ഡൽഹി ജന്തർ മന്തറിലെ ജെൻ സി പ്രക്ഷോഭകര്‍ക്കെതിരെ പലവട്ടം അധിക്ഷേപ പരാമര്‍ശം നടത്തിയ ടി.ജി.മോഹന്‍ദാസിനെതിരെ കടുത്ത വിമര്‍ശനവുമായി നടന്‍ മാധവ് സുരേഷ്. ‘ഇത്തരമൊരു വികൃതമായ മനോഭാവത്തിനു ഇയാളെ അഴിയെണ്ണിക്കണം. മൃഗങ്ങള്‍ പോലും ഈ ആർഎസ്എസ് ബുദ്ധിജീവിയേക്കാൾ സംസ്കാരം കാണിക്കും,' എന്നാണ് മോഹന്‍ദാസിന്‍റെ വിവാദപരാമര്‍ശം പങ്കുവച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ മാധവ് കുറിച്ചത്.
അതേസമയം ടി.ജി.മോഹന്‍ദാസിനെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് നിര്‍ദേശം നല്‍കി. എഐവൈഫ് സംസ്ഥാന സെക്രട്ടറിയുടെ പരാതിയിലാണ് അന്വേഷണം. സൈബര്‍ സെല്‍ ഐ.ജിയാണ് സംഭവം അന്വേഷിക്കുന്നത്. സി.ജെ.പിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ സംഘടിപ്പിച്ച സമരത്തിൽ പങ്കെടുത്ത 'ജെൻ സി' പ്രക്ഷോഭകരെ അധിക്ഷേപിച്ചുകൊണ്ട് ഒരു യൂട്യൂബ് ചാനലിലൂടെയായിരുന്നു ടി.ജി.മോഹൻദാസിന്റെ പ്രതികരണം.
‘‘എനിക്ക് ഈ സാഹചര്യം കയ്യിൽ കിട്ടിയാൽ ഞാൻ എന്ത് ചെയ്യുമെന്ന് പറയാം. ജന്തർ മന്തർ പരിസരത്ത് നാല് സ്ക്വയർ കിലോമീറ്റർ പരിധിയിൽ കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാൻ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവയ്ക്കും. ആളുകൾ ചിതറിയോടും, കുറേപ്പേര് മരിക്കും, കുറേപ്പേര് മരിക്കില്ല. കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം ഒരു നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കും.’’ ഇതായിരുന്നു ടി.ജി.മോഹൻദാസിന്റെ വിവാദ പ്രസ്താവന.
മറ്റൊരു വിഡിയോയില്‍ ജന്തർ മന്തറില്‍ ബലാല്‍സംഗം ഇഷ്ടപ്പെടുന്ന ടീമാണ് ഉള്ളതെന്നും മോഹന്‍ദാസ് പറഞ്ഞിരുന്നു. 'ബലാത്സംഗം കൂട്ട ബലാത്സംഗമായി നടക്കും. ദൈവം സഹായിച്ച് അതിന് പരാതിയുണ്ടാവില്ല. ബലാത്സംഗം ഇഷ്ടപ്പെടുന്ന ടീമാണ് അവിടെയുള്ളത്. ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളുണ്ടല്ലോ, പെൺകുട്ടികളുണ്ട്. പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ ഒരു കഥയിൽ മലമുകളിലെ കുഞ്ഞബ്ദുല്ലേ, എന്നെ വന്നു ബലാത്സംഗം ചെയ്യൂ എന്ന് ഒരു സ്ത്രീ പറഞ്ഞതായാണ് ആ കഥ അവസാനിക്കുന്നത്. പ്രത്യേകിച്ച് ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ, വർഗ ബഹുജന ഗുണ്ട ഗുണ്ടൻമാരെല്ലാം ഈ പരിപാടികൾ ഇഷ്ടപ്പെടുന്നവരാണ്. അതിനിടയ്ക്ക് ആരെങ്കിലും ചത്ത് കഴിഞ്ഞാല്‍ രക്തസാക്ഷിയായി', എന്നാണ് മോഹന്‍ദാസ് പറഞ്ഞത്.