കഴിഞ്ഞ ദിവസമായിരുന്നു തെന്നിന്ത്യന്‍ സിനിമ ലോകം കാത്തിരുന്ന വിജയ് ദേവരകൊണ്ട–രശ്മിക മന്ദാന വിവാഹം കഴിഞ്ഞത്. എട്ട് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. 'ഐടിസി മെമെന്റോസ്’ എന്ന ആഡംബര ഹോട്ടലിൽ കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിജയ് ദേവരകൊണ്ട രശ്മിക മന്ദാനയുടെ കഴുത്തില്‍ താലികെട്ടിയത്. അതേസമയം രശ്മികയുടെ വിവാഹത്തില്‍ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടിയുടെ പ്രതികരണം വൈറലാവുകയാണ്. 

പ്രശാന്ത് വർമ്മ സംവിധാനം ചെയ്യുന്ന  തന്റെ പുതിയ ചിത്രമായ 'ജയ് ഹനുമാന്റെ' ലോഞ്ച് കഴിഞ്ഞതിന്  തൊട്ടുപിന്നാലെ ശ്രീ രാഘവേന്ദ്ര ഗുരുവൈഭവോത്സവത്തിന്റെ സമാപന ചടങ്ങില്‍ ഋഷഭ് എത്തിയിരുന്നു. ഈ സമയത്ത് പുതിയ പ്രൊജക്ടിനെ പറ്റി അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. അതിനിടയ്​ക്കാണ് രശ്മികയുടെ വിവാഹത്തെ പറ്റിയുള്ള ചോദ്യം ഉയര്‍ന്നത്. രശ്മിക മന്ദാനയുടെ കല്യാണമാണല്ലോ, താങ്കള്‍ക്ക് ക്ഷണമുണ്ടോ എന്നായിരുന്നു ചോദ്യം. എന്നാല്‍ ഈ ചോദ്യം മുഴുമിപ്പിക്കുന്നതിനുമുന്‍പ് തന്നെ മാധ്യമപ്രവര്‍ത്തകരോട് നന്ദി പറഞ്ഞ് ഋഷഭ് പിന്തിരിഞ്ഞു. 

ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് രക്ഷിത് ഷെട്ടി നായകനായ 'കിരിക് പാർട്ടി' എന്ന കന്നഡ ചിത്രത്തിലൂടെയാണ് രശ്മിക അഭിനയരംഗത്തേക്ക് എത്തിയത്. ഋഷഭിന്‍റെ 'പരംവാഹ് സ്റ്റുഡിയോ' തന്നെയായിരുന്നു ചിത്രം നിര്‍മിച്ചതും. പിന്നാലെ ചിത്രത്തിലെ രക്ഷിത് ഷെട്ടിയുമായി രശ്മിക പ്രണയത്തിലാവുകയും 2017 ൽ  ഇരുവരും വിവാഹനിശ്ചയം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം ഇരുവരും ഈ ബന്ധം അവസാനിപ്പിച്ചു. 

തന്‍റെ കരിയറിന്‍റെ തുടക്കകാലത്തെ പറ്റി സംസാരിച്ചപ്പോള്‍ കിരിക്ക് പാര്‍ട്ടിയെ പറ്റി രശ്മിക സംസാരിക്കാന്‍ തയാറാകാതിരുന്നത് വിവാദമായിരുന്നു. 'പരംവാഹ് സ്റ്റുഡിയോ'യുടെ പേര് പറയാതെ കൈകൊണ്ട് ഒരു ക്വോട്ട് സൈന്‍ മാത്രമാണ് താരം കാണിച്ചിരുന്നത്. ഇതിന് മറുപടിയുമായി ഋഷഭും പിന്നീട് രംഗത്തെത്തിയിരുന്നു. രശ്മികയുടെ അതേ ആക്ഷന്‍ കാണിച്ച് ഇത്തരം നടിമാരോടൊപ്പം ജോലി ചെയ്യാന്‍ താല്‍പര്യമില്ലെന്നായിരുന്നു ഋഷഭ് പറഞ്ഞത്. ഇതോടെ ഇരുവരും തമ്മിലുള്ള ഭിന്നത പരസ്യമായിരുന്നു. ഇതിനിടയ്ക്കാണ് രശ്മികയുടെ വിവാഹത്തോട് പ്രതികരിക്കാന്‍ തയാറാവാതെ ഋഷഭ് ഒഴിഞ്ഞുമാറിയത്. 

ENGLISH SUMMARY:

South Indian stars Vijay Deverakonda and Rashmika Mandanna married in an intimate ceremony at the Mementos by ITC Hotels in Udaipur. The wedding was attended by close family and friends, marking the union of the popular "Virosh" pair. Meanwhile, a viral reaction from director Rishab Shetty regarding the wedding has sparked significant online discussion and media attention.