പെണ്ണുങ്ങളെവിടെ? അവരുടെ കഥകളെവിടെ? വ്യത്യസ്തവും സങ്കീർണവും പരീക്ഷണങ്ങളാൽ നിറഞ്ഞ അനവധി കഥാപരിസരങ്ങളും കഥാപാത്രങ്ങളും ആണുങ്ങൾക്ക് ലഭിച്ചപ്പോൾ, 2024ൽ മലയാള സിനിമയെ ചുറ്റി ശക്തമായി ഉയർന്ന ചോദ്യമാണിത്. 2025ൽ, മലയാള സിനിമ തന്നെ ആ ചോദ്യത്തിന് മറുപടി പറയുകയാണ്. മാസിന് മാസ്, അടിക്ക് അടി, തിരിച്ചടി, പ്രണയവും പ്രതികാരവും സ്വാർത്ഥതയും കരുണയും ഒരേ സമയം കൊണ്ടുനടക്കുന്ന പെണ്ണുങ്ങൾ — സകല അടവുകളും പയറ്റിയ നായികമാർ.
‘രേഖാചിത്ര’ത്തിലെ ഷോക്ക് ഫാക്ടറായിരുന്നു ആലീസ് എന്ന പുഷ്പം. ഇത്ര ക്രൂരമായ കൊലപാതകങ്ങൾ ചെയ്യുന്ന, ആക്രമാസക്തയായ സ്ത്രീ ആൻറഗോണിസ്റ്റുകൾ മലയാള സിനിമയിൽ അപൂർവമായതിനാലാണ് ആലീസ് ഇന്നും നമ്മെ ഞെട്ടിക്കുന്നത്. രേഖയെ തേടിയുള്ള വിവേകിന്റെ അന്വേഷണത്തിനിടെ സംഭവിച്ച അപകടങ്ങളും കൊലപാതക പരമ്പരയും വക്കച്ചന്റെ ചെയ്തികളാണെന്ന പ്രേക്ഷക ധാരണയ്‌ക്ക് പെട്ടെന്നുണ്ടായ തിരിച്ചടിയായിരുന്നു ആലീസ്. ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ടുതന്നെ എല്ലാം നിയന്ത്രിച്ചിരുന്ന ആലീസിന്റെ കൈകളിലെ നൂൽപ്പാവ മാത്രമായിരുന്നു വക്കച്ചൻ. ത്രില്ലർ സിനിമകളിലെ പതിവ് ആൻറഗോണിസ്റ്റ് ട്രോപ്പുകൾ തകർത്ത് എഴുതപ്പെട്ട, സങ്കീർണമായ ഒരു ക്യാരക്ടർ ആർക്ക് ആയിരുന്നു ആലീസ്.
‘പൊന്മാനി’യിലെ സ്റ്റെഫി, ടിപ്പിക്കൽ പാട്രിയാർക്കൽ കുടുംബത്തിൽ അതിന്റെ എല്ലാ പൊതുബോധങ്ങളോടെയും ജീവിച്ച ഒരാളാണ്. തനിക്ക് വിവാഹം കഴിപ്പിക്കേണ്ടതും വീട്ടിലെ കാര്യങ്ങൾ തീരുമാനിക്കേണ്ടതും ആങ്ങളയുടെ ഉത്തരവാദിത്തമാണെന്ന് വിശ്വസിച്ചവൾ. ഭർത്താവിന്റെ വീട്ടിൽ സ്വന്തം നിലനിൽപ്പിന് അജേഷിൽ നിന്ന് വാങ്ങിയ സ്വർണം അനിവാര്യമാണെന്ന തിരിച്ചറിവിൽ നിന്നാണ് അവള്‍ അതിസാമർഥ്യം കാണിച്ചത്. വിവാഹം കഴിഞ്ഞാൽ ജീവിതം ശരിയാവുമെന്ന സ്വാർഥതയിൽ എടുത്ത തീരുമാനങ്ങൾ. എന്നാൽ ആ പൊന്ന് തീർന്നാൽ തന്റെ ജീവിതം എന്താകുമെന്ന ബോധ്യമാണ് സ്റ്റെഫിയെ മാറ്റിമറിക്കുന്നത്. അജേഷിന്റെ ജീവിതവും അവന്റെ അധ്വാനിക്കുന്ന അമ്മയും പെങ്ങളും അവളുടെ കാഴ്ചപ്പാടുകൾ തിരുത്തുന്നു. തെറ്റുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്, പരിണിതഫലങ്ങൾ അറിഞ്ഞുകൊണ്ടുതന്നെ ശരിയിലേക്ക് നടക്കുകയാണ് സ്റ്റെഫി.
പ്രണയമില്ലാത്ത ലൈംഗികബന്ധം ആഗ്രഹിക്കുന്ന പെൺകുട്ടി, ‘ഭീമന്റെ വഴി’യിലെ ബ്ലെസിക്ക് ശേഷം അങ്ങനെയൊരു കഥാപാത്രത്തെ വീണ്ടും കണ്ടത് ‘ധീരനി’ലാണ്. നായകന്റെ നോട്ടത്തിൽ തലകുനിച്ച് നാണം കുണുങ്ങുന്ന നായികമാരുടെ കാലത്തുനിന്ന്, “കാഷ്വൽ പരിപാടിയിൽ ലസ്റ്റ് മാത്രമാണെങ്കിൽ ഓക്കേ” എന്ന് തുറന്നുപറയുന്ന സുരമ്യയിലേക്കാണ് മലയാള സിനിമ എത്തിനിൽക്കുന്നത്. മുന്‍പും ലൈംഗിക ആഗ്രഹങ്ങൾ തുറന്നുപറയുന്ന സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അവരൊക്കെ വില്ലത്തിമാരോ തെറ്റുകാരികളോ ആയിരുന്നു, അല്ലെങ്കിൽ അവരുടെ വിധി ദുരന്തമായിരുന്നു. ‘ഫ്രണ്ട്സ് വിത്ത് ബെനഫിറ്റ്സ്’ എന്ന ആശയം സ്വയം തിരഞ്ഞെടുത്ത സുരമ്യ, സമീപകാലത്ത് മലയാള സിനിമയിൽ കണ്ട ഏറ്റവും ധീരമായ കഥാപാത്ര സൃഷ്ടികളിലൊന്നാണ്.
‘തലവര’യിൽ ഏറ്റവും കൂടുതൽ പ്രേക്ഷകപ്രീതി നേടിയ കഥാപാത്രം നായികയായ സന്ധ്യയായിരുന്നു. “എല്ലാവരുടെയും ജീവിതത്തിൽ ഒരു സന്ധ്യ വേണം” എന്ന വാചകം സോഷ്യൽ മീഡിയയിൽ വ്യാപകമായി കണ്ടു. വിറ്റിലിഗോ എന്ന അവസ്ഥയും സാമ്പത്തിക പരാധീനതകളും നിറഞ്ഞ പാന്‍ഡ എന്ന ജ്യോതിഷിന്റെ ജീവിതത്തിൽ അക്ഷരാർത്ഥത്തിൽ ഒരു ബാക്ക്ബോൺ ആയിരുന്നു സന്ധ്യ. ജ്യോതിഷ് തളർന്നിടത്തൊക്കെയും അവനെ കരുത്തോടെ താങ്ങിയത് അവളാണ്. കുടുംബത്തിനും സുഹൃത്തുകൾക്കും മനസ്സിലാക്കാനാകാത്ത അവന്റെ വൾണറബിൾ സൈഡ് കണ്ടതും അഭിനയം എന്ന പാഷനിലേക്ക് അവനെ കൈപിടിച്ചു നയിച്ചതും സന്ധ്യ തന്നെ.
രാജ്യത്തെ മറ്റ് പ്രമുഖ ഇൻഡസ്ട്രികൾ പോലും ചിന്തിക്കാത്ത ഇടത്താണ് ഒരു ഫീമെയിൽ സൂപ്പർഹീറോ എന്ന ആശയം മലയാള സിനിമ അവതരിപ്പിക്കുന്നത്. ഐതിഹ്യങ്ങളിലും സീരിയലുകളിലും നാം കണ്ട നീലി, ‘ചന്ദ്ര’ എന്ന സൂപ്പർഹീറോയായി മാറുന്നു. അത്രമേൽ കരുത്തും അതേസമയം ഉള്ളിലെ നൈർമല്യവും കരുണയും നിറഞ്ഞ കഥാപാത്രം. സ്വന്തം നിലനിൽപ്പിന് തന്നെ ഭീഷണിയാണെന്ന് അറിഞ്ഞിട്ടും അപകടത്തിലായവരെ രക്ഷിക്കാൻ മുന്നോട്ട് പോകുന്ന ധൈര്യമാണ് ചന്ദ്രയെ ഒരു സൂപ്പർഹീറോയാക്കുന്നത്.
‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ന്റെ ഒരു മുസ്‌ലിം വേർഷനായി പലരും ‘ഫെമിനിച്ചി ഫാത്തിമ’യെ വിശേഷിപ്പിച്ചു. ഫാൻ ഇടാൻ പോലും ഭാര്യയെ വിളിക്കുന്ന ഭൂരിപക്ഷ ആൺബോധത്തിന്റെ പ്രതിനിധിയാണ് ഫാത്തിമയുടെ ഭർത്താവ്. നടുനിവർത്തി കിടക്കാനുള്ള ഒരു മെത്തയെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ വികസിക്കുന്നത്. ആ മെത്ത വാങ്ങാൻ സാമ്പത്തിക സ്വയംപര്യാപ്തത നേടാൻ ശ്രമിക്കുന്ന ഫാത്തിമ, അറിയാതെ തന്നെ വീട്ടിലെ ശീലങ്ങളെയും അധികാര ഘടനകളെയും ചോദ്യം ചെയ്യുന്നു. അങ്ങനെ, ഫാത്തിമ അറിയാതെ തന്നെ ഒരു ഫെമിനിസ്റ്റായി മാറുന്നു.
മരിച്ചിട്ടും മകനെ ദൈവത്തമ്പുരാനുപോലും വിട്ടുകൊടുക്കാത്ത ‘ഡിയസ് ഈറ’യിലെ എൽസമ്മ, പല അടരുകളുള്ള കഥാപാത്രമാണ്. പുറമേ സാധാരണക്കാരിയായ അവര്‍ക്കുള്ളിൽ മകനോടുള്ള ഭ്രാന്തമായ സ്നേഹമാണ്. അതിന് ഇടയിൽ വരുന്ന ആരെയും ഇല്ലാതാക്കാൻ പോലും അവര്‍ക്ക് മടിയില്ല. “നിന്റെ തന്ത അയാളാണെന്ന് എന്താ ഇത്ര ഉറപ്പ്?,” 2025ലെ ഏറ്റവും മികച്ച മാസ് ഡയലോഗുകളിലൊന്നായി അത് മാറി. വീട്ടിലെ പെണ്ണുങ്ങളെ വരുതിയിലാക്കി മെരുക്കാം എന്ന പാട്രിയാർക്കൽ ബോധത്തിന് കിട്ടിയ കനത്ത അടിയായിരുന്നു അവിഹിതത്തിലെ സ്ത്രീ കഥാപാത്രങ്ങൾ.
സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ചർച്ചയായ സിനിമയാണ് ‘എക്കോ’. അതിലെ ഏറ്റവും മികച്ച കഥാപാത്ര സൃഷ്ടി മ്ലാത്തിയായിരുന്നു. പിയൂസിനെയും കുര്യച്ചനെയും ചുറ്റിപ്പറ്റിയ കഥ, ഒറ്റ ക്ലൈമാക്സ് രംഗത്തിൽ ട്രാക്ക് മാറി മ്ലാത്തി ചേട്ടത്തിയുടെ ഡോമിനൻസിലേക്ക് എത്തുന്നു. ‘പ്രൊട്ടക്ഷൻ’ എന്ന പേരിൽ രണ്ട് പുരുഷന്മാർ അവളുടെ ജീവിതത്തിൽ സ്ഥാപിച്ച റെസ്ട്രിക്ഷനുകൾക്കും ഓണർഷിപ്പിനുമുള്ള പകരംവീട്ടലായിരുന്നു കുര്യച്ചന് ലഭിച്ച ഏകാന്ത തടവ്. ക്ലൈമാക്സിൽ ബൈനോക്കുലർ പിടിച്ച് പിയൂസിനെ നോക്കി അവര്‍ നടത്തുന്ന സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ പ്രേക്ഷകന്റെ ഉള്ളിൽ ആ ഡയലോഗ് മുഴങ്ങും, “ഞാനാടാ ഈ പടത്തിലെ നായിക.”
അങ്ങനെ, ചില കിടിലൻ നായികമാരുടേതായിരുന്നു 2025ലെ മലയാള സിനിമ. സങ്കീർണവും വ്യത്യസ്തവും പരീക്ഷണങ്ങളാൽ നിറഞ്ഞ സ്ത്രീ കഥാപാത്രങ്ങൾ. സ്റ്റീരിയോടൈപ്പുകളിൽ നിന്നുമാറി, നാം നിത്യജീവിതത്തിൽ കാണുന്ന മനുഷ്യർ തന്നെ. അവർ പാവങ്ങളാണ്, സ്വാർഥരാണ്, സ്വയംപര്യാപ്തരാണ്, ധീരരാണ്, ക്രൂരരാണ്, പ്രതികാരബുദ്ധിയുള്ളവരാണ്. അങ്ങനെ, ചിന്തിക്കുന്നതും വ്യക്തിത്വമുള്ളതുമായ കഥാപാത്രങ്ങളെയും അവരുടെ കഥകളെയും തന്നെയാണ് 2024ൽ നാം ആവശ്യപ്പെട്ടത്, 2025ൽ മലയാള സിനിമ അതിന് ഉത്തരം പറഞ്ഞു.