നടന്‍ മാധവ് സുരേഷിന്‍റെ അങ്കം അട്ടഹാസം സിനിമയ്ക്ക് നെഗറ്റിവ് റിവ്യൂ പറയാതിരിക്കാൻ യൂട്യൂബർ അശ്വന്ത് കോക്ക് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന നിർമ്മാതാവ് അനില്‍ കുമാറിന്‍റെ ആരോപണം വലിയ വിവാദമായിരുന്നു. ആരോപണമുന്നയിച്ചതിന് പിന്നാലെ കടുത്ത വിമര്‍ശനവുമായി അശ്വന്ത് കോക്കും രംഗത്തെത്തിയിരുന്നു. താൻ പണം ആവശ്യപ്പെടുന്നതിന് തെളിവ് ഹാജരാക്കിയാൽ താൻ ഈ പണി നിർത്തുമെന്നാണ് അശ്വന്ത് കോക്ക് പറഞ്ഞത്. മാധവ് സുരേഷിന്റെ അച്ഛൻ സുരേഷ് ഗോപിയുടെ ഫാനാണ് താനെന്നും ഗോകുൽ സുരേഷിന്റെ സിനിമകൾക്ക് മുൻപ് പോസിറ്റിവ് റിവ്യൂ പറഞ്ഞിട്ടുണ്ടെന്നും മാധവ് ധ്യാനിനെ കണ്ട് പഠിക്കണമെന്നും അശ്വന്ത് പറഞ്ഞിരുന്നു.
അന്നത്തെ അശ്വന്തിന്‍റെ വാക്കുകളോട് പ്രതികരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. തനിക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ തോന്നിയ അമര്‍മാണ് അശ്വന്ത് കാണിച്ചതെന്നും റിവ്യൂ പറയാന്‍ അദ്ദേഹം പൈസ വാങ്ങില്ലെന്നാണ് തന്‍റെ അറിവെന്നും ധ്യാന്‍ പറഞ്ഞു. പക്ഷേ മാധവിന് കിട്ടിയ വിവരം പ്രകാരം അദ്ദേഹം അങ്ങനെ വാങ്ങിയെന്ന് ആരോ പറഞ്ഞു. പക്ഷേ അശ്വന്ത് പ്രതികരിച്ച രീതിയോട് എനിക്ക് എതിര്‍പ്പുണ്ട്. ചില ചീത്തകള്‍ അധിക്ഷേപകരമായിരുന്നു. അത്രയും പറയേണ്ടിയിരുന്നില്ല എന്ന് ചില കൂട്ടുകാരോട് പറയുമല്ലോ. പക്ഷേ അയാളുടെ വിഷമം കൊണ്ട് പറഞ്ഞതായിരിക്കും, വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞു.
'മാധവ് പറഞ്ഞതിലും തെറ്റുണ്ട്. അശ്വന്ത് പ്രതികരിച്ച രീതിയിലും തെറ്റുണ്ട്. ശരിയും തെറ്റുമൊക്കെ സബ്ജെക്ടീവാണ്. മറ്റൊരാളെ പറ്റി മോശം പറഞ്ഞിട്ട് എന്നെ പറ്റി നല്ലത് പറഞ്ഞപ്പോള്‍ അതില്‍ നിന്നും എനിക്ക് ആനന്ദമൊന്നും കിട്ടിയിട്ടില്ല. കാരണം മാധവ് എനിക്കൊരു സഹോദരനെ പോലെയാണ്. ചേട്ടനടക്കം എനിക്ക് ഈ വിഡിയോ അയച്ചുതന്നിരുന്നു. നിങ്ങളെ പറ്റി നല്ലത് പറഞ്ഞല്ലോ എന്ന് പറഞ്ഞ് സിനിമയിലുള്ള ഒരുപാട് പേര് അയച്ചുതന്നു.
അശ്വന്തിന് ഞാന്‍ ഇടക്ക് മെസേജ് അയക്കുന്നതാണ്. പക്ഷേ ഇതിനെ പറ്റി സംസാരിച്ചില്ല. 24 വയസുള്ള ഒരു ചെറുപ്പക്കാരന്‍ പയ്യന്‍ പറഞ്ഞത് നമുക്ക് വേണേല്‍ ക്ഷമിച്ചുകൊടുക്കാം. പക്ഷേ ആ സമയത്ത് എങ്ങനെ റിയാക്ട് ചെയ്യണമെന്നത് അശ്വന്തിന്‍റെ ചോയിസാണ്. പക്ഷേ എനിക്ക് അതില്‍ വിഷമമുണ്ട്. മാധവിനെക്കാളും എനിക്ക് ബന്ധമുള്ളത് അശ്വന്തിനോടാണ്. പറയേണ്ട കാര്യങ്ങള്‍ പറയണമായിരുന്നു. പക്ഷേ ഇത്രയും പറയണമെന്നില്ലായിരുന്നുവെന്ന് തോന്നി,' ധ്യാന്‍ പറഞ്ഞു.