മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള പ്രചാരണ സന്ദേശങ്ങൾക്കായി ‘സ്പാർക്’ പോർട്ടലിൽ നിന്നുള്ള ഡേറ്റ ദുരുപയോഗം തടയണമെന്ന ഹർജിയിൽ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഹൈക്കോടതിയുടെ വിമർശനം. സന്ദേശങ്ങള്‍ അയച്ചത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന് കോടതി പറഞ്ഞു. ഒൗദ്യോഗിക കാര്യങ്ങള്‍ക്കല്ലാതെ ഡേറ്റ ഉപയോഗിക്കരുത്. വ്യക്തിഗത വിവരങ്ങള്‍ക്ക് എന്താണ് സുരക്ഷ എന്ന് ചോദിച്ച കോടതി കൂടുതല്‍ സന്ദേശങ്ങള്‍ അയക്കുന്നത് വിലക്കി. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സര്‍ക്കാര്‍ അനുവദിച്ച ആനുകൂല്യങ്ങള്‍ ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അയച്ച സന്ദേശമാണ് വിവാദത്തിലായത്.
വെള്ളിയാഴ്ച സർക്കാരിന്റെ വിശദീകരണം നൽകുന്നതു വരെ സമാന സന്ദേശങ്ങൾ അയയ്ക്കില്ലെന്നു സർക്കാർ അഭിഭാഷകൻ ഉറപ്പുനൽകി. ഡേറ്റ എവിടെ നിന്നു കിട്ടിയെന്നു കോടതി ചോദിച്ചു. വാട്സാപ് ബിസിനസ് അക്കൗണ്ട് വഴിയാണു സന്ദേശങ്ങൾ അയച്ചിട്ടുള്ളത്. എല്ലാ പൗരന്മാർക്കും ഇത്തരം സന്ദേശങ്ങൾ ലഭിക്കുന്നതിൽ താൽപര്യമില്ലെന്നു കോടതി പറഞ്ഞു. ഹർജിയിൽ മുഖ്യമന്ത്രി ഒഴികെ എതിർകക്ഷികൾക്കു നോട്ടിസ് നൽകി. തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്ന് ആരോപിച്ച് കോളജ് അധ്യാപകനായ പി. റഷീദ് അഹമ്മദ്, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ കെ. എം. അനിൽ കുമാർ എന്നിവർ നൽകിയ ഹർജിയാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പരിഗണിച്ചത്.
ഫോണ്‍ നമ്പര്‍ ശേഖരിച്ചത് വ്യക്തികളുടെ അനുമതിയില്ലാതെയെന്നാണ് രണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലെ വാദം. സ്പാര്‍ക്കില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് വിവരങ്ങള്‍ കൈമാറിയത് സ്വകാര്യതാ ലംഘനമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടി തിരഞ്ഞെടുപ്പ് നേട്ടത്തിനായി വിവരങ്ങള്‍ ഉപയോഗിച്ചുവെന്നും ഹർജിയിൽ വാദിക്കുന്നു. നടപടി തടയണമെന്നും, സ്വകാര്യ വിവരങ്ങൾ അനധികൃതമായി ഉപയോഗിച്ചതിന് നഷ്ടപരിഹാരം നൽകണമെന്നും മുഖ്യമന്ത്രി പിണറായി വിജയനെയടക്കം എതിർകക്ഷികളാക്കി സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.