mammootty-sarada

TOPICS COVERED

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമർപ്പണ വേദിയിൽ 'തങ്ക മനസ്' പാട്ട് പാടി നടി ശാരദ. മമ്മൂട്ടിയും മുഖ്യമന്ത്രി പിണറായി വിജയനും ഉള്‍പ്പെടെയുള്ളവര്‍ അടുത്തു നില്‍ക്കുമ്പോഴാണ് ശാരദ പാട്ട് പാടിയത്. ശാരദയും മമ്മൂട്ടി മുഖ്യകഥാപാത്രങ്ങളായി 2005ല്‍ പുറത്തുവന്ന 'രാപ്പകല്‍' എന്ന ചിത്രത്തിലെ പാട്ടാണ് 'തങ്ക മനസ്'. ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ ഈ പാട്ട് അടുത്തിടെ വീണ്ടും വൈറലായിരുന്നു. ഇതാണ് ശാരദ വേദിയില്‍ പാടിയത്. 

ജെ.സി.ഡാനിയേല്‍ പുരസ്കാരം വാങ്ങിയതിന് ശേഷം മറുപടി പറയുകയായിരുന്നു ശാരദ. 'ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും ബഹുമാനപ്പെട്ട മമ്മൂക്കക്കും' എന്ന് പറഞ്ഞിട്ട് 'അമ്മ മനസ് തങ്കമനസ്' എന്ന് രണ്ട് വരി പാടി ശാരദ ചിരിച്ചു. ഇത്രയും കാലം തന്ന പ്രോത്സാഹനത്തിന് നന്ദി, ഇന്ന് ഞാന്‍ നിങ്ങളുടെ മുന്‍പില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അതിന് കാരണം നിങ്ങളാണ്. നിങ്ങള്‍ ആദരിച്ചതുകൊണ്ട് ഇത്രയും വര്‍ഷം അഭിനയിക്കാന്‍ സാധിച്ചത്. ആ അവാര്‍ഡ് നല്‍കിയ സര്‍ക്കാരിനും നന്ദി പറയുന്നുവെന്നും ശാരദ പറഞ്ഞു. 

സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന ജെ.സി ഡാനിയേല്‍ അവാര്‍ഡ്. കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്രബഹുമതി ലഭിക്കുന്ന 32ാമത്തെ ചലച്ചിത്രപ്രതിഭയാണ് 80കാരിയായ ശാരദ.