചിരിക്കുന്നത് രഞ്ജിൻ രാജ് . ബോബൻ കലാസംവിധാനവും മഞ്ജുഷ രാധാകൃഷ്ണൻ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് സലാം അരൂക്കുറ്റിയാണ്. ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവർ ചേർന്ന് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നു.