ഓസ്കറിൽ ചരിത്രമെഴുതി 'സിന്നേഴ്സ്'. റെക്കോര്‍ഡ് നേട്ടമായ 16 നാമനിർദേശങ്ങൾ സിനിമ സ്വന്തമാക്കി. ബ്രാഡ് പിറ്റ് ചിത്രം എഫ് വണ്‍ മികച്ച സിനിമയ്ക്കുള്ള പോരാട്ടത്തിലെ സര്‍പ്രൈസ് എന്‍ട്രിയായി. ഹിന്ദി ചിത്രം ഹോംബൗണ്ട് പുറത്തായതോടെ ഓസ്കറിലെ ഇന്ത്യന്‍ പ്രതീക്ഷ അവസാനിച്ചു.
ബ്ലൂസ് സംഗീത പശ്ചാത്തലത്തിലുള്ള വാമ്പയർ ഇതിഹാസ ചിത്രമായ 'സിന്നേഴ്സ്', 'ഓൾ എബൗട്ട് ഈവ്', 'ടൈറ്റാനിക്', 'ലാ ലാ ലാൻഡ്' എന്നീ സിനിമകൾ നേടിയ 14 നാമനിർദേശങ്ങൾ എന്ന നേട്ടമാണ് മറികടന്നത്. മികച്ച ചിത്രത്തിന് പുറമെ, റയാൻ കൂഗ്ലർ മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള നാമനിർദേശങ്ങൾ നേടി. ചിത്രത്തിലെ നായകനായ മൈക്കിൾ ബി ജോര്‍ഡന്‍ തന്റെ ആദ്യ ഓസ്കർ നോമിനേഷനും കരസ്ഥമാക്കി. നാമനിർദേശങ്ങളിൽ മുൻനിര സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന, പോൾ തോമസ് ആൻഡേഴ്സൻ്റെ വിപ്ലവ ചിത്രം 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' 13 നോമിനേഷനുകളുമായി രണ്ടാം സ്ഥാനത്തെത്തി.
Also Read: ഇന്ത്യയുടെ ‘ഹോംബൗണ്ടിന്’ നിരാശ; ഓസ്കര്‍ മല്‍സരത്തില്‍ നിന്നും പുറത്ത്
ലിയനാഡോ ഡികാപ്രിയോ മികച്ച നടനാകാന്‍ മല്‍സരിക്കും. മാര്‍ട്ടി സുപ്രീമിലൂടെ മൂന്നാം നാമനിര്‍ദേശം നേടിയ റ്റിമോതി ഷാലമെയായിരിക്കും ഡികാപ്രിയോയ്ക്ക് കടുത്ത മല്‍സരം ഉയര്‍ത്തുക. ഹിന്ദി ചിത്രം ഹോം ബൗണ്ടിന് രാജ്യാന്തര സിനിമാ വിഭാഗത്തില്‍ നാമനിര്‍ദേശം ലഭിച്ചില്ല. ഒപ്പം മല്‍സരിച്ച ബ്രസീലിയന്‍ ചിത്രം സീക്രട്ട് ഏജന്റും ഫ്രഞ്ച് ചിത്രം സെന്റിമെന്റല്‍ വാല്യൂവും രണ്ട് നാമനിര്‍ദേശം വീതം നേടി. വാഗ്നര്‍ മൗറ മികച്ച നടനാകാനും സ്റ്റെല്ലന്‍ സ്കാര്‍സ്ഗാര്‍ഡ് സഹനട പുരസ്കാരത്തിനും മല്‍സരിക്കും.