mammootty-kamal-hassan

TOPICS COVERED

മമ്മൂട്ടിക്ക് പത്മഭൂഷണ്‍ പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ അഭിനന്ദനങ്ങളുമായി കമല്‍ ഹാസന്‍. ഒന്നിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും  ‘കൊപ്പെരുഞ്ചോഴൻ പിസിരന്തിയാർ’ സൗഹൃദം പോലെ ദീർഘകാലമായി തുടരുന്ന ബന്ധമാണ് തങ്ങൾക്കിടയിലെന്ന് കമല്‍ ഹാസന്‍ പറ‍ഞ്ഞു. കൊപ്പെരുഞ്ചോഴനും പിസിരന്തിയാറും തമിഴ്–സംഘകാല സാഹിത്യത്തിലുള്ള ഉത്തമ സൗഹൃദത്തിന്‍റെ ഉദാഹരണങ്ങളാണ്. 

തന്‍റെ സുഹൃത്ത് മമ്മൂട്ടി ഇനി പത്മഭൂഷൺ മമ്മൂട്ടിയാണെന്നും കമല്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. 

'എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് മമ്മൂക്കയ്ക്ക് പത്മഭൂഷൺ പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നു. ഞങ്ങൾ ഇരുവരും ഒരിക്കലും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. എന്നിരുന്നാലും, ‘കൊപ്പെരുഞ്ചോഴൻ പിസിരന്തിയാർ’ സൗഹൃദം പോലെ ദീർഘകാലമായി തുടരുന്ന ബന്ധമാണ് ഞങ്ങൾക്കിടയിൽ. ദൂരത്തുനിന്ന് പരസ്പരം ആദരിക്കുകയും, നേരിൽ കണ്ടാൽ തുറന്നടിച്ച് വിമർശിക്കുകയും ചെയ്യുന്ന ബന്ധം. ഇനി ഒരുപക്ഷേ മുന്‍പത്തെക്കാള്‍ കൂടുതല്‍ നേരിൽ കാണാനാകും എന്ന തോന്നലുണ്ട്. ഒരു മമ്മൂട്ടി ആരാധകനെന്ന നിലയിൽ എന്റെ ആഗ്രഹം ഇതാണ്, എന്റെ ആരാധകർ അദ്ദേഹത്തിന്റെയും ആരാധകരാകണം. എന്‍റെ സുഹൃത്ത് മമ്മൂട്ടി ഇനി പത്മഭൂഷൺ മമ്മൂട്ടിയാണ്. എന്റെ സുഹൃത്തിനുള്ള അഭിനന്ദനങ്ങൾ,' കമല്‍ കുറിച്ചു. 

കലാരംഗത്തെ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകൾ മുൻനിർത്തിയാണ് പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചത്. സിപിഎമ്മിന്റെ നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി രാജ്യം പത്മവിഭൂഷൺ നൽകി. ജസ്റ്റിസ് കെ.ടി. തോമസ്, പി. നാരായണൻ എന്നിവർക്കും പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് പത്മഭൂഷൺ ലഭിച്ച മറ്റൊരു പ്രമുഖ വ്യക്തി.