anjali-nair-image-socialmedia

മലയാളികളുടെ പ്രിയതാരമാണ് അഞ്ജലി നായർ. വ്യക്തിജീവിതത്തിലെ വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അഞ്ജലി പങ്കുവച്ച പുതിയ പോസ്റ്റാണ് സോഷ്യല്‍മീഡിയയില്‍ വൈറല്‍. മൂത്ത മകൾ ആവണി ഋതുമതിയായ സന്തോഷമാണ് അഞ്ജലി ഷെയർ ചെയ്തത്. മകളുടെ ജീവിതത്തിലെ ഈ സുപ്രധാന മാറ്റം വലിയ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് അഞ്ജലിയും കുടുംബവും.

'എന്‍റെ ഡാർലിങ് സ്ത്രീത്വത്തിലേക്ക് കാലെടുത്തുവച്ചിരിക്കുന്നു' എന്ന അടിക്കുറിപ്പോടെ മകളുടെ ഋതുമതി ചടങ്ങിന്റെ വിഡിയോയും അഞ്ജി പങ്കുവച്ചു. ബാലതാരമായി മലയാളത്തിലും അന്യഭാഷകളിലും തിളങ്ങിയ ആവണി, അഞ്ജലിയുടെ മൂത്ത മകളാണ്. സെറ്റും മുണ്ടും ചുറ്റി, വട്ടപ്പൊട്ടും മാലയുമണിഞ്ഞ് അതീവ സുന്ദരിയായാണ് ചടങ്ങിൽ ആവണി പ്രത്യക്ഷപ്പെട്ടത്.  അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. പ്രിയപ്പെട്ടവരെല്ലാം അനു​ഗ്രഹങ്ങളും സമ്മാനങ്ങളും കൊണ്ട് ആവണിയെ മൂടി. 

ആവണിയുടെ ഋതുമതി ചടങ്ങ് വിശേഷങ്ങൾ അഞ്ജലി പങ്കിട്ടതോടെ നിരവധി പേരാണ് ആശംസകൾ നേർന്ന് എത്തിയത്. മകൾ ഋതുമതിയായി എന്നത് മലയാളികൾക്ക് ഒരു കാലത്ത് പുറത്ത് പറയാൻ നാണം ആയിരുന്നു. എന്നാല്‍ സോഷ്യൽമീഡിയയുടെ വരവോട് കൂടി അത്തരം ചിന്തഗതികളിൽ മാറ്റം വന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു എന്നൊക്കെയാണ് കമന്‍റുകള്‍. ‘ഫീനിക്സ്’, ‘അജയന്റെ രണ്ടാം മോഷണം’, സൂര്യ നായകനായ ‘റെട്രോ’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് ആവണി.

ഋതുമതി ചടങ്ങ് എന്നത് പെൺകുട്ടിക്ക് ആർത്തവാരംഭം സംഭവിക്കുമ്പോൾ നടത്തുന്ന ഒരു പ്രധാന ഹൈന്ദവ ആചാരമാണ്. മുമ്പ് ഹൈന്ദവ വീടുകളിൽ മാത്രമാണ് ഈ ചടങ്ങ് കണ്ടിരുന്നതെങ്കിലും ഇന്ന് എല്ലാ വീടുകളിലും ജാതിമത ഭേദമന്യേ ഈ ചടങ്ങ് നടത്തപ്പെടാറുണ്ട്. ബാല്യത്തിൽ നിന്ന് കൗമാരത്തിലേക്കുള്ള പെൺകുട്ടിയുടെ മാറ്റത്തെ സൂചിപ്പിക്കുന്നത് കൂടിയാണ് ഈ ചടങ്ങ്. ഇതിനെ തിരണ്ടുകല്യാണം എന്നും ചിലയിടങ്ങളിൽ വിശേഷിപ്പിക്കാറുണ്ട്.

പെൺകുട്ടിയെ മഞ്ഞൾ വെള്ളത്തിൽ കുളിപ്പിക്കുക, ഹാഫ് സാരി സമ്മാനിക്കുക, പ്രത്യേക വിഭവങ്ങൾ നൽകുക, ബന്ധുക്കൾ സമ്മാനങ്ങൾ നൽകി അനുഗ്രഹിക്കുക എന്നിവയെല്ലാം ചടങ്ങിൽ ഉൾപ്പെടുന്നു. ഋതുമതികൾക്ക് സ്വന്തം ശരീരത്തിൽ നടക്കുന്ന മാറ്റങ്ങളെപ്പറ്റി വന്നുപെടാവുന്ന സന്ദേഹങ്ങൾക്കും സംശയങ്ങൾക്കും അറുതിവരുത്താനും സഹായകമാകാറുണ്ട് ഇത്തരം ചടങ്ങുകൾ. 

ENGLISH SUMMARY:

Popular Malayalam actress Anjali Nair recently celebrated her daughter Avani's transition into womanhood with a traditional puberty ceremony. She shared a heartwarming video of the event on social media, welcoming her "darling" to this new stage of life. Avani, a well-known child artist seen in films like ARM and Phoenix, appeared in traditional attire surrounded by family.