ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മിക്കവാറും വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന താരമാണ് സോനു സൂദ്. പശ്ചിമേഷ്യ യുദ്ധ ഭീതിയില്‍ വിറക്കുമ്പോള്‍ വീണ്ടും സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ് സോനു സൂദ്. ദുബായില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് താന്‍ സൗജന്യമായി താമസിക്കാന്‍ സ്ഥലമൊരുക്കുമെന്നാണ് സോനു സൂദ് അറിയിച്ചത്. 

'യുദ്ധം പല യാത്രക്കാരേയും ദുബായില്‍ കുടുക്കിയിട്ടുണ്ട്. നിങ്ങള്‍ക്കോ നിങ്ങളുടെ പരിചയത്തിലുള്ള ആര്‍ക്കെങ്കിലുമോ താമസിക്കാന്‍ സ്ഥലമില്ലെങ്കില്‍ സൗജന്യമായി അവര്‍ക്ക് ഞങ്ങള്‍ ഇടം ഒരുക്കും. നിങ്ങള്‍ ഏത് രാജ്യക്കാരനുമാവട്ടെ, ഒരു വ്യവസ്ഥകളുമില്ല, മനുഷ്യത്വം മാത്രം. സഹായം ആവശ്യമുണ്ടെങ്കില്‍ ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയക്കൂ,' സമൂഹമാധ്യമത്തില്‍ കുറിച്ച് പോസ്റ്റില്‍ സോനു സൂദ് പറഞ്ഞു. 

പോസ്റ്റിന് പിന്നാലെ സോനു സൂദിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. 'സിനിമയില്‍ വില്ലനാവുന്ന മനുഷ്യന്‍ ജീവിതത്തില്‍ ഹീറോയാകുന്നു'വെന്നാണ് ഒരു കമന്‍റ്. 'പ്രധാനമന്ത്രിക്കെക്കാള്‍ മികച്ച രീതിയില്‍ ഒരു നടന്‍ പ്രവര്‍ത്തിക്കുന്നു' എന്ന് മറ്റൊരു കമന്‍റ്. 'സോനുവിനെ പ്രധാനമന്ത്രിയാക്കു'വെന്നും കമന്‍റുകള്‍. 

കടബാധ്യതയെത്തുടർന്ന് ജയിലിലായ ബോളിവുഡ് നടൻ രാജ്പാൽ യാദവിനെ സഹായിക്കാനും അടുത്തിടെ സോനു സൂദ് മുന്നിട്ടിറങ്ങിയിരുന്നു. രാജ്പാൽ യാദവിനെ വെറുമൊരു സഹപ്രവർത്തകനായല്ല, മറിച്ച് സിനിമയുടെ അവിഭാജ്യ ഘടകമായാണ് കാണേണ്ടതെന്ന് സോനു സൂദ് പറഞ്ഞു. താരത്തെ സാമ്പത്തികമായി സഹായിക്കുന്നതിനെ ഒരു ദാനമായി കാണരുതെന്നും തന്റെ പുതിയ സിനിമയിൽ രാജ്പാൽ യാദവിനെ ഉൾപ്പെടുത്തുമെന്നും സോനു സൂദ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

ENGLISH SUMMARY:

Sonu Sood has once again stepped in to help those stranded in Dubai due to war fears, offering free accommodation to anyone needing a place to stay. His acts of kindness have earned him widespread praise on social media, with many calling him a real-life hero.