മലയാളത്തില്‍ ഇന്ന് ഏറ്റവും പോപ്പുലറായ സിനിമ റിവ്യുവറില്‍മാരില്‍ ഒരാളാണ് അശ്വന്ത് കോക്ക്. അശ്വന്തിന്‍റെ റിവ്യു കാത്തിരിക്കുന്ന വലിയ പ്രേക്ഷക സമൂഹം ഇവിടെയുണ്ട്. ഒരിക്കല്‍ അശ്വന്ത് അപ്ലോഡ് ചെയ്ത റിവ്യു നീക്കം ചെയ്തത് വിവാദമായിരുന്നു. പിന്നാലെ അശ്വന്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ആ റിവ്യു നീക്കം ചെയ്യാനുണ്ടായിരുന്ന സാഹചര്യം വിശദീകരിക്കുകയാണ് അശ്വന്ത്.
കൊച്ചിയില്‍ നിന്നും വിഡിയോ ഡിലീറ്റ് ചെയ്യാനാവശ്യപ്പെട്ട് ഒരാള്‍ നിരന്തരം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ശല്യം ഒഴിവാക്കാനായാണ് വിഡിയോ നീക്കം ചെയ്തതെന്നും അശ്വന്ത് പറഞ്ഞു. എന്നാല്‍ ഇത് സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉപയോഗിക്കുമെന്ന് വിചാരിച്ചില്ലെന്നും മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ അശ്വന്ത് പറഞ്ഞു.
'അയാള്‍ എനിക്കുനേരെ വധഭീഷണി ഉയര്‍ത്തി. ആ സമയത്ത് ഞാന്‍ ഒരു ഡിപ്രസീവ് അവസ്ഥയില്‍ ആയിരുന്നു. ഒറ്റപ്പെടലിലും മാനസികമായി ദൗര്‍ബല്യത്തിലും ആയിരുന്നു. അഞ്ചാറ് ആളുകളുമായി കോഴിക്കോടേക്ക് വരികയാണെന്ന് ഇയാള്‍ പറഞ്ഞു. അയാള്‍ കൊച്ചിയില്‍ നിന്നാണ് വിളിച്ചത്. ഇയാള്‍ വിടുന്നില്ല, ഡിലീറ്റ് ചെയ്യാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. ഇയാള്‍ നല്ല തെറിയാണ് പറയുന്നത്. ഞാന്‍ തിരിച്ചൊന്നും പറഞ്ഞില്ല. രാത്രി അയാള്‍ വീണ്ടും വിളിച്ചു. എന്‍റെ മെന്‍റല്‍ കണ്ടീഷന്‍ മോശമായിരുന്നതുകൊണ്ട് എനിക്ക് ആ സമയത്ത് മാനസികമായി പ്രഷര്‍ എടുക്കാനുള്ള മനസ് ഉണ്ടായിരുന്നില്ല. എനിക്ക് മൂന്ന് വഴികളാണ് ഉണ്ടായിരുന്നത്. ഒന്ന് റിവ്യൂ ഡിലീറ്റ് ചെയ്യാതെ നിയമപരമായി പോവുക. കോള്‍ റെക്കോര്‍ഡ് ഉണ്ടായിരുന്നു. വധഭീഷണി മാത്രമല്ല, ഇയാള്‍ ഭീകരമായ സാധനങ്ങളാണ് പറഞ്ഞത്. പക്ഷേ ആ വഴി സ്വീകരിച്ചാല്‍ പിന്നെ അതിന്‍റെ പിറകെ പോകണം. രണ്ടാമത് ഇയാളുടെ വെല്ലുവിളി സ്വീകരിക്കാം. മൂന്നാമത്തെ ഓപ്ഷന്‍ ഈ ശല്യം ഒഴിവാക്കുക. റിവ്യൂ ഡിലീറ്റ് ചെയ്ത് ഒഴിവാക്കി കളയുക. അതാണ് ചെയ്തത്.
പക്ഷേ അന്ന് എന്‍റെ കണക്കുകൂട്ടല്‍ തെറ്റി.ചെറിയ പടം ആയതു കൊണ്ട് ഞാന്‍ കരുതി ഇത് ഡിലീറ്റ് ചെയ്താല്‍ ആരും ശ്രദ്ധിക്കില്ല എന്ന്, . പക്ഷേ ഡിലീറ്റ് ചെയ്ത് മിനിറ്റുകള്‍ക്കുളില്‍ ഫേസ്ബുക്കിലെ ഒരു സിനിമാഗ്രൂപ്പില്‍ ഇത് പറഞ്ഞ് പോസ്റ്റ് വന്നു. അതും അവരുടെ കളിയാണെന്നാണ് ഞാന്‍ മനസിലാക്കിയത്. പിന്നീട് നിരന്തരം പോസ്റ്റുകള്‍ വരാന്‍ തുടങ്ങി. പല സിനിമാക്കാരും പിന്നീട് പറയുന്നത് കേട്ടിട്ടുണ്ട്. അയാള്‍ നേരെ എന്‍റെ വീട്ടിലേക്ക് വന്നിട്ട് എന്നെ ഗണ്‍ പോയിന്‍റില്‍ നിര്‍ത്തി. തലയ്ക്ക് തോക്ക് വച്ചിട്ട് അപ്പോള്‍ തന്നെ ഞാന്‍ റിവ്യൂ ഡിലീറ്റ് ചെയ്തു എന്നൊക്കെയാണ് സിനിമക്കാര്‍ പറഞ്ഞുനടക്കുന്നത്. അങ്ങനെയൊന്നും ഉണ്ടായിട്ടില്ല.
ഡിലീറ്റ് ചെയ്തതില്‍ എനിക്ക് പിന്നീട് കുറ്റബോധം തോന്നിയിട്ടുണ്ട്. അതുവരെ ഞാന്‍ ഒരു രീതിയിലും വഴങ്ങാത്ത ഒരാള്‍ എന്നൊരു ധാരണയായിരുന്നു ഇവര്‍ക്ക്. ആ ക്രെഡിബിലിറ്റി ഇവര്‍ക്ക് പൊളിക്കണമായിരുന്നു. ഡിലീറ്റ് ചെയ്ത കാര്യം ഇവര്‍ ഉപയോഗിക്കുമെന്ന് ഞാന്‍ കരുതിയില്ല,' അശ്വന്ത് പറഞ്ഞു.