ഈവര്‍ഷം ഇതുവരെ റിലീസായത് 200 ലേറെ മലയാള ചിത്രങ്ങള്‍. ബോക്സ് ഓഫീസ് തൂക്കിയ വമ്പന്‍മാരില്‍ തുടങ്ങി വരവറിയിക്കാതെ പോയവര്‍ വരെ ഈ വര്‍ഷത്തെ അടയാളപ്പെടുത്തി. 2024ലെ മികച്ച പ്രകടനത്തിന്‍റെ അടുത്തെത്തിയില്ലെങ്കിലും 2025ഉം കളറാക്കി മലയാളം സിനിമ. ചരിത്രത്തിലാദ്യമായി മൂന്നൂറുകോടി ക്ലബില്‍ ഒരു മലയാള സിനിമയെത്തി. 200കോടി തൂക്കി മൂന്നും 50കോടി ക്ലബില്‍ ആറും ചിത്രങ്ങള്‍ ഇടം നേടി. ബോക്സ് ഓഫീസില്‍ തോറ്റുപോയവര്‍ ഒരുപാടുണ്ടെങ്കിലും ചെറുതല്ല ഈ നേട്ടങ്ങള്‍.
മമ്മൂട്ടിച്ചേട്ടനൊപ്പം സിനിമക്ക് പിന്നിലെ ക്രൈമിന്‍റെ ചുരുളഴിച്ച രേഖാചിത്രം ഗംഭീരതുടക്കമാണ് 2025ല്‍ മോളിവുഡിന് നല്‍കിയത്. പിന്നാലെ പൊന്മാനെത്തി. അന്നോളം കണ്ടിണ്ടില്ലാത്ത വിധം അഗ്രസീവായ എന്നാല്‍ അത്രമേല്‍ ആഴമുള്ള ഒരു കഥാപാത്രം, അജേഷായി ജീവിച്ച് ബേസില്‍ ജോസഫ് ഞെട്ടിച്ചു. റഫായ, ടോക്സിക്കായ, സങ്കീര്‍ണമായ സ്വഭാവ സവിശേഷതകളുള്ള ഹരിശങ്കറും അതിനെ വെല്ലാന്‍ പോന്ന ക്രിസ്റ്റി എന്ന വില്ലനും ഒപ്പം ഒരു ടെറിഫയ്യിങ് ഗ്യാങ്ങും, ഇവര്‍ നേര്‍ക്കുനേര്‍ നിന്ന ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ഒടിടിയിലെത്തിയപ്പോള്‍ അന്യഭാഷക്കാരും മല്ലു ഇന്‍ഡസ്ട്രിയെ പുകഴ്ത്തി.
പിന്നെ വന്നത് മലയാളം കാത്തിരുന്ന സീക്വല്‍, എല്‍ 2; എമ്പുരാന്‍, പാന്‍ ഇന്ത്യന്‍ റിലീസ്, കഥയിലും പ്രൊഡക്ഷനിലും കാസ്റ്റിങ്ങിലും ലൂസിഫറിന്‍റെ ഇരട്ടി സ്കെയില്‍, എന്നിട്ടും ലഭിച്ചത് സമ്മിശ്ര പ്രതികരണം. ബസൂക്കക്ക് ലഭിച്ച പ്രതികരണവും മറിച്ചായിരുന്നില്ല. ഡാര്‍ക്ക് ഹ്യൂമറിലെ മികച്ച അറ്റംപ്റ്റായി മരണമാസ്. ആലപ്പുഴ ജിംഖാന വലിയ പ്രതീക്ഷയോടെ എത്തിയെങ്കിലും സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്. ഖാലിദ് റഹ്മാന്‍റെ മുന്‍ ചിത്രങ്ങള്‍ക്കൊപ്പമെത്തിയില്ല എന്ന വിമര്‍ശനവും.
എംപുരാനിലെ കുറവ് തുടരും തീര്‍ത്തു. സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പറഞ്ഞതുപോലെ മോഹന്‍ലാല്‍ ഫാന്‍സിലെ സ്ലീപ്പര്‍ സെല്ലുകള്‍ ഒന്നടങ്കം തിയേറ്ററുകളിലേക്ക് ഇളകിയെത്തി. സന്ദീപ് പ്രദീപ് എന്ന യുവതാരത്തിന്‍റെ ഉദയമായി പടക്കളം. നീണ്ടുനിന്ന പരാജയങ്ങള്‍ക്കൊടുവില്‍ ഡിറ്റക്ടീവ് ഉജ്ജ്വലന്‍ ധ്യാന്‍ ശ്രീനിവാസന് ആശ്വാസമായി. പ്രതീക്ഷയോടെ എത്തിയ നരിവേട്ടയ്ക്കും ടൊവിനോയുടെ പ്രകടനത്തിനും സമ്മിശ്ര പ്രതികരണം ലഭിച്ചു. വ്യസനസമേതം ബന്ധുമിത്രാദികള്‍ ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തി. ഇടവേളക്ക് ശേഷം സുരേഷ് ഗോപി തിരിച്ചെത്തിയ ജെഎസ്കെയ്ക്കും സമ്മിശ്ര പ്രതികരണമായിരുന്നു. ചിത്രം ചെറുതല്ലാത്ത വിമര്‍ശനങ്ങളും ഏറ്റുവാങ്ങി.
ഓണം റിലീസിന് തിയേറ്ററില്‍ ഏറ്റുമുട്ടാനെത്തിയത് നാല് ചിത്രങ്ങള്‍. ഹൃദയപൂര്‍വ്വം, ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര, ഓടും കുതിര ചാടും കുതിര, മേനെ പ്യാര്‍ കിയ. ചിത്രങ്ങള്‍ തമ്മില്‍ വന്‍ ക്ലാഷാവുമെന്ന പ്രതീക്ഷ ജനിപ്പിച്ചെങ്കിലും പിന്നെ കണ്ടത് ലോകയുടെ പടയോട്ടമായിരുന്നു. കേരളത്തിന് പുറത്തേക്കും ലോക തരംഗം വ്യാപിച്ചു. പല നാടുകള്‍ തേടി ഉയരങ്ങളിലേക്കായിരുന്നു നീലിയുടെ യാത്ര. വിമര്‍ശനങ്ങളെ നിശബ്ദമാക്കിയ കല്യാണിയുടെ പ്രകടനം, ഐത്യഹ്യമാലയായി കേട്ടതും സീരിയലുകളില്‍ കണ്ടതുമായി യക്ഷി സൂപ്പര്‍ ഹീറോയായി, രാജ്യത്തെ തന്നെ ആദ്യ ലേഡി സൂപ്പര്‍ ഹീറോയെ അവതരിപ്പിച്ചു ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തില്‍ ആദ്യമായി 300 കോടി കളക്ഷന്‍ എന്ന നേട്ടവും ലോക സ്വന്തമാക്കി.
വിനീത് ശ്രീനിവാസന്‍ ട്രാക്ക് മാറ്റാന്‍ നോക്കിയ കരം പരാജയമായി. ഇടവേളക്ക് ശേഷം റിമ കല്ലിങ്കല്‍ അഭിനയിച്ച തിയേറ്ററും ഫെമിനിച്ചി ഫാത്തിമയും മികച്ച അഭിപ്രായം നേടി. പ്രണവിലെ ആക്ടറിന്‍റെ അപ്ഡേറ്റഡ് വേര്‍ഷന്‍ കണ്ടു ഡീയസ് ഈറയില്‍. വിലായത്ത് ബുദ്ധ പ്രതീക്ഷിച്ച ഓളമുണ്ടാക്കിയില്ല. എക്കോ മികച്ച അഭിപ്രായങ്ങളുമായി തിയേറ്ററുകളില്‍ തുടരുന്നു. ഒടുവില്‍ അയാളെത്തി, കഥാപാത്രങ്ങളില്‍ തുടരുന്ന പരീക്ഷണത്തിന്‍റെ ഒടുവിലത്തെ ഉദാഹരണവുമായി കളങ്കാവല്‍, മെഗാസ്റ്റാര്‍ വില്ലന് നായകനായത് വിനായകന്‍. ഈ വര്‍ഷം ഇറങ്ങിയ വെബ് സീരിസുകളില്‍ ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍, ദി കേരള ക്രൈം ഫയല്‍സ്, സംഭവവിവരണം നാലര സംഘം എന്നിവയും ശ്രദ്ധ നേടി.
സർക്കീട്ടിലെ ആസിഫ് അലി, റോന്തിലെ ദിലീഷ് പോത്തന്‍, തലവരയിലെ അർജുൻ അശോകൻ, തുടരുമിലെ പ്രകാശ് വര്‍മ, കേരള ക്രൈം ഫയല്‍സ് സീസണ്‍ ടുവിലെ ഇന്ദ്രന്‍സ്, ഹരിശ്രീം അശോകന്‍ എന്നിവര്‍ 2025ലെ എടുത്തുപറയേണ്ട ചില പെര്‍ഫോമന്‍സുകളാണ്. പടക്കളത്തിലെ ഷാജി പഴയ സുരാജിനെ ഓര്‍മിപ്പിച്ചു. ആ ഷാജിയെ അതേ ചിത്രത്തില്‍ അവതരിപ്പിച്ച് ഷറഫുദ്ദീനും ഞെട്ടിച്ചു. തിയേറ്ററില്‍ ശ്രദ്ധിക്കാതെ പോയ നാരായണീന്‍റെ മൂന്നാണ്‍മക്കള്‍, മൂണ്‍വാക്ക്, അവിഹിതം എന്നിവ സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കിയത് വലിയ ചര്‍ച്ചയാണ്.
ഇതിനിടയ്ക്ക് സെന്‍സര്‍ബോര്‍ഡിന്‍റെ സംഭാവനകളും പറയാതിരിക്കാനാവില്ല. ഗുജറാത്ത് കലാപം കാണിച്ച എമ്പുരാൻ സിനിമ റീ എഡിറ്റ് ചെയ്തു. സിനിമയിലെ സ്ത്രീകൾക്കെതിരായ അതിക്രമത്തിന്റെ സീനുകൾ മുറിച്ചുനീക്കി. 38 ഇടങ്ങളിൽ മാറ്റമുണ്ടായി. വില്ലൻ കഥാപാത്രത്തിന്റെ പേരു മാറ്റി. ‘ബാബ ബജ്റംഗി’ എന്നും ബൽരാജ് എന്നും രണ്ട് പേരുള്ള വില്ലന്‍റെ പേര് പരാമർശിക്കുന്ന ഇടങ്ങളിൽ ‘ബൽദേവ്’ എന്ന് മാറ്റി. ബിജെപി മന്ത്രിയായ സുരേഷ് ഗോപിയുടെ ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയ്ക്കും രക്ഷയുണ്ടായില്ല. സീത ദേവിയുടെ മറ്റൊരു പേരായ ജാനകി സിനിമയില്‍ ഉപയോഗിച്ചതാണ് സെന്‍സര്‍ ബോര്‍ഡിന് പ്രശ്നമായത്. ഒടുവില്‍ ചിത്രത്തിന് അനുമതി നല്‍കിയത് ജാനകി വി എന്നതുള്‍പ്പെടെ റീ എഡിറ്റിൽ 8 മാറ്റങ്ങൾ വരുത്തിയതിനുശേഷം.
റിട്ടേണ്‍ ഓഫ് ദി കിങ്സ്
2025 കണ്ട ഏറ്റവും വലിയ തിരിച്ചുവരവ്. അവസാനിച്ചു എന്ന് വിധിയെഴുതിയവരെ മോഹന്‍ലാല്‍ ആരാണെന്ന് ഓര്‍മപ്പെടുത്തിയ വര്‍ഷം, അത് പറയാതെ എങ്ങനെ 2025നെ അടയാളപ്പെടുത്തും. കോവിഡിനുശേഷം മലയാളത്തില്‍ ഏറ്റവുമധികം പഴി കേട്ട നടന്‍... അഭിനയം മറന്നു, പഴയ കാലം മറന്നേക്കൂ, വിമര്‍ശനങ്ങള്‍ കടുത്തു. തന്‍റെ കോട്ട തിരിച്ചുപിടിക്കാന്‍ തന്നെയാണ് എംപുരാനുമായി മോഹന്‍ലാല്‍ എത്തിയത്. ബോക്സ് ഓഫീസില്‍ 250 കോടിക്ക് മേല്‍ നേടിയെങ്കിലും ലൂസിഫറിനോളം എത്തിയില്ല എമ്പുരാന്‍ എന്നായി വിമര്‍ശനം. എന്നാല്‍ യഥാര്‍ഥ തിരിച്ചുവരവ് കാണാന്‍ കിടക്കുന്നതേയുണ്ടായിരുന്നുള്ളൂ.
മോഹന്‍ലാലിലെ താരത്തെയും അഭിനേതാവിനയും മാത്രമല്ല, അദ്ദേഹത്തിന്‍റെ ഫാന്‍ ബേസിന്‍റെ ശക്തിയും തനിക്കറിയാമെന്ന് തരുണ്‍ മൂര്‍ത്തി തെളിയിച്ചു. സത്യന്‍ അന്തിക്കാടിന്‍റെ ഹൃദയപൂര്‍വ്വവും വലിയ വിജയമായി. മോഹന്‍ലാലിന്‍റെ റീ റിലീസ് ചിത്രങ്ങളും പ്രേക്ഷകര്‍ ആഘോഷമാക്കി. തലയും പിള്ളേരും വീണ്ടുമെത്തി, തിരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളിൽ മാത്രം പ്രദർശിപ്പിച്ചിട്ടും റീ റിലീസ് ചെയ്ത ഛോട്ടാ മുംബൈ ആദ്യ ദിനം നേടിയത് 40 ലക്ഷം രൂപയുടെ ഓപ്പണിങ് കലക്ഷന്‍. അര്‍ധരാത്രി പോലും പല പ്രധാന സെന്‍ററുകളിലും ചിത്രം ഹൗസ്‍ഫുള്‍ ഷോകളും കളിച്ചു. രാവണ പ്രഭുവിനെ ജെന്‍ സി തലമുറ ആഘോഷമാക്കുന്നത് അത്ഭുതത്തോടെ നാം കണ്ടു. ഇതിനെല്ലാമൊപ്പം മോളിവുഡിന് അഭിമാന നിമിഷം, ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം മോഹന്‍ലാലിന്, എഴുതിതള്ളിയവര്‍ ഓര്‍ക്കണമായിരുന്നു, അയാളില്ലാതെ എന്ത് മലയാളം സിനിമ.
അതിഗംഭീരമെന്ന് പറയാവുന്ന മറ്റൊരു തിരിച്ചുവരവിനും 2025 സാക്ഷിയായി. 'എനിക്ക് ഏറ്റവും ഇഷ്ടമുള്ളതിലേക്ക് തിരികെയെത്തുന്നു', ഈ വാക്കുകള്‍ നമ്മുക്ക് തന്ന ആശ്വാസവും ആനന്ദവും ചെറുതല്ല. അത്രമേല്‍ ആ തിരിച്ചുവരവ് നാം ആഗ്രഹിച്ചിരുന്നു, അത്രമേല്‍ ആ അഭാവം നാം അറിഞ്ഞു, . ഒടുവില്‍ സെപ്റ്റംബര്‍ ഏഴിന് പിറന്നാള്‍ ദിനത്തില്‍ കാത്തിരുന്ന വാര്‍ത്തയെത്തി, മമ്മൂട്ടി തിരിച്ചുവരുന്നു. എന്നാല്‍ ആ തിരിച്ചുവരവ് അങ്ങനെ ചെറുതാക്കാമോ, ഒരു പഞ്ച് വേണ്ടേ, ഒടുവില്‍ ആ പ്രഖ്യാപവും വന്നു. 2024 സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടന്‍ മമ്മൂട്ടി. തിരിച്ചുവരവില്‍ കളങ്കാവലില്‍ കിട്ടിയതാവട്ടെ ഒരു കലക്കന്‍ വില്ലനേയും. 2025 തീരാന്‍ ഇനിയും ദിവസങ്ങളുണ്ട്, റേച്ചല്‍ ഉള്‍പ്പെടെയുള്ള സിനിമകളും റിലീസിനുണ്ട്. 2026ഉം മോളിവുഡിന് മികച്ച വര്‍ഷമാവട്ടെ.