റിലീസ് ചെയ്തിട്ട് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍, എങ്ങും ഹൗസ് ഫുൾ ഷോകൾ, മികച്ച അഭിപ്രായങ്ങൾ, ഞെട്ടിക്കുന്ന പ്രകടനങ്ങൾ, കിടിലൻ സിനിമറ്റോഗ്രാഫി പറഞ്ഞുവരുന്നത് ബാഹുൽ രമേശിൻ്റെ തിരക്കഥയിൽ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത എക്കോയെക്കുറിച്ചാണ്. ഒരു ഡീസൻ്റ് മിസ്റ്ററി ത്രില്ലർ എന്നതിനപ്പുറത്തേക്ക് എക്കോയിലേക്ക് പ്രേക്ഷകനെ അടുപ്പിക്കുന്നതെന്താണ്?
മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു പുതിയ കാഴ്ചയാണ് എക്കോ തുറന്നിടുന്നത്.മനുഷ്യന്‍റെ മാനസിക തലങ്ങളെ വളരെ ഒതുക്കത്തോടെ എന്നാല്‍ ആഴത്തില്‍ പറഞ്ഞുപോവുന്ന കഥാരീതി എക്കോയില്‍ കാണാന്‍ സാധിക്കും. മൃഗങ്ങള്‍ കഥാപാത്രങ്ങളായി വരുന്ന സിനിമകള്‍ ഉണ്ടെങ്കിലും എക്കോയില്‍ സിനിമയിലുടനീളം നായകള്‍ക്ക് പ്രധാന റോളുണ്ട്. കഥാതന്തുവിനെ പോലും അവ വാലാട്ടിയും ഉറക്കെ കുരച്ചും സ്വാധീനിക്കുന്നുമുണ്ട്. മൃഗങ്ങള്‍ ഉള്‍പ്പെടുന്ന ലോകത്ത് മനുഷ്യന്‍ നടത്തുന്ന കുറ്റകൃത്യങ്ങളും അവ മൂലമുണ്ടാകുന്ന ധാര്‍മിക സംഘര്‍ഷങ്ങിലും നായകളും കൂടെ ഉള്‍പ്പെടുന്നുമുണ്ട്. ഇവയെല്ലാം കൊണ്ടും മനുഷ്യനൊടൊപ്പം മൃഗങ്ങളടക്കമുള്ള സഹജീവികളും കൂടെ നിറഞ്ഞതാണ് ഈ ലോകമെന്ന് എക്കോ പറഞ്ഞുവെക്കുന്നു.
അനിമൽ ട്രിലജിയിലെ അവസാന ചാപ്റ്റർ എന്ന് ടീസറിനൊപ്പം കണ്ട ആ വാക്ക് തന്നെ മതിയായിരുന്നു പ്രേക്ഷകര്‍ക്ക് എക്കോയെ കിഷ്കിന്ധാകാണ്ഡവുമായി ബന്ധപ്പെടുത്താനും ഓര്‍ത്തെടുക്കാനും. മനുഷ്യര്‍ക്കൊപ്പം കുരങ്ങുകള്‍ കൂടെ അധിവസിക്കുന്ന കല്ലേര്‍പതി റിസർവ് വനത്തിലായിരുന്നു ബാഹുല്‍ കിഷ്കിന്ധാകാണ്ഡത്തിന്‍റെ വിത്തുകള്‍ പാകിയത്.വിജയരാഘവന്‍റെ അപ്പുപിള്ളയ്ക്കും ആസിഫ് അലിയുടെ അജയനും അപര്‍ണയ്ക്കുമൊപ്പം കല്ലേര്‍പതിയിലെ കുരങ്ങിന്‍കൂട്ടവും കഥയുടെ ഭാഗമാണ്.
മറവിരോഗിയായ അപ്പു പിള്ളയുടെ അസ്വാഭാവിക പെരുമാറ്റങ്ങളും, മകനായ അജയചന്ദ്രൻ (ആസിഫ് അലി) മറച്ചുവെക്കുന്ന ചില കുടുംബ രഹസ്യങ്ങളും ചിത്രത്തിന്‍റെ സസ്പെൻസ് വർദ്ധിപ്പിക്കുന്നുണ്ട്. അധികാരമുള്ള മനുഷ്യൻ നിസ്സഹായരായ വാനരവർഗ്ഗത്തോട് നടത്തുന്ന ചതിപ്രയോഗത്തിന്‍റെ സാധ്യതകൾ സിനിമ ചർച്ച ചെയ്യുന്നു.എക്കോയിലെത്തുമ്പോഴും ഇതിന് മാറ്റമൊന്നുമില്ല.മനുഷ്യന്‍റെ കുറ്റകൃത്യങ്ങളിൽ മൃഗങ്ങൾ ഇരകളാകുന്നുണ്ട്, അവരുടെ നിശബ്ദ സാന്നിധ്യം കഥാഗതിയെ സ്വാധീനിക്കുന്നു.
'അനിമൽ ട്രിലജി'യിലെ രണ്ടാമത്തെ ചാപ്റ്ററാണ് 'കേരള ക്രൈം ഫയൽസ് 2'. സിനിമയുടെ കഥാപരിസരത്തിലും മൃഗങ്ങളുടെ പ്രാധാന്യം വ്യക്തമാണ്. കിഷ്കിന്ധയില്‍ കുരങ്ങനാണെങ്കില്‍ ക്രൈം ഫയല്‍സില്‍ അത് നായയാണ്. അമ്പിളി രാജുവിന്‍റെ തിരോധാനത്തില്‍ 'ടെറി' എന്ന ഡോഗ് സ്കോഡിലെ നായക്ക് വലിയ പങ്കുണ്ട്. അമ്പിളി രാജുവും മറ്റൊരു കഥാപാത്രമായ ഹരിശ്രീ അശോകൻ അവതരിപ്പിച്ച അയ്യപ്പനും ചേർന്ന് ഒരു പുരാതന മോതിരം കൈക്കലാക്കാൻ ശ്രമിക്കുന്നതിനിടെ അത് നായയുടെ വയറ്റിലാകുന്നു.അത് വീണ്ടെടുക്കാനായി നായയെ കൊല്ലേണ്ടിയും വരുന്നു. നായകളുടെ പരിശീലകനും മൃഗസ്നേഹിയുമായ ജയ്‌സ്‌മോൻ ഇതിനെക്കുറിച്ച് അറിഞ്ഞശേഷം, പ്രതികാരമായി അമ്പിളി രാജുവിനെയും അയ്യപ്പനെയും കൊലപ്പെടുത്തുകയും അവരുടെ മൃതദേഹങ്ങൾ തെരുവുനായകൾക്ക് ഭക്ഷണമായി നൽകുകയും ചെയ്യുന്നു. ഇത്തരത്തിൽ, മനുഷ്യൻ മൃഗങ്ങളോട് ചെയ്യുന്ന ക്രൂരത, മറ്റൊരു മനുഷ്യനിലേക്ക് എങ്ങനെ പ്രതികാരമായി തിരിച്ചെത്തുന്നു എന്നൊരു ആശയമാണ് കേരള ക്രൈം ഫയല്‍സ് ചര്‍ച്ച ചെയ്തത്.
അനിമല്‍ ട്രിലജിയിലെ അവസാന ചിത്രമായ എക്കോ അഥവാ ക്രോണിക്കിള്‍ ഓഫ് കുര്യച്ചന്‍ അയാളുടെ മാത്രം കഥ അല്ലാതാവുന്നതും അതുകൊണ്ടാണ്. കുര്യച്ചന്‍ പടര്‍ന്നു പന്തലിച്ച മലകളും മലയിടുക്കുകളിലെ പൊത്തുകളും മ്ലാത്തി ചേടത്തിയും പിയൂസും അപ്പുട്ടിയും എന്നിവര്‍ക്കും പുറമെ അയാള്‍ ആ കുന്നിന്‍ചെരുവിലേക്ക് പറിച്ചുനട്ട കാവല്‍പട്ടാളത്തിന്‍റെ കൂടെ കഥയാണ് എക്കോ. ക്ലൈമാക്സ് സീനിൽ തിയറ്ററിൽ കേൾക്കുന്ന ഞെട്ടൽ, ദീർഘ നിശ്വാസങ്ങൾ, കൈയടികളും ഒക്കെ എക്കോ ഒരു ഗംഭീര സിനിമ തന്നെയെന്ന് അടിവരയിടുന്നുണ്ട്.
കൊലപാതകം എങ്ങനെ നടന്നുവെന്ന് കേരള ക്രൈം ഫയൽസിൽ കാണിച്ചിട്ടില്ല. ശ്രദ്ധിച്ച് നോക്കിയാൽ എക്കോയിലും. ബാഹുല്‍ തന്നെ ഒരഭിമുഖത്തില്‍ പറഞ്ഞതുപോലെ ചില സംശയങ്ങൾ പ്രേക്ഷകന് നൽകുക എന്നതിനപ്പുറം ചില ചിന്തകൾ സിനിമയ്ക്ക് ശേഷം പ്രേക്ഷകന് വേണ്ടി ബാക്കി വെക്കുക എന്നത് എക്കോ ഭംഗിയായി ചെയ്തിട്ടുണ്ട്. കേരള ക്രൈം ഫയൽസിൽ അമ്പിളി രാജു കേസിൽ അങ്ങനെയൊരു അപൂര്‍ണത ഉണ്ടായിരുന്നു.എക്കോയിലേക്ക് വരുമ്പോൾ അത് ഒന്ന് കൂടെ ഭംഗിയാവുന്നു. എക്കോ അവസാനിക്കുമ്പോൾ ഈ അവസാന ട്രിലജി കഥയിലെ 'മൃഗം'നായയല്ല മനുഷ്യൻ തന്നെയാണെന്ന് തോന്നും. മനുഷ്യർ അവരുടെ വന്യതയാണ് ഇണക്കി വളർത്തുന്ന ജീവികൾക്കു പോലും കൈമാറുന്നതെന്നും...