വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമ ഹൈക്കോടതി കാണും. നാളെ സിനിമ കാണാമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അറിയിച്ചു. . സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു തന്നെ ഹർജിക്കാരുടെ ആശങ്കകൾ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സാധാരണയായി സിനിമയുടെ കാര്യത്തിൽ ഇടപെടാറില്ല. ആർട്ടിസ്റ്റുകളുടെ സ്വാതന്ത്ര്യമാണത്. എന്നാൽ യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു എന്നു പറയുകയും കേരളത്തിന്റെ പേര് ഉപയോഗിക്കുകയും ചെയ്യുമ്പോൾ അത് സംഘർഷത്തിന് ഇടയാക്കില്ലേയെന്നും കോടതി ചോദിച്ചു. സെൻസർ ബോർഡിന്റെ അനുമതിയില്ലാതയാണ് ടീസർ പുറത്തിറക്കിയത് എന്ന് ഹർജിക്കാർ വാദിച്ചു. ടീസറിലുള്ള കാര്യങ്ങളെല്ലാം ചിത്രത്തിലില്ല എന്ന നിലപാടാണ് നിർമാതാക്കൾ സ്വീകരിച്ചത്. തുടർന്ന് സിനിമയിലെ ടീസർ നീക്കം ചെയ്യാമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.. Also Read: ‘കേരള സ്റ്റോറി’യെക്കുറിച്ച് കേരള വോട്ടര്‍മാര്‍ ചിന്തിക്കുന്നത് ഇതാണ്; മനോരമന്യൂസ് സര്‍വേ ഫലം .
ലവ് ജിഹാദിന്റെ ഇരകൾ എന്ന പേരിൽ അവതരിപ്പിച്ച യുവതികളിൽ കേരളത്തിൽ നിന്നുള്ള ഒരാൾ പോലും ഉണ്ടായിട്ടില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. മതേതരത്വത്തിന്റെ നാടായ കേരളത്തെ മോശമായി ചിത്രീകരിക്കുന്നതാണ് സിനിമയെന്നും ആശങ്കാജനകമായ സാഹചര്യമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
‘കേരള സ്റ്റോറി 2’ ഒരു പ്രദേശത്തെ ജനങ്ങളെയാകെ തെറ്റായി ചിത്രീകരിക്കുന്നു. കേരളം വർഗീയതയുടെയും മതപരിവർത്തനത്തിന്റെയും നാടാണെന്ന പ്രചാരണമാണ് സിനിമയിലൂടെ നടത്തുന്നതെന്ന് ഹർജിയിൽ പറയുന്നു. ഹർജിയിൽ സെൻസർ ബോർഡിനും മറ്റ് ബന്ധപ്പെട്ട കക്ഷികൾക്കും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. രാജ്യത്ത് നിലവിലുള്ള സാഹചര്യമാണ് സിനിമയിലൂടെ അവതരിപ്പിച്ചതെന്നായിരുന്നു സംവിധായകൻ കാമക്യ നാരായണൻ സിംഗിന്റെ വാദം.
കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശിയായ ശ്രീദേവ് നമ്പൂതിരിയാണ് ഹർജി നൽകിയത്. ഈ സിനിമ കേരളത്തെ കളങ്കപ്പെടുത്താനും ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകാനും സാധ്യതയുണ്ടെന്ന് ഹർജിക്കാരൻ വാദിക്കുന്നു. കേരളത്തെ തീവ്രവാദത്തിന്റെയും മതപരിവർത്തനത്തിന്റെയും നാടായി മുദ്രകുത്താൻ ഈ സിനിമ ശ്രമിക്കുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നേരത്തെ, ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ, ഇത് വർഗീയ ധ്രുവീകരണത്തിന് ഇടയാക്കുമെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു