മലയാളത്തിന്‍റെ പ്രിയ താരം ശ്രീനിവാസന്‍റെ വിയോഗത്തിന് ശേഷം അദ്ദേഹത്തിന് ലഭിച്ച ആദരം ഏറ്റുവാങ്ങുമ്പോൾ വേദിയിൽ വിങ്ങിപ്പൊട്ടി ഭാര്യ വിമല. അന്തരിച്ച നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്‌കാരം സ്വീകരിക്കാൻ എത്തിയ ശ്രീനിവാസന്‍റെ ഭാര്യ വിമലയും മകൻ ധ്യാൻ ശ്രീനിവാസനും വികാരാധീനരായാണ് ചടങ്ങിൽ പങ്കെടുത്തത്.

ശ്രീനിവാസന് മരണാനന്തര ബഹുമതിയായി ലഭിച്ച പുരസ്‌കാരം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിൽ നിന്നും ഏറ്റുവാങ്ങിയ ശേഷം വിമല  സങ്കടം സഹിക്കാനാവാതെ വേദിയില്‍ നിന്ന് വിങ്ങിപ്പൊട്ടി. സങ്കടം നിയന്ത്രിക്കാനാവാതെ വിതുമ്പിയ അമ്മയെ മകൻ ധ്യാൻ ശ്രീനിവാസൻ ചേർത്തുപിടിച്ചു. തളർന്നുപോയ വിമലയെ മന്ത്രി വീണാ ജോർജും അരികിലെത്തി ആശ്വസിപ്പിച്ചു.

2025 ഡിസംബർ 20-ന് ശ്രീനിവാസൻ അന്തരിച്ചതിന് ശേഷം കുടുംബം പങ്കെടുത്ത ആദ്യത്തെ പ്രധാന പൊതുചടങ്ങുകളിൽ ഒന്നായിരുന്നു ഇത്. പ്രിയതമന്റെ വിയോഗം സൃഷ്ടിച്ച ശൂന്യതയിൽ നിന്നും ആ കുടുംബം ഇനിയും മുക്തമായിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു ചടങ്ങിലെ ഓരോ നിമിഷവും. 

അച്ഛന്റെ വിയോഗത്തിന് ശേഷം തന്റെ ഔദ്യോഗിക തിരക്കുകളിൽ നിന്നെല്ലാം പൂർണ്ണമായി വിട്ടുനില്‍ക്കുകയാണ് മകന്‍ ധ്യാന്‍ ശ്രീനിവാസന്‍.  പുരസ്‌കാര വേദിയിൽ തളർന്നുപോയ അമ്മയ്ക്ക് കരുത്തായി നിൽക്കുന്ന ധ്യാനിന്റെ ചിത്രങ്ങളും വിഡിയോകളും ഇതിനോടകം സോഷ്യൽമീഡിയയിൽ വൈറലാണ്. ശ്രീനിവാസന്റെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാ-സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. പ്രിയ കലാകാരന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ടാണ് ചടങ്ങ് സമാപിച്ചത്.

ENGLISH SUMMARY:

A heartbreaking moment unfolded as Vimala Sreenivasan broke down in tears while receiving a posthumous award for the late legendary actor Sreenivasan. Attending their first major public event since his passing in December 2025, son Dhyan Sreenivasan and Minister Veena George were seen consoling the grieving Vimala on stage, a sight that has moved social media users deeply