mammootty-pinarayi-vijayan

മമ്മൂട്ടിയുടെ പത്മ പുരസ്കാര നേട്ടത്തില്‍ സന്തോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു. കുറച്ചുവര്‍ഷങ്ങളായി മമ്മൂട്ടിയെ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്, ഇപ്പോഴെങ്കിലും നടന്നതില്‍ സന്തോഷം മുഖ്യമന്ത്രി സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമർപ്പണ വേദിയിൽ പറഞ്ഞു. 

പല തലമുറകളോട് മത്സരച്ചാണ് മമ്മൂട്ടി നാലര പതിറ്റാണ്ടുകള്‍ക്കിപ്പുറവും പുരസ്കാരങ്ങള്‍ വാരിക്കൂട്ടുന്നത്. താരപദവിയും പ്രതിച്ഛായയും മറന്ന് ഉടലിനെ അഭിനയ പരീക്ഷണത്തിന് ഉപാധിയാക്കുന്ന നടനാണ് മമ്മൂട്ടി. ഇത്രയും വൈവിധ്യമേറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്‍ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. 

കലാരംഗത്തെ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകൾ മുൻനിർത്തിയാണ് പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചത്. സിപിഎമ്മിന്റെ നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി രാജ്യം പത്മവിഭൂഷൺ നൽകി. ജസ്റ്റിസ് കെ.ടി. തോമസ്, പി. നാരായണൻ എന്നിവർക്കും പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് പത്മഭൂഷൺ ലഭിച്ച മറ്റൊരു പ്രമുഖ വ്യക്തി.