സിനിമ അഭിനേതാക്കളുടെ സംഘടന അമ്മയുടെ പ്രസിഡന്റ് ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചെന്ന പരാതിയിലടുത്ത കേസാണ് റദ്ദാക്കിയത്. അമ്മ തിരഞ്ഞെടുപ്പ് സമയത്ത് ശ്വേത മേനോന്റെ സല്‍പ്പേര് കളങ്കപ്പെടുത്താനായിരുന്നു പരാതിയെന്ന വിമർശനത്തോടെയാണ് ഉത്തരവ്.
ശ്വേത മേനോനെതിരെ എറണാകുളം സെൻട്രൽ പൊലീസ് എടുത്ത കേസ് നിലനില്‍ക്കില്ലെന്ന നിരീക്ഷണത്തോടെയാണ് ജസ്റ്റിസ് സി.എസ് ഡയസിന്റെ ഉത്തരവ്.
എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നത്. പരാതി മുഖവിലയ്‌ക്കെടുത്താലും സ്വകാര്യ അന്യായം അനുസരിച്ച് ശ്വേത മേനോനെതിരെ ചുമത്തിയ ഐടി നിയമത്തിലെയും, ഇമ്മോറല്‍ ട്രാഫിക് നിയമത്തിലെയും കുറ്റങ്ങള്‍ നിലനില്‍ക്കില്ല. ശ്വേത മേനോന്റെ സല്‍പ്പേര് കളങ്കപ്പെടുത്താനും വ്യക്തി വിദ്വേഷം മുന്‍നിര്‍ത്തിയുമാണ് പരാതി. നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി ചോദിച്ചു.
പാലേരി മാണിക്യം, രതിനിര്‍വ്വേദം, കളിമണ്ണ് എന്നീ ചിത്രങ്ങളിലും, ഗര്‍ഭനിരോധന ഉറയുടെ പരസ്യ ചിത്രത്തിലും ശ്വേത മേനോന്‍ അഭിനയിച്ചുവെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. എന്നാൽ പാലേരി മാണിക്യത്തിലെ അഭിനയത്തിനാണ് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. എല്ലാ ചലച്ചിത്രങ്ങള്‍ക്കും സെന്‍സര്‍ ബോര്‍ഡ് യഥാസമയം അംഗീകാരം നല്‍കിയിട്ടുണ്ട്. അമ്മ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായ തന്നെ അധിക്ഷേപിക്കാനാണ് പരാതി നല്‍കിയതെന്ന ശ്വേത മേനോന്റെ വാദവും അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി.