shaji-kailas

ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ ജോജു ജോര്‍ജ് നായകനായ വരവ് സിനിമ റിലീസ് ചെയ്തിരിക്കുകയാണ്. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനിടെ പ്രമുഖ റിവ്യുവര്‍മാര്‍ക്ക് മറുപടിയുമായി സംവിധായകന്‍ ഷാജി കൈലാസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മകന്‍ റുഷിന്‍ കൈലാസിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ഷാജി കൈലാസ് മറുപടി നല്‍കിയത്.

റിവ്യൂവര്‍ അശ്വന്ത് കൊക്കിന്‍റേയും ഉണ്ണി വ്ളോഗിന്‍റേയും റിവ്യൂവിനോടാണ് സംവിധായകന്‍ പ്രതികരിച്ചത്. ധ്രുവം പോലെ എടുക്കാന്‍ നോക്കി ശവമായിമായെന്നും ചത്ത സിനിമ എന്നുമാണ് അശ്വന്ത് കൊക്ക് സിനിമയെ പറ്റി പറഞ്ഞത്. ഇത്രയും നെഗറ്റീവ് വരാന്‍ അത്രയും ഭയങ്കര പടമാണോ ഇതെന്നായിരുന്നു ഷാജി കൈലാസിന്‍റെ ചോദ്യം. വിമര്‍ശനം തന്നെ നേരിട്ട് അറിയിച്ചാല്‍ പോരെയെന്നും ഷാജി കൈലാസ് ചോദിച്ചു.

'നമ്മള്‍ സിനിമ ഉണ്ടാക്കി. കുറേ ആള്‍ക്കാര്‍ക്ക് ഇഷ്ടമായില്ല. അതിങ്ങനെ വിളിച്ച് പറഞ്ഞോണ്ടിരിക്കുന്നത് എന്തിനാണ്. അപ്പോള്‍ അവരുടെ ഉദ്ദേശം എന്താണ്? അവര്‍ക്ക് എന്നെ നേരിട്ട് വിളിച്ച് പറഞ്ഞൂടെ. ഈ സിനിമ ഇങ്ങനെയാണ്. അതിനി മാറ്റാന്‍ പറ്റില്ലല്ലോ. നെഗറ്റീവ് പറയുന്നവരോട് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. എന്നോടൊപ്പമോ എഴുത്തുകാര്‍ക്കൊപ്പമോ അല്ലെങ്കില്‍ ഒന്നിച്ചോ ഇരുന്ന് സംസാരിക്കാം. പഴയ പോലെ ഫ്ലാറ്റ് ആയിട്ട് കഥപറയാന്‍ എനിക്ക് താല്‍പര്യമില്ല. അതുകൊണ്ടാണ് പുതിയ ട്രീറ്റ്മെന്‍റുകള്‍ വരുന്നത്. അത് കുറേ ആളുകള്‍ക്ക് ഇഷ്ടമാവില്ല. ഒരു വൈല്‍ഡ് സിനിമയല്ല ഞങ്ങള്‍ എടുത്തിട്ടുള്ളത്. സാധാരണക്കാരന്‍റെ കുടുംബ കഥ പറഞ്ഞതാണ്. അതിനകത്ത് റിവഞ്ച് കാര്യങ്ങളൊക്കെ വച്ച് ചെയ്തു. അത് 90's പടമാണ്. 

ഒരാള്‍ പറഞ്ഞത് വൃദ്ധ ഷോട്ടാണെന്നാണ്. ഒരു ക്ലോസപ്പ് വയ്ക്കുന്നത് വൃദ്ധ ഷോട്ടാവുമോ? എന്‍റെ മേക്കിങ്ങില്‍ അവരെന്നോട് കുത്തിക്കയറണ്ട. ഞാന്‍എന്‍റെ സ്റ്റൈലില്‍ പോട്ട്. ഞാന്‍ അപ്ഡേറ്റഡ് ആയിട്ടില്ലെന്ന് ആളുകള്‍ പറയുന്നു. ഞാന്‍ എന്നെ ആസ്വദിക്കുന്നത് ചില ഷോട്ടുകളിലാണ്. വീട്ടില്‍ ഇരുന്ന് ആസ്വദിച്ചാല്‍ പോരെന്ന് ചോദിക്കും. അത് കച്ചവട സാധ്യതയ്ക്ക് വേണ്ടിയാണ്. ഭയങ്കര ക്രൂഡായിട്ട് സിനിമ ചെയ്യാന്‍ എനിക്കറിയില്ല. ഡാര്‍ക്ക് ഫിലിം താല്‍പര്യം ഇല്ല. ഒരു എന്‍റര്‍ടെയ്നറാണ് ഞാന്‍ ഉദ്ദേശിച്ചത്. ചിലത് പാളിപ്പോകും, ചിലത് നന്നാവും. വരവ് പാളിയെന്ന് ചിലര്‍. മറ്റുചിലര്‍ ഗംഭീരമെന്ന്. എന്ത് ചെയ്യാന്‍ പറ്റും. ഒരു ഹോട്ടലില്‍ കയറുമ്പോള്‍ ചിലര്‍ ആ ടേസ്റ്റോടെ കഴിക്കും. ചിലര്‍ അത് കുറഞ്ഞു ഇത് കുറഞ്ഞു എന്നൊക്കെ പറയും. അതങ്ങ് വിട്ട് കൊടുക്കണം. കുറേ ആള്‍ക്കാര്‍ നല്ലതും കുറേ ആള്‍ക്കാര്‍ ചീത്തയും പറയും. അതെല്ലാം ബാധിക്കുന്നത് എന്നെയാണ്. പുതിയൊരു പടം ചെയ്യുമ്പോള്‍ അത് മാറ്റിയെടുക്കും എന്നാണ് എന്‍റെ വിശ്വാസം. നിങ്ങള്‍ പറഞ്ഞ രീതിയില്‍ മാറ്റി എടുക്കുമ്പോള്‍ എന്‍റെ കൂടെ നില്‍ക്കണം. നിങ്ങളെന്തിന് അത് മാറ്റിയതെന്ന് ചോദിച്ച് കൊണ്ട് ആരും വരരുത്. നീ നിന്‍റെ അഭിപ്രായം പറയാം. അത് മറ്റുള്ളവരിലേക്ക് അടിച്ച് ഏല്‍പ്പിക്കരുത്.

എനിക്ക് ഭയങ്കര ഇഷ്ടമുള്ളൊരാളാണ് അശ്വന്ത് കോക്ക്. ഗംഭീരമായിട്ട് വിമര്‍ശിക്കും. പുള്ളിക്ക് വരവ് വര്‍ക്കായില്ല. ജോജുവിന്‍റെ കണ്ണിനെ കുറിച്ച് പറയുന്നുണ്ട്. അയാളുടെ അച്ഛന്‍റെ പേര് ചെമ്പ് കണ്ണന്‍ കോര എന്നാണ്. അത് അവര്‍ ഫോളോ ചെയ്തിട്ടില്ല. അതാണ് കുഴപ്പം. ഇവരെല്ലാം ഒന്നിച്ച് വന്നാല്‍ നമുക്ക് സംസാരിക്കാം. ഒരാള്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്ന് പറയുമ്പോള്‍ അപ്പുറത്ത് 100 പേര്‍ക്ക് ഇഷ്ടപ്പെടും. ഏറ്റവും കൂടുതല്‍ ചീത്ത കേട്ടിട്ടുള്ള ആളാണ് ഞാന്‍. അതൊന്നും എനിക്ക് പ്രശ്നമേ അല്ല. അവര്‍ക്ക് വലിച്ച് കീറാനും ചീത്ത പറയാനും അധികാരം ഉണ്ട്. അവകാശം ഉണ്ട്. പണം മുടക്കിയ കുറച്ച് ആള്‍ക്കാരുണ്ട്. പണം മുടക്കിയവരെ ഒന്നും ഇതൊന്നും ബാധിക്കരുതെന്നാണ്. സിനിമ റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞിട്ട് നിങ്ങള്‍ എന്ത് വേണമെങ്കിലും പറഞ്ഞോളൂ. ആള്‍ക്കാര്‍ക്ക് സിനിമയെ വിട്ടുകൊടുക്കൂ. ഒരാഴ്ച ആളുകള്‍ കാണട്ടെ. ഇത് തിയറ്ററില്‍ ഇറങ്ങിയ ഉടനെ റിവ്യൂ പറയുകയാണ്. കുറേ ആൾക്കാർ വരട്ടെ. കണ്ടിട്ട് പോകട്ടെ. 

എനിക്ക് ടിവി സീരിയൽ പോലെ ഒന്നും പടം എടുക്കാൻ അറിയില്ല. കുറച്ച് ​ഗുമ്മൊക്കെ വേണം. ചെറിയൊരു പാളിച്ച വന്നാൽ നിശിതമായി വിമർശിക്കുകയാണ്. ടെക്നീഷ്യൻമാരെ ഒന്നും പറയരുത്. 90's പടങ്ങൾ ഞാൻ നിർത്തി. അസാധ്യമായ സിനിമകൾ വരും. ഇനി വരാൻ പോകുന്നതൊക്കെ ഇടിവെട്ട് ആയിരിക്കും. അതി ​ഗംഭീരമായൊരു തിരക്കഥയ്ക്ക് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്. ടിവി സീരിയൽ പോലെ എടുത്ത പടങ്ങളൊക്കെ വൻ ഹിറ്റായി. മെയിൻ ആർട്ടിസ്റ്റ് ഉള്ളത് കൊണ്ട് മാത്രം ഓടുന്ന സിനിമകളുണ്ട്. അവരെ മാറ്റി നിർത്തിയാൽ ആ പടം വൻ ഫ്ലോപ്പ് ആയിരിക്കും. ഷാജി കൈലാസിന്റെ തിരിച്ച് വരവ് ഉണ്ടായില്ലെന്ന് പറയുന്നവരോട് തിരിച്ച് വരാൻ ഞാൻ എവിടേയും പോയിട്ടില്ല. നിങ്ങൾ ജനിക്കും മുമ്പ് സിനിമ എടുത്തയാളാണ് ഞാൻ. ഷാജി കൈലാസ് ബ്രാന്റ് ഒന്നും ഇല്ല,' അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

Director Shaji Kailas has responded to the mixed reviews his latest film, Varavu, received from prominent online critics. He addressed specific criticisms regarding his filmmaking style, emphasizing that while he welcomes feedback, he believes reviewers should wait a week before posting reviews to allow audiences to experience the film first. Kailas defended his creative choices, asserting that he aims to create entertainers rather than dark films while acknowledging that some projects succeed more than others. He concluded by dismissing the notion of a "comeback," stating he has consistently been active in the industry and remains focused on delivering better films in the future.