മലയാളികളുടെ പ്രിയ നടിയാണ് അന്ന ബെൻ. ഇപ്പോഴിതാ സ്കൂൾ കാലം ഘട്ടം മുതൽ താൻ പലരിൽ നിന്നായി കേട്ടിട്ടുള്ള ഒരു ചോദ്യത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. വെണ്ണല ക്ഷേത്രത്തിലെ ഒരു പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് താരം തന്റെ പേരും അച്ഛന്റെ പേരും തമ്മിലുള്ള 'കൺഫ്യൂഷനെ' കുറിച്ച് ആളുകളോട് തമാശ രീതിയില്‍ സംസാരിച്ചത്. ഇതിന്റെ വിഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്.
പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി.പി.നായരമ്പലത്തിന്റെ മകളാണ് അന്ന. 'അന്ന ബെൻ' എന്തിനാണ് ഒരു അമ്പലത്തിലെ പരിപാടിക്ക് വന്നതെന്ന് ചിലര്‍ ചോദിക്കാറുണ്ട്. തന്‍റെ അച്ഛന്‍റെ പേര് കേള്‍ക്കുമ്പോള്‍ ആര്‍ക്കും ഒരു ചെറിയ കൺഫ്യൂഷൻ ഉണ്ടാകാറുണ്ടെന്ന് താരം പറയുന്നു. ബെന്നി പി നായരമ്പലം എന്നു പറഞ്ഞാല്‍ നിങ്ങള്‍ നായരാണോ? പക്ഷേ പേര് അന്ന എന്നാണല്ലോ.. രണ്ടും തമ്മില്‍ ഒരു ചേര്‍ച്ചയുമില്ലല്ലോ എന്നൊക്കെയാണ് പലരുടെയും സംശയമെന്ന് താരം പറയുന്നു. സ്കൂൾ കാലം മുതൽ കേൾക്കുന്ന ചോദ്യമാണിത്. ഇനി എന്റെ പേര് അന്നപൂർണ്ണ എന്നാണോ എന്ന് വരെ ആളുകൾ ചോദിക്കാറുണ്ടെന്നും അന്ന ബെൻ ചിരിയോടെ പറഞ്ഞു.
'കുമ്പളങ്ങി നൈറ്റ്‌സി'ലൂടെ അരങ്ങേറ്റം കുറിച്ച അന്ന ബെൻ, ഇപ്പോൾ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന താരമായി വളർന്നിരിക്കുകയാണ്. 'കൽക്കി 2898 എഡി' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ വേഷവും തമിഴ് ചിത്രം 'കൊട്ടുകാളി'യിലെ മികച്ച പ്രകടനവും അന്നയ്ക്ക് വലിയ കൈയടി നേടിക്കൊടുത്തു. കിഷോർ രാജ്കുമാർ സംവിധാനം ചെയ്യുന്ന 'കോയമ്പത്തൂർ മാപ്പിളൈ' എന്ന റൊമാന്റിക് കോമഡി ചിത്രവും 'കോൺ സിറ്റി' എന്ന തമിഴ് ചിത്രവുമാണ് അന്നയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്.