തെന്നിത്യന്‍ സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന താരവിവാഹമാണ് രശ്മിക മന്ദാന– വിജയ് ദേവരകൊണ്ട വിവാഹം. ഇപ്പോളിതാ വിവാഹ തീയതിയും വിവാഹ വേദിയും തീരുമാനിച്ചതായാണ് റിപ്പോർട്ടുകള്‍. കഴിഞ്ഞകുറേ മാസങ്ങളായി ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ശക്തമായ അഭ്യൂഹങ്ങള്‍‌ ഉണ്ടായിരുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം 2025 ഒക്ടോബറിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ കഴിഞ്ഞതോടെയാണ് അഭ്യൂഹങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടത്. പിന്നാലെ ഇരുവരും 2026ൽ വിവാഹിതരാകാൻ തീരുമാനിച്ചതായും റിപ്പോർട്ടുകളെത്തി.

2026 ഫെബ്രുവരിയിൽ രശ്മിക മന്ദാന– വിജയ് ദേവരകൊണ്ട വിവാഹം ഉണ്ടാകുമെന്നാണ് സൂചന. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഫെബ്രുവരി 26 ന് ഇരുവരും വിവാഹിതരാകും. ഉദയ്പൂരിലെ ഒരു കൊട്ടാരമായിരിക്കും വേദിയെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. വിവാഹനിശ്ചയം പോലെ തന്നെ വിവാഹവും വളരെ ലളിതവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന ചടങ്ങുമായിരിക്കും. വിവാഹ ശേഷം സിനിമ രംഗത്തെ സുഹൃത്തുക്കള്‍ക്കായി വിവാഹ സല്‍ക്കാരമോ മറ്റ് പരിപാടികളോ സംഘടിപ്പിക്കുന്നുണ്ടോ എന്നതില്‍ വ്യക്തയില്ല.

2018 ൽ പുറത്തിറങ്ങിയ ‘ഗീത ഗോവിന്ദം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷമാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങൾ പരന്നത്. ഈ വർഷം ഒക്ടോബർ 3 നായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. ദസറയ്ക്ക് പിന്നാലെ ഹൈദരാബാദിൽ വെച്ചായിരുന്നു ചടങ്ങ്. പൂർണ്ണമായും സ്വകാര്യമായ ചടങ്ങായിട്ടായിരുന്നു നിശ്ചയം നടന്നത്. എന്നാല്‍ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതല്ലാതെ രശ്മികയോ വിജയ്‌യോ ഫോട്ടോകൾ വിവാഹത്തെ കുറിച്ച് സംസാരിക്കുകയോ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയോ ചെയ്തിട്ടില്ല. ഇരുവരുടേയും കുടുംബങ്ങളും വിവാഹം സ്ഥിരീകരിച്ചുകൊണ്ട് ഔദ്യോഗിക പ്രസ്താവനകള്‍ നടത്തിയിട്ടില്ല.

വിവാഹത്തെ കുറിച്ച് അഭ്യൂഹങ്ങള്‍ ഉണ്ടായതിന് പിന്നാലെ, വിവാഹം സ്ഥിരീകരിക്കാനോ നിഷേധിക്കാനോ താൻ ആഗ്രഹിക്കുന്നില്ലെന്നും സംസാരിക്കേണ്ട സമയമാകുമ്പോള്‍ സംസാരിക്കാം എന്നുമായിരുന്നു ഹോളിവുഡ് റിപ്പോർട്ടറിന് നല്‍കിയ അഭിമുഖത്തില്‍ രശ്മിക പ്രതികരിച്ചത്. പിന്നാലെ നവംബറിൽ ഹൈദരാബാദിൽ നടന്ന രശ്മികയുടെ 'ദി ഗേൾഫ്രണ്ട്' എന്ന സിനിമയുടെ വിജയാഘോഷത്തില്‍ വിജയ് ദേവരക്കൊണ്ടയെ കുറിച്ച് രശ്മിക ഹൃദയം തുറന്ന് സംസാരിച്ചിരുന്നു. ‘വിജു, തുടക്കം മുതൽ നീ ഈ സിനിമയുടെ ഭാഗമാണ്... ഇതിന്‍റെ വിജയത്തിലും നീ ഒരു ഭാഗമാണ്... വ്യക്തിപരമായും ഈ യാത്രയുടെ ഭാഗമാണ് നീ. എല്ലാവരുടെയും ജീവിതത്തിൽ ഒരു വിജയ് ദേവരകൊണ്ട ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കാരണം അതൊരു അനുഗ്രഹമാണ്’ എന്നായിരുന്നു വിജയ്‌യെ കുറിച്ച് രശ്മിക സംസാരിച്ചത്. 

ENGLISH SUMMARY:

South Indian stars Rashmika Mandanna and Vijay Deverakonda are reportedly set to marry on February 26, 2026, in Udaipur. Following their private engagement in October 2025, the couple opted for a destination wedding.