മമ്മൂട്ടിയുടെ പത്മഭൂഷണ്‍ പുരസ്കാരത്തിന്‍റെ ആഘോഷച്ചടങ്ങായി സംസ്ഥാന ചലച്ചിത്ര പുരസ്കാര സമര്‍പ്പണവേദി. സംസ്ഥാന സര്‍ക്കാര്‍ പലതവണ ശുപാര്‍ശ ചെയ്തിട്ടും ഇപ്പോഴെങ്കിലും കിട്ടിയതില്‍ സന്തോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുരസ്കാരങ്ങള്‍ കലാകരനെന്ന നിലയില്‍ സന്തോഷം തരുന്നൂവെന്ന് മമ്മൂട്ടിയും പ്രതികരിച്ചു. ജെ.സി ഡാനിയല്‍ പുരസ്കാരം ശാരദയ്ക്ക് സമ്മാനിച്ചപ്പോള്‍ ടൊവിനോ തോമസ്, ആസിഫ് അലി, ലിജോമോള്‍, സൗബിന്‍ ഷാഹിര്‍ ഉള്‍പ്പടെ ഒട്ടേറെപ്പേര്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണത്തിന് നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോളായിരുന്ന പത്മപുരസ്കാര പ്രഖ്യാപനമെത്തിയത്. അതുകൊണ്ട് തന്നെ മമ്മൂട്ടി വേദിയിലേക്കെത്തിയപ്പോള്‍ ഇരട്ടി ആവേശവും ആഘോഷവും. മന്ത്രി സജി ചെറിയാന്‍ ആശംസ അറിയിച്ച് ആഘോഷത്തിന് തുടക്കമിട്ടപ്പോള്‍ വളരെ നേരത്തെ കിട്ടേണ്ടിയിരുന്ന അവാര്‍ഡെന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി രാഷ്ട്രീയം കൂടി സൂചിപ്പിച്ചു.
മലയാള സിനിമയിലെ ഏറ്റവും ഉന്നത പുരസ്കാരമായ ജെ.സി ഡാനിയേല്‍ പുരസ്കാരം ശാരദയ്ക്ക് സമ്മാനിച്ചുകൊണ്ട് അവാര്‍ഡ് വിതരണം തുടങ്ങി. രാപ്പകലിലെ അമ്മയും മകനും വേദിയില്‍ ഒത്തുചേര്‍ന്ന സുന്ദരനിമിഷം. പുരസ്കാരങ്ങള്‍ സന്തോഷം നല്‍കുന്നൂവെന്നതിനപ്പുറം പത്മപുരസ്കാരത്തേക്കുറിച്ച് മമ്മൂട്ടി എടുത്തുപറഞ്ഞില്ല. സംസ്ഥാന പുരസ്കാരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടിയ ടൊവിനോയേയും ആസിഫ് അലിയേയും പുകഴ്ത്തി വേദിയില്‍ ചിരിനിറച്ചു. ആ സന്തോഷം ഏറ്റുപിടിച്ചു ടൊവിനോ. ആദ്യ സംസ്ഥാന പുരസ്കാരം വാപ്പയ്ക്കും ഉമ്മയ്ക്കും സമര്‍പ്പിക്കാന്‍ ആസിഫിന് കാരണമുണ്ട്.
മികച്ച നടിക്കുള്ള പുരസ്കാരം ഫെമിനിച്ചി ഫാത്തിമയിലെ ഷംല ഹംസ, ജൂറി പരാമര്‍ശം ജ്യോതിര്‍മയി, ദര്‍ശന രാജേന്ദ്രന് വേണ്ടി അമ്മ, സംവിധായകനായി മഞ്ഞുമ്മല്‍ ബോയിസിന്‍റെ ചിദംബരം, സ്വഭാവ നടനുള്ള പുരസ്കാരം സൗബിന്‍ ഷാഹിറും സിദ്ധാര്‍ഥ് ഭരതനും സ്വഭാവ നടിക്കുള്ള പുരസ്കാരം ലിജോമോള്‍ ജോസും ഏറ്റുവാങ്ങി. ഗാനരചയിതാവിനുള്ള പുരസ്കാരം നേടിയ വേടന്‍ അച്ഛനൊപ്പമാണ് വേദിയിലെത്തിയത്.